സംസ്ഥന ബജറ്റ്: പ്രവാസികള്‍ക്ക് നിരാശ തന്നെ
ദമ്മാം: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ഇടതു സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച പ്രവാസി സമൂഹത്തിന് കടുത്ത നിരാശ. ഗള്‍ഫിലെ പ്രതികൂല സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പുനരധിവാസം ഉള്‍പ്പെടെയുള്ള മേഖലകള്‍ക്ക് കൂടുതല്‍ തുക വകയിരുത്തുന്നതു സംബന്ധിച്ച യാതൊരു നീക്കിയിരിപ്പും പുതിയ ബജറ്റില്‍ ഇടം നേടിയില്ല.
ഗള്‍ഫ് രാജ്യങ്ങളിലെ സാമ്പത്തിക മാന്ദ്യം പ്രവാസികള്‍ക്കിടയില്‍ പുതിയ ആശങ്ക ഉയര്‍ത്തുന്നുണ്ടെന്നു വ്യക്തമായി പറയുന്ന ബജറ്റില്‍ ഇവര്‍ക്കായി പ്രത്യേക പാക്കേജുകളൊന്നും അവതരിപ്പിച്ചില്ല. ഇത്തവണത്തെ ബജറ്റില്‍ വ്യവസായ പാര്‍ക്കുകളുടെയും മറ്റു നിക്ഷേപ സൗകര്യങ്ങളുടെയും ഒരു പുതു അധ്യായം തുറക്കുന്നുണ്ടെന്നും വരും വര്‍ഷങ്ങളില്‍ വിപുലപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു എന്നും പറയുന്ന ബജറ്റില്‍ ഈ വകുപ്പിലൂടെ പ്രവാസികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിന് നടപടിയെടുക്കുമെന്ന പ്രഖ്യാപനം മാത്രമാണുള്ളത്.
പ്രവാസി വകുപ്പായ നോര്‍ക്കക്ക് പ്രത്യേക പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ല. നേരത്തെയുണ്ടായിരുന്ന 28 കോടി തന്നെയാണ് ഇത്തവണയും നീക്കിയിരിപ്പ്. ഗള്‍ഫില്‍ നിന്നും തിരികെയെത്തുന്നവര്‍ക്ക് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച വിഹിതം 12 കോടിയില്‍ നിന്നും 24 കോടിയാക്കി ഉയര്‍ത്തിയത് മാത്രമാണ് ഈ ബജറ്റില്‍ പ്രവാസികള്‍ക്കുള്ള ഏക ആശ്വാസം. കൂടാതെ ക്ഷേമ ഫണ്ട് ഒരു ലക്ഷത്തില്‍ നിന്നും 10 കോടിയായും ഉയര്‍ത്തിയിട്ടുണ്ട്. വിദേശത്ത് നിന്നും തിരിച്ചു വരുന്നവര്‍ക്ക് കഴിഞ്ഞ സര്‍ക്കാര്‍ വിഭാവനം ചെയ്ത വായ്പാ പദ്ധതിയായ ബാക്ക് എന്‍ഡ് സബ്‌സിഡി മുന്‍കൂറായി ബാങ്കുകള്‍ക്ക് അടക്കാത്തത് ഈ പദ്ധതി അവതാളത്തിലാക്കിയെന്നും ബജറ്റില്‍ പറയുന്നു.
കഴിഞ്ഞ സര്‍ക്കാര്‍ പ്രവാസികള്‍ക്കായി പ്രഖ്യാപിച്ച സാന്ത്വനം ഉള്‍പ്പെടെയുള്ള നോര്‍ക്ക പദ്ധതിയെ കുറിച്ച് ഈ ബജറ്റില്‍ പരാമര്‍ശമേയില്ല.
മുന്‍ വര്‍ഷം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രവാസികളുടെ പുനരധിവാസത്തിന് 12 കോടിയും നോര്‍ക്ക പ്രവര്‍ത്തനങ്ങള്‍ക്ക് 28 കോടിയുമായിരുന്നു നീക്കിവെച്ചത്. ഇതില്‍ 5 കോടി സാന്ത്വനം പദ്ധതിക്കായിരുന്നു. പ്രവാസികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയര്‍ കേരള പദ്ധതിയെക്കുറിച്ച് ഒരു പരാമര്‍ശവും ഇന്നത്തെ ബജറ്റിലില്ല. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ വ്യോമയാന നയം മൂലം പ്രതീക്ഷയര്‍പ്പിച്ച എയര്‍ കേരള ഇതോടെ അസ്ഥാനത്തായി.
ലക്ഷം കോടിയിലേറെ രൂപ പ്രതിവര്‍ഷം നാട്ടിലേക്ക് അയക്കുന്നവരാണ് പ്രവാസി സമൂഹം. വാര്‍ഷിക വരുമാനത്തിന്റെ മൂന്നിരട്ടിയോളം വരും ഇത്. എന്നിരിക്കെ മാന്യമായ പുനരധിവാസ പാക്കേജ് പോലും പ്രഖ്യാപിക്കാത്ത ബജറ്റ് പ്രവാസികള്‍ക്ക് കടുത്ത നിരാശയാണ് നല്‍കുന്നത്.
എണ്ണവില തകര്‍ച്ച, സ്വദേശിവത്കരണം എന്നിവ മൂലം നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതമാകുന്ന പ്രവാസികളില്‍ നിതാഖാതിനെ തുടര്‍ന്ന് ചുരുങ്ങിയത് കാല്‍ലക്ഷത്തിലേറെ പ്രവാസികളെങ്കിലും സഊദിയില്‍ നിന്നു മാത്രം നാട്ടില്‍ തിരിച്ചെത്തിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."