ഗസ്സ യുദ്ധത്തിന്റെ വക്കിലെന്ന് അന്റോണിയോ ഗുട്ടറസ്
ന്യൂയോര്‍ക്ക്: ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരേ മുന്നറിയിപ്പുമായി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. ഉപരോധം മൂലം ഞെരുങ്ങുന്ന ഗസ്സ ജനങ്ങള്‍ക്കെതിരേ ഇസ്‌റാഈല്‍ വെടിവയ്പ് തുടരുന്നതോടെ ഈ പ്രദേശം യുദ്ധത്തിന്റെ വക്കിലാണെന്ന് അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് 30 മുതല്‍ ഗസ്സ അതിര്‍ത്തിയില്‍ പ്രതിഷേധം നടത്തുന്നവര്‍ക്കെതിരേ വെടിവയ്പ് നടത്തുന്ന ഇസ്‌റാഈല്‍ നടപടി ഞെട്ടിപ്പിക്കുന്നതാണ്. ഇസ്‌റാഈല്‍ ആക്രമണവുമായി ബന്ധപ്പെട്ടുള്ള അസോസിയേറ്റ് പ്രസിന്റെ റിപ്പോര്‍ട്ട് യു.എന്‍ രക്ഷാ സമിതിക്ക് കൈമാറിയെന്നും ചൊവ്വാഴ്ചത്തെ യോഗത്തില്‍ ഇത് ചര്‍ച്ച ചെയ്യുമെന്നും ഗുട്ടറസ് പറഞ്ഞു. പ്രതിഷേധങ്ങള്‍ക്കിടെ കുട്ടികളെയും മാധ്യമപ്രവര്‍ത്തകരെയും ആരോഗ്യപ്രവര്‍ത്തകരെയും കൊല്ലുന്ന നടപടി അസ്വീകാര്യമാണ്.
മരണ ഭയമോ അപകടങ്ങളോ ഇല്ലാതെ ജോലി ചെയ്യാന്‍ അവരെ അനുവദിക്കണം. ഗസ്സയിലെ ജനങ്ങള്‍ക്ക് സമാധാനമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കണം. ഗസ്സയില്‍ വെടിവയ്പ് സ്വതന്ത്ര സംഘം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇസ്‌റാഈല്‍ നടത്തുന്ന കുടിയേറ്റങ്ങള്‍ ഫലസ്തീന്‍ ജനതയുടെ പ്രതീക്ഷകളാണ് തകര്‍ക്കുന്നത്. മേഖലയില്‍ 2014ല്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ തുടരാനുള്ള ശ്രമങ്ങള്‍ തുടരണം. ഫലസ്തീന്‍ അതോറിറ്റിക്ക് കീഴിലായി ഗസ്സയിലെ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുള്ള ഈജിപ്ത് ശ്രമങ്ങളെ പിന്തുണയ്ക്കുന്നു. യു.എന്‍ രക്ഷാ സമിതി 2016ല്‍ സ്വീകരിച്ച കുടിയേറ്റം അവസാനിപ്പിക്കാനുള്ള തീരുമാനം നടപ്പിലാക്കണമെന്ന് ഗുട്ടറസ് ആവശ്യപ്പെട്ടു.
ഗസ്സ അതിര്‍ത്തിയില്‍ മാര്‍ച്ച് 30ന് ആരംഭിച്ച പ്രതിഷേധങ്ങള്‍ക്കുനേരേ ഇസ്‌റാഈല്‍ നടത്തുന്ന വെടിവയ്പില്‍ ഇതുവരെ 133 പേര്‍ കൊല്ലപ്പെട്ടു. 13,000 പേര്‍ക്ക് പരിക്കേറ്റു.
ഇസ്‌റാഈല്‍ പിടിച്ചെടുത്ത തങ്ങളുടെ പ്രദേശങ്ങള്‍ തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ടാണ് ഗസ്സയില്‍ പ്രതിഷേധം. ഇസ്‌റാഈല്‍ രൂപീകരണത്തോടെ 7,00,00,0 ഫലസ്തീനികളാണ് അവരുടെ വീടുകളില്‍ നിന്ന് പുറത്താക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."