മലബാര്‍ സിമന്റ്‌സ് അഴിമതി; സര്‍ക്കാരിന് രൂക്ഷവിമര്‍ശനം
കൊച്ചി: മലബാര്‍ സിമന്റ്‌സിലെ 2.70 കോടി രൂപയുടെ അഴിമതിക്കേസില്‍ എം.ഡി കെ.പദ്മകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ഒരാഴ്ചയ്ക്കുള്ളില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു തുടര്‍നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടറെയും വ്യവസായവകുപ്പ് അഡീ. ചീഫ് സെക്രട്ടറിയെയും രൂക്ഷമായി വിമര്‍ശിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവു നടപ്പാക്കിയില്ലെങ്കില്‍ വിജിലന്‍സ് ഡയറക്ടര്‍ 18ന് നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നും വ്യക്തമാക്കി. അഴിമതിക്കേസില്‍ കമ്പനിയുടെ ലീഗല്‍ ഓഫിസര്‍ പ്രകാശ് ജോസഫിനെതിരേ മാത്രമാണ് അന്വേഷണമെന്നും പ്രമുഖ വ്യവസായി വി.എം.രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയെന്നും ആരോപിച്ച് പൊതുപ്രവര്‍ത്തകനായ ജോയ് കൈതാരം നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് ബി.കെമാല്‍പാഷയുടേതാണ് ഉത്തരവ്.
വിജിലന്‍സ് ഡയറക്ടറും അഡീ. ചീഫ് സെക്രട്ടറിയും പ്രതികള്‍ക്കു മുന്നില്‍ തലകുനിച്ചു നില്‍ക്കുകയാണെന്നും ലളിതകുമാരി കേസിലെ സുപ്രിം കോടതി നിര്‍ദേശങ്ങള്‍ വിജിലന്‍സ് ഡയറക്ടര്‍ കാറ്റില്‍പറത്തിയെന്നും ഹൈക്കോടതി വിമര്‍ശിