തച്ചങ്കരി കണക്കെടുത്തു, ബെഹ്‌റ അവഗണിച്ചു
തിരുവനന്തപുരം: ടോമിന്‍ ജെ. തച്ചങ്കരി പൊലിസ് ആസ്ഥാനത്ത് എ.ഡി.ജി.പിയായിരിക്കേ പൊലിസ് സേനയില്‍ ചുമതലപ്പെടുത്തിയ ഡ്യൂട്ടികള്‍ക്കു പകരം അദര്‍ ഡ്യൂട്ടി ചെയ്യുന്നവരുടെയും രാഷ്ട്രീയക്കാരുടെയും മറ്റു വി.ഐ.പികളുടേയും സുരക്ഷാ ജീവനക്കാരായി പ്രവര്‍ത്തിക്കുന്നവരുടെ കണക്കെടുത്തിരുന്നു.
ഇത്തരത്തില്‍ 3,200 പേരുണ്ടെന്നായിരുന്നു കണ്ടെത്തല്‍. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും നടപടിയുണ്ടായില്ല. കണക്കെടുപ്പിനോട് വകുപ്പില്‍നിന്ന് സഹകരണവും ലഭിച്ചില്ല. നിയമ പ്രകാരമല്ലാതെ ക്യാംപില്‍നിന്നുമാറി ആറു വര്‍ഷമായി പൊലിസ് ആസ്ഥാനത്തു ജോലി ചെയ്യുന്നയാളെയും പരിശോധനയില്‍ കണ്ടെത്തി. ജോലി പൊലിസ് ആസ്ഥാനത്ത്, ശമ്പളം വാങ്ങുന്നത് ക്യാംപില്‍ നിന്ന്.
പൊലിസ് ആസ്ഥാനത്തെ ലിസ്റ്റില്‍ പേരു കാണാത്തതിനെത്തുടര്‍ന്നു പരിശോധിച്ചപ്പോള്‍ ക്യാംപിലെ റജിസ്റ്ററില്‍ പേരുണ്ട്. ഈ ഉദ്യോഗസ്ഥനുവേണ്ടി ദിവസവും ഒപ്പിടുന്നത് ഒരു വനിതാ ജീവനക്കാരി. പൊലിസ് ബാന്‍ഡില്‍ ജോലി ചെയ്യുമ്പോള്‍ ഒരു എ.ഡി.ജി.പിയുടെ നിര്‍ദേശ പ്രകാരം പൊലിസ് ആസ്ഥാനത്തെത്തിയതാണ്.
പിന്നീടു തിരികെപ്പോയില്ല. ആരും അന്വേഷിച്ചുമില്ല. ജോലി ചെയ്യാതെ വര്‍ഷങ്ങളായി ശമ്പളം വാങ്ങിക്കുന്ന ഒരു ഡി.വൈ.എസ്.പിയെയും പരിശോധനയില്‍ കണ്ടെത്തി. പണ്ടെങ്ങോ അസുഖം വന്നതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയായിരുന്നു സുഖവാസം. ഇതെല്ലാം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയെങ്കിലും നടപടിയുണ്ടായില്ല.
വി.ഐ.പികളുടെ കൂടെയുള്ള ജോലി ഒരു വിഭാഗം പൊലിസുകാര്‍ ചോദിച്ചു വാങ്ങുന്നതാണെന്നു പൊലിസുകാര്‍ തന്നെ പറയുന്നു. മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍, പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, മത നേതാക്കള്‍ എന്നിവര്‍ക്കൊപ്പം ഡ്യൂട്ടി ചോദിച്ചു വാങ്ങുന്നവരുണ്ട്. വി.ഐ.പി ഡ്യൂട്ടി കിട്ടിയാല്‍ പിന്നെ കുറേ വര്‍ഷത്തേക്കു തിരിച്ചു വരവുണ്ടാകില്ല.
വി.ഐ.പി ഡ്യൂട്ടിയിലാണെങ്കില്‍ യൂനിഫോം ധരിക്കേണ്ടെന്ന ആനുകൂല്യമുണ്ട്. ക്രമസമാധാന ഡ്യൂട്ടി, ക്യാംപിലെ പരിശീലനം, സംഘര്‍ഷ മേഖലകളിലെ ഡ്യൂട്ടി എന്നിവയില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."