ജനാധിപത്യ വ്യവസ്ഥയിലെ കുട്ടിരാജാക്കന്മാര്‍
ഇഹലോകത്തൊരു സുഖജീവിതമാണീ കാബിനറ്റ് പദവി. സെക്യൂരിറ്റിയും വീടും(പാലസ്) കൈ നിറയെ പണവും പിന്നെ സല്യൂട്ടും എന്നുവേണ്ട സകല സുഖസൗകര്യങ്ങളും ഭാവിയില്‍ വലിയ സാമ്പത്തിക സുരക്ഷയും കുടുംബ സംരക്ഷണവും എന്നും പൊതുഖജനാവില്‍ നിന്ന് ഉറപ്പാക്കുന്നതാണ് ഈ പദ്ധതി. ജനാധിപത്യ വ്യവസ്ഥിതിയിലെ കുട്ടി രാജാക്കന്‍മാര്‍. പണ്ട് ഇന്ത്യയില്‍ അറുനൂറോളം നാട്ടുരാജാക്കന്‍മാര്‍ ഉണ്ടായിരുന്നു. 565 നാട്ടുരാജാക്കന്‍മാര്‍ക്ക് ശരാശരി 5-8 ഭാര്യമാര്‍, 12-16 സന്താനങ്ങള്‍, 9 ആനകള്‍, 2-8 സ്വകാര്യ റെയില്‍വേ കാറുകള്‍, 3-4 റോള്‍സ് റോയ്‌സ് ഉള്ളവരായിരുന്നു നാട്ടുരാജാക്കന്‍മാര്‍. (സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍- പുറം: 151). ഈ ആര്‍ഭാട പ്രളയത്തിലെ പാവം ഇന്ത്യക്കാരുടെ അവസ്ഥ ഒരു നേരം കഞ്ഞികുടിക്കാന്‍ വക ഉണ്ടായിരുന്നില്ല. ശരീരം മുഴുവന്‍ മറക്കാന്‍ ഉതകുന്ന വസ്ത്രങ്ങളില്ലായിരുന്നു. വെളിസ്ഥലത്താണ് വിസര്‍ജനം. ഉറക്കം പൊതുസ്ഥലത്ത്. ഈ അവസ്ഥക്ക് പറയത്തക്ക മാറ്റം ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. 40 കോടിയിലധികം ജനം പക്കാ പട്ടിണിയിലാണ്. ഇന്ത്യ ഈ കാര്യത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്താണ്. കേരളത്തിലെ ആദിവാസികളില്‍ നല്ലൊരു പങ്ക് പ്ലാസ്റ്റിക് മറച്ച കൂരകളിലാണ് പാര്‍ക്കുന്നത്. ചെറിയൊരു മാരുതന് അതെടുത്തു കൊണ്ടുപോവാനാവും. ഈ നാട്ടിലാണ് ഒരു പണിയും കാര്യമായില്ലാത്ത അച്യുതാനന്ദനെയും ബാലകൃഷ്ണപിള്ളയെയും നാട്ടുരാജാക്കന്‍മാരെ പോലെ പോറ്റാന്‍ ഖജനാവില്‍ നിന്നു കോടികള്‍ മുടക്കുന്നത്. വീട് ഫര്‍ണിഷ് ചെയ്യാന്‍ 17 ലക്ഷമാണത്രെ ഒരു രാജകുമാരന്‍ എഴുതിവാങ്ങിയത്. മറ്റൊരാളുടെ ചെലവ് 80 ലക്ഷവും.
മധ്യപ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ അഞ്ച് ഹിന്ദു സന്യാസിമാര്‍ക്ക് കാബിനറ്റ് റാങ്ക് നല്‍കി ഉത്തരവായി. അതിലൊരാള്‍ ഗോരക്ഷാ തലവനാണ്. മനുഷ്യരക്ഷാ തലവനല്ല. മനുഷ്യഹത്യാവീരനാണ്. മറ്റൊരാള്‍ ആള്‍ദൈവമാണ്. ഈ ദൈവം സ്വയം വെടിവച്ച് മരണം വരിച്ചിട്ട് ഒരാഴ്ച കഴിഞ്ഞു.
താമദേവ്ത്യാഗി, ഭയ്യുജി മഹാരാജ് (ആള്‍ദൈവം) ഇവരൊക്കെയാണ് രാജാക്കന്‍മാര്‍ക്ക് തുല്യം ഖജനാവ് കൊള്ള ചെയ്യുന്ന കാബിനറ്റുകാര്‍. ഇന്ത്യയുടെ സല്‍പേര് ഫാസിസ്റ്റുകള്‍ മാത്രമല്ല കമ്യൂണിസ്റ്റുകളും ഇല്ലാതാക്കുകയാണ്. 1957-ല്‍ സഖാവ് ഇ.എം.എസ് അധികാരത്തില്‍ വന്നപ്പോള്‍ മന്ത്രിമാരുടെയും സാമാജികരുടെയും ശമ്പളത്തില്‍ നിന്നു 200 രൂപ കുറച്ച ചരിത്രം ഉണ്ടാക്കിയിരിക്കെ പിണറായി വിജയന്‍ കുത്തനെ ഉയര്‍ത്തിയാണ് ചരിത്രം അട്ടിമറിച്ചത്. വോട്ടുപകരണങ്ങളായി നാട്ടുകാരുള്ള കാലത്തോളം പാര്‍ട്ടിക്കാര്‍ക്ക് ഭയക്കേണ്ടതില്ല. 'തേവരുടെ ആന വലിയെടാ വലി'- അത്ര തന്നെ. അല്ലാഹു കാക്കട്ടെ, ആമീന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."