സങ്കീര്‍ത്തനം പോലൊരു ഗണേഷ് കുമാര്‍
കാറിനു വഴിമാറാത്തതിന്റെ പേരില്‍ യുവാവിനെ മര്‍ദിച്ചെന്ന കേസില്‍ പ്രതിപക്ഷത്തിന് ആക്രമിക്കാന്‍ കെ.ബി ഗണേഷ് കുമാറിനെ വിട്ടുകൊടുക്കില്ലെന്നു തന്നെയാണ് സി.പി.എമ്മിന്റെ നിലപാട്. സഭയില്‍ അനില്‍ അക്കര ഈ വിഷയം സബ്മിഷനിലൂടെ എടുത്തിട്ടപ്പോള്‍ ഭരണപക്ഷ ഇരിപ്പിടങ്ങളില്‍ നിന്ന് വലിയൊരു പ്രതിരോധ നിര തന്നെ ഉയര്‍ന്നുവന്നു. അതിന്റെ നായകര്‍ ഇ.പി ജയരാജനും എ.എന്‍ ഷംസീറും.
പത്തനാപുരം എം.എല്‍.എ യുവാവിനെ ക്രൂരമായി ആക്രമിച്ചു എന്നു പറഞ്ഞ അനില്‍ ഗണേഷ് കുമാറിന്റെ പേരു പരാമര്‍ശിച്ചില്ല. ഈ സംഭവത്തില്‍ യുവാവിന്റെ പേരില്‍ ആക്രമണത്തിനു കേസെടുത്തിട്ടുണ്ടെന്നും പ്രതിസ്ഥാനത്തു വരേണ്ട എം.എല്‍.എയുടെ പേരില്‍ പെറ്റി കേസ് മാത്രമാണ് എടുത്തതെന്നും അനില്‍.
എന്നാല്‍, അനിലിനു മറുപടി നല്‍കിയ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗണേഷ് കുമാറിന്റെ പേര് പറഞ്ഞു. ഗണേഷ് കുമാറിന്റെ ഡ്രൈവര്‍ അഞ്ചല്‍ പൊലിസില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെതിരേ കേസെടുത്തതെന്ന് മന്ത്രിയുടെ വിശദീകരണം.
ഇതില്‍ തൃപ്തിപ്പെടാതെ അനില്‍ വീണ്ടും സംസാരിച്ചു തുടങ്ങിയപ്പോള്‍ സി.പി.എം അംഗങ്ങള്‍ ബഹളം വച്ച് എഴുന്നേറ്റു. ഇതോടെ പ്രതിപക്ഷ നിരയിലും ബഹളം തുടങ്ങി. ഇതിനിടയില്‍ ജയരാജനും ഷംസീറും അനിലിനു നേരെ വിരല്‍ ചൂണ്ടി രോഷത്തോടെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ബഹളം മുറുകിയപ്പോഴും സി.പി.ഐ അംഗങ്ങള്‍ മൗനം പാലിച്ചു. ജയരാജന്‍ അനിലിനെ ഭീഷണിപ്പെടുത്തി സംസാരിച്ചെന്ന് ബഹളമടങ്ങിയപ്പോള്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
തന്റെ പേരില്‍ ബഹളം നടക്കുമ്പോള്‍ മിണ്ടാതിരുന്ന ഗണേഷ് കുമാര്‍ അന്തരീക്ഷം ശാന്തമായപ്പോള്‍ സംസാരിക്കാന്‍ എഴുന്നേറ്റു. ഒരംഗത്തെക്കുറിച്ച് കാര്യം മനസിലാക്കാതെയാണ് മറ്റൊരംഗം പറയുന്നതെന്ന് ഗണേഷ്. ഇത് എല്‍.ഡി.എഫ് സര്‍ക്കാരിനെ കരിവാരിത്തേക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇതുപോലെ ആര്‍ക്കെതിരേയും ഉയരാം. ഇന്നു ഞാന്‍ നാളെ നീ എന്നു പറഞ്ഞത് എല്ലാവരും ഓര്‍ക്കണം. ബൈബിള്‍ പഴയ നിയമത്തിലെ സങ്കീര്‍ത്തനം 59ലെ അഞ്ചു മുതല്‍ 15 വരെ സൂക്തങ്ങള്‍ എല്ലാവരും വായിച്ചുനോക്കണമെന്നും അതുപോലെയാണ് തന്റെ കാര്യമെന്നും ഗണേഷ് കുമാര്‍.
