നൂറുമേനി കൊയ്‌തെടുത്ത് ചിറ്റൂര്‍ കോളജ് നാഷനല്‍ സര്‍വിസ് സ്‌കീം
ചിറ്റൂര്‍: ആദ്യം അവര്‍ വിത്തെറിഞ്ഞു, പിന്നെ ഞാറു നട്ടു, കളപറിച്ചു, വളമെറിഞ്ഞു. ഇപ്പോള്‍ കൊയ്‌തെടുത്തത് നൂറുമേനി. കൃഷിപാഠം ചിറ്റൂര്‍ ഗവണ്മെന്റ് കോളജ് നാഷണല്‍ സര്‍വീസ് സ്‌കീമിനെ സംബന്ധിച്ച് അവരുടെ തുടര്‍പ്രവര്‍ത്തനം മാത്രം. കതിരുകള്‍ കൊയ്ത് ചുരുട്ടാക്കി, അഞ്ചും ആറും പൂട്ടുകള്‍വീതം തലയിലേറ്റി കറ്റക്കളത്തെത്തിച്ചു കറ്റതല്ലി പൊഴിച്ചു, നെല്ല് കാറ്റത്തിട്ട് പതിരുമാറ്റി അവര്‍ പറയില്‍ നെല്ലളന്നു നൂറുമേനി.
പുനര്‍ജീവനം പരമ്പര്യകൃഷി സാമൂഹിക പുരോഗതിക്കായി എന്ന ഇവരുടെ തന്നെ പദ്ധതിയുടെ ഭാഗമായി യൂനിറ്റുകളുടെ ദത്തു ഗ്രാമമായ പട്ടഞ്ചേരി നന്ദിയോട് ചെട്ടിയാര്‍ചള്ളയിലെ കര്‍ഷകനായ കെ. സേതുമാധവനില്‍ നിന്നും പാട്ടത്തിനെടുത്ത ഒരു ഏക്കര്‍ കൃഷിഭൂമിയില്‍ അന്‍പത് സെന്റില്‍ ചെയ്ത നെല്‍ കൃഷിയുടെ വിളവെടുപ്പാണ് നടന്നത്. പ്രളയകാലത്തിന് ശേഷം ഏറ്റെടുത്ത കൃഷി ഭൂമിയില്‍ കാലാവസ്ഥയും ജലലഭ്യതയും അനുകൂലമായത് നല്ല വിളവ് കിട്ടാന്‍ കാരണമായി.
പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു. പട്ടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. എസ് ശിവദാസ്, പടശേഖരസമിതി അംഗങ്ങളായ എം വിശ്വനാഥന്‍, അനില്‍ കവറത്തോട്, കൃഷി അസിസ്റ്റന്റ് ബിനു,കെ. എസ്. സതീശന്‍ ,പാസ്റ്റര്‍ സുബ്രഹ്മണ്യന്‍ എന്നിവര്‍ പങ്കെടുത്തു. കര്‍ഷകത്തൊഴിലാളി പ്രതിനിധി പുഷ്പപ്രഭാകരന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. അറുപതോളം വളണ്ടിയര്‍മാര്‍ പങ്കെടുത്ത പരിപാടിക്ക് എന്‍. എസ്. എസ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ. പ്രദീഷ് പ്രോഗ്രാംഓഫീസര്‍ ജയന്തി. സി, വിദ്യാര്‍ത്ഥികളായ എസ്. പ്രമോദ്, കെ.വൈഷ്ണ, ജ്വാല ജോഷി, ആര്‍.ശ്രീജിത്ത്, എസ്. അഭിലാഷ്, കെ.റോഷ്‌നി. ആര്‍, വി.വിജയലക്ഷ്മി, കെ. സ്‌നേഹ.എം.ശാലിനി. സായ് പ്രശാന്ത് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."