പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്ന ബജറ്റ്: പിണറായി വിജയന്‍
തിരുവനന്തപുരം: എല്‍.ഡി.എഫിന്റെ പ്രകടന പത്രികയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്ന ബജറ്റാണ് തോമസ് ഐസക് അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ മേല്‍ അധികഭാരം ചുമത്താതെ വിഭവ സമാഹരണം നടത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ വ്യക്തമാക്കി. വിദ്യാഭ്യാസ,ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ ഇടപെടല്‍ ഈ ബജറ്റിലൂടെ ആവര്‍ത്തിച്ചുറപ്പിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഹ്രസ്വകാലടിസ്ഥാനത്തിലുള്ള അടിയന്തര ആശ്വാസ നടപടികള്‍ക്കും ദീര്‍ഘകാലടിസ്ഥാനത്തിലുള്ള ആസൂത്രിത വികസന നടപടികള്‍ക്കും ഒരു പോലെ പ്രാധാന്യം നല്‍കുന്ന ബജറ്റാണിത്.ജനങ്ങളുടെ മേല്‍ അധികഭാരം ചുമത്താതെ വിഭവ സമാഹരണം നടത്തുക എന്ന സവിശേഷ രീതിയാണ് ഈ ബജറ്റില്‍ അനുവര്‍ത്തിച്ചിട്ടുള്ളത്.
പ്രകടന പത്രികയില്‍ ജനങ്ങള്‍ക്കു നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള നടപടികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
സാമൂഹ്യ സുരക്ഷിതത്വത്തിനും പുരോഗതിക്കും വികസനത്തിനും ഊന്നല്‍ നല്‍കുന്ന ബജറ്റാണിത്. ആഗോള വിജ്ഞാന ഘടനയേയും നമ്മുടെ വിജ്ഞാന ഘടനയേയും ബന്ധിപ്പിച്ചു പുതിയ തലമുറയെ സജ്ജരാക്കുന്നു ഈ ബജറ്റ് എന്നതു പ്രത്യേകതയാണ്. വിദ്യാഭ്യാസആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ ഇടപെടല്‍ ആവര്‍ത്തിച്ചുറപ്പിക്കുന്നു ഈ ബജറ്റ്. കടുത്ത നഷ്ടത്തിലായ കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കുവാനുള്ള നിര്‍ദ്ദേശങ്ങളും ഈ ബജറ്റിലുണ്ട്. വാട്ടര്‍ അതോറിറ്റി പോലെയുള്ള പൊതുസേവനരംഗങ്ങളെ രക്ഷിക്കുവാനുള്ള കര്‍മ്മപരിപാടിയും ഇതിലുണ്ട്. ഇന്റേണല്‍ ഓഡിറ്റിങ്ങ് ശക്തമാക്കിക്കൊണ്ടും മറ്റും ഫലപ്രദമായി അഴിമതി തടയുന്നതിനുള്ള നിര്‍ദ്ദേശവും ഇതിലുണ്ട്. സാമ്പത്തിക വിഷമതകളുടേതായ പൊതുപശ്ചാത്തലത്തില്‍ നിന്നുകൊണ്ട് അതിന്റെ പരിമിതികളെ മറികടക്കുകയും കേരളത്തെ ഐശ്വര്യത്തിലേക്ക് നയിക്കുകയും ചെയ്യുവാനുള്ള കര്‍മ്മപരിപാടികള്‍ ബജറ്റിലുണ്ട്. 20000 കോടി രൂപയുടെ പ്രത്യേക പാക്കേജ് തന്നെ ഇതിന്റെ ദൃഷ്ടാന്തമാണ്.
മൂലധന ചെലവിലെ കാര്യമായ വര്‍ദ്ധന, അടിസ്ഥാന വികസനത്തിനുള്ള പ്രത്യേക പരിഗണന, വികസന കാര്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുവാനുള്ള പദ്ധതി, മൂലധനസമാഹരണത്തിനുള്ള കര്‍മ്മ പരിപാടികള്‍, പൊതുമേഖലാ നവീകരണം, കാര്‍ഷിക മേഖലാ നിക്ഷേപത്തിനുള്ള തുക ഇരട്ടിപ്പിക്കല്‍, വിവരസാങ്കേതികവിദ്യ, വിനോദസഞ്ചാര മേഖലയ്ക്കുള്ള ഊന്നല്‍, പ്രവാസി പുനരധിവാസത്തിനുള്ള പരിഗണന എന്നിവ ഈ ബജറ്റിന്റെ പ്രത്യേകതകളാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കല്‍, പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തല്‍ എന്നിവയും ബജറ്റിന്റെ പ്രത്യേകതകളാണ്. സ്ത്രീ സൗഹാര്‍ദ്ദപരമാണ് ബജറ്റ്.
കേന്ദ്ര ഇറക്കുമതി നയം കൊണ്ടു തകര്‍ച്ചയിലായ റബ്ബര്‍നെല്‍കേര കാര്‍ഷിക മേഖലകളെ രക്ഷിക്കുവാന്‍ ഉയര്‍ന്ന തുക വകയിരുത്തിക്കൊണ്ടുള്ള ഇടപെടലുകള്‍ പരമ്പരാഗത വ്യവസ്ഥകള്‍, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവയ്ക്ക് വലിയ പ്രാധാന്യം നല്‍കിയത് തൊഴിലാളികളോടും ദുര്‍ബല വിഭാഗങ്ങളോടുമുള്ള പ്രതിബന്ധതയ്ക്കുള്ള ഉദാഹരണമാണ് മല്‍സ്യത്തൊഴിലാളി കടാശ്വാസമടക്കമുള്ള കാര്യങ്ങള്‍ക്കുള്ള തുകയുടെ വര്‍ദ്ധനയും ഇതിന്റെ ഭാഗമാണ്.
അധികാര വികേന്ദ്രീകരണം, ജനകീയാസൂത്രണം എന്നിവയെ തിരിച്ചുപിടിക്കുവാനുള്ള മൂര്‍ത്തമായ നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ഉള്‍ക്കൊള്ളുന്നു. കുടുംബശ്രീ, ശുചിത്വം, മാലിന്യ നിര്‍മാര്‍ജനം, സ്ത്രീ സമൂഹത്തിന്റെ ക്ഷേമം എന്നിവയ്ക്കും ഈ ബജറ്റില്‍ ഉയര്‍ന്ന പരിഗണനയാണ് നല്‍കിയിട്ടുള്ളത്. പരമ്പരാഗത തൊഴില്‍ സംരക്ഷിച്ചുകൊണ്ടുള്ള കയര്‍ വ്യവസായ നവീകരണനമടക്കം പരമ്പരാഗത വ്യവസായ മേഖലയിലെ ഇടപെടല്‍ യുക്തിപൂര്‍ണമാണ്. കശുവണ്ടി,ഖാദികൈത്തറി മേഖലകള്‍ക്കും പരമാവധി പരിരക്ഷണം നല്‍കുന്നു ഈ ബജറ്റ്. വാണിജ്യവല്‍ക്കരണത്തില്‍ നിന്നും സ്‌കൂളുകളെ മോചിപ്പിച്ച് അന്താരഷ്ടനിലാവരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതി സര്‍ക്കാര്‍ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചുള്ള പൊതുധാരണ പൊളിച്ചെഴുതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."