'നീതികെട്ട ദ്രോഹികളില്‍ ആരോടും കൃപയുണ്ടാകരുതേ, ദൈവം എന്റെ ഗോപുരമാകുന്നു, എന്റെ ദൈവം തന്റെ ദയയാല്‍ എന്നെ എതിരേല്‍ക്കും, അവര്‍ പറയുന്ന ശാപവും ഭോഷ്‌കും നിമിത്തവും തങ്ങളുടെ അഹങ്കാരത്തില്‍ പിടിപെട്ടുപോകട്ടെ... ' എന്നൊക്കെയാണ് ഈ സൂക്തങ്ങള്‍. ഇതില്‍ എന്താണ് ഗണേഷ്‌കുമാര്‍ ഉദ്ദേശിച്ചതെന്ന് ഗവേഷണം നടത്തി കണ്ടുപിടിക്കേണ്ട ഗതികേടിലായി പ്രതിപക്ഷം.
സി.പി.ഐ വിട്ടുപോന്നിട്ട് കാലമേറെയായെങ്കിലും ഇന്നും ആരെങ്കിലും കമ്യൂണിസ്റ്റ് രാഷ്ട്രീയം പറയുന്നതു കേട്ടാല്‍ കെ.എന്‍.എ ഖാദറിന്റെ ശ്രദ്ധ നാടുനീങ്ങിയ സോവിയറ്റ് യൂനിയനിലേക്കു തിരിയും.
മാധ്യമങ്ങള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ആക്രമിക്കുന്നതിനെക്കുറിച്ചും കമ്യൂണിസ്റ്റുകാര്‍ അതിനെ ജനാധിപത്യപരമായി നേരിടുന്നതിനെക്കുറിച്ചുമൊക്കെ സര്‍വകലാശാലാ നിയമ ഭേദഗതി ബില്‍ ചര്‍ച്ചയില്‍ എം. സ്വരാജ് പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍, പഴയ 'പിതൃശൂന്യ മാധ്യമപ്രവര്‍ത്തനം' എന്ന പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന് എം. വിന്‍സെന്റിന്റെ ചോദ്യം. പണ്ട് സോവിയറ്റ് യൂനിയനില്‍ സ്റ്റാലിന്റെ കാലത്ത് പാസ്റ്റര്‍നാക്ക്, സോള്‍ഷെനിത്‌സെന്‍ തുടങ്ങിയ എഴുത്തുകാരെ തടവറയിലേക്കയച്ചത് അറിയില്ലേ എന്ന് തൊട്ടുപിറകെ ഖാദറിന്റെ ചോദ്യം.
ഈ എഴുത്തുകാര്‍ സ്വീഡിഷ് അക്കാദമിക്ക് എങ്ങനെ പ്രിയങ്കരരായി എന്നു പരിശോധിച്ചാല്‍ തന്നെ അവര്‍ സോവിയറ്റ് വിരുദ്ധരായിരുന്നു എന്ന് വ്യക്തമാകുമെന്ന് സ്വരാജ്. സ്റ്റാലിന്റെ കാലത്ത് ഭിന്നാഭിപ്രായം പ്രകടിപ്പിച്ചവരെ ക്രൂരമായി വധിച്ച സംഭവങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ക്രൂഷ്‌ചേവ് അവതരിപ്പിച്ച റിപ്പോര്‍ട്ട് ചരിത്രരേഖയാണെന്ന് ഖാദര്‍.
പ്രതിവിപ്ലവകാരികളെ നേരിടേണ്ടത് രാഷ്ട്ര നിലനില്‍പ്പിന് ആവശ്യമാണെന്നും സ്വതന്ത്ര ഇന്ത്യയിലും അതൊക്കെ സംഭവിച്ചിട്ടുണ്ടെന്നും സ്വരാജിന്റെ വാദം. ലക്ഷക്കണക്കിനു പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും കൊന്നൊടുക്കിയതിനെ സാമ്രാജ്യത്വ വിരോധത്തിന്റെ പേരില്‍ ന്യായീകരിക്കാനാവുമോ എന്ന് വി.ഡി സതീശന്റെ ചോദ്യം. രാഷ്ട്രത്തിനു ഭീഷണിയാണെന്നു പറഞ്ഞു തന്നെയല്ലേ സംഘ്പരിവാറുകാര്‍ കല്‍ബുര്‍ഗിയെയും ഗൗരി ലങ്കേഷിനെയുമൊക്കെ കൊന്നതെന്നും അതിനെ ന്യായീകരിക്കാനാവുമോ എന്ന് ഖാദറിന്റെ ചോദ്യവും.
സോവിയറ്റ് യൂനിയനെക്കുറിച്ച് അമേരിക്ക സൃഷ്ടിച്ച ഒരുപാട് നിറംപിടിപ്പിച്ച കഥകളുണ്ടെന്നും അതൊന്നും തനിക്ക് അതേപടി വിശ്വസിക്കാനാവില്ലെന്നും മറ്റും പറഞ്ഞ് സ്വരാജ് തന്റെ നിലപാടിനു കൂടുതല്‍ ന്യായീകരണങ്ങള്‍ തേടി ബുഖാറിന്റെ വിചാരണയെക്കുറിച്ച് അമേരിക്കന്‍ അംബാസഡര്‍ പറഞ്ഞതിലേക്കും മറ്റും പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."