മലയോരത്തെ മൂന്ന് പാലങ്ങള്‍ അപകടഭീഷണിയില്‍: പൊളിഞ്ഞാലും; പൊളിക്കില്ല
ആലക്കോട്: കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായ ആലക്കോട്, കരുവഞ്ചാല്‍, ചാണോക്കുണ്ട് പാലങ്ങള്‍ പുനര്‍നിര്‍മിക്കണമെന്ന മലയോര ജനതയുടെ ആവശ്യത്തോട് അവഗണന തുടരുന്നു.
കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതിനുമുന്‍പു തന്നെ ചാണോക്കുണ്ട്, കരുവഞ്ചാല്‍, ആലക്കോട് പാലങ്ങള്‍ പുനര്‍നിര്‍മിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
എന്നാല്‍ വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയിട്ട് മാസങ്ങളായിട്ടും ഈക്കാര്യത്തില്‍ നടപടിയൊന്നുമുണ്ടായില്ല. ഇപ്പോള്‍ പൊളിഞ്ഞുവീഴാറായ ഇത്തരം പാലങ്ങളിലൂടെ മൂന്നിരട്ടി വാഹനങ്ങളാണ് കടന്നുപോകുന്നത്. ഇടുങ്ങിയ പാലത്തിലൂടെയുള്ള വാഹനങ്ങളുടെ പരക്കം പാച്ചില്‍ സ്ഥിരമായി ഗതാഗതകുരുക്ക് സൃഷ്ടിക്കുകയാണ്.
മലയോര ഹൈവേയുടെയും സംസ്ഥാനപാതയുടേയും ഒരേപോലെ ഭാഗമായി വരുന്നതാണ് ആലക്കോട്, കരുവഞ്ചാല്‍ പാലങ്ങള്‍.
സംസ്ഥാന പാതയുടെ ഭാഗമാണ് ചാണോക്കുണ്ട് പാലം. അരനൂറ്റാണ്ടിലേറെ പഴക്കമുളള കരുവഞ്ചാല്‍, ആലക്കോട് പാലങ്ങളും മൂന്നര പതിറ്റാണ്ടു പഴക്കമുളള ചാണോക്കുണ്ട് പാലവും നാട്ടുകാര്‍ക്കു ഇന്ന് ഭീതിയായി മാറിയിരിക്കുകയാണ്. ആലക്കോട് പാലത്തിന്റെ തൂണുകളും സ്ലാബുകളും ദ്രവിച്ചു ദുര്‍ബലാവസ്ഥയിലാണ്. കൈവരിയുടെ ഏറിയഭാഗവും തകര്‍ന്നുകഴിഞ്ഞു. ഇത്രയും തന്നെ പഴക്കമുള്ള കരുവഞ്ചാല്‍ പാലവും അതീവ അപകടാവസ്ഥയിലാണ്. തൂണുകള്‍ക്ക് ബലക്ഷയം സംഭവിച്ചു. സ്‌ളാബുകളും തകര്‍ന്ന നിലയിലാണ്. ഇതിന്റെ കൈവരികള്‍ വാഹനങ്ങള്‍ ഇടിച്ചും മരങ്ങള്‍ വീണും തകര്‍ന്ന നിലയിലാണ്.മൂന്നു പാലങ്ങളില്‍ അപകടാവസ്ഥ കൂടുതലുള്ളത് ചാണോക്കുണ്ട് പാലത്തിനാണ്. ഒടുവള്ളിത്തട്ടിന്റെ താഴ്ഭാഗത്തുള്ള ചാണോക്കുണ്ട് പാലത്തില്‍ നിരവധി അപകടങ്ങളുമുണ്ടായിട്ടുണ്ട്.
ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങളാണ് അപകടങ്ങളില്‍ പെടുന്നതിലേറെയും. റോഡിന് ആനുപാതികമായി വീതിയില്ലാത്തതിനാല്‍ മൂന്നുപാലങ്ങളിലും ഗതാഗതക്കുരുക്കും പതിവാണ്. കരുവഞ്ചാല്‍ പാലത്തിലാണ് ഗതാഗതക്കുരുക്കു രൂക്ഷം. ആലക്കോട്, കരുവഞ്ചാല്‍ പാലങ്ങള്‍ മലയോര ഹൈവേയുടെ സേവ് ഫണ്ടുപയോഗിച്ചു പുനര്‍നിര്‍മിക്കാനായിരുന്നു തീരുമാനം. ഇതിനായി ജനകീയ കമ്മിറ്റികളും രൂപീകരിച്ചിരുന്നു. എന്നാല്‍ തുടര്‍നടപടികള്‍ മന്ദഗതിയിലാണെന്നാണ് നാട്ടുകാരുടെ പരാതി. മലയോര ഹൈവേയില്‍ പെടാത്തതും സംസ്ഥാനപാതയില്‍ പെടുന്നതുമായ ചാണോക്കുണ്ട് പാലത്തിന്റെ കാര്യത്തില്‍ എസ്റ്റിമേറ്റ് പല തവണ എടുത്തല്ലാതെ കാര്യമായ പുരോഗതിയുണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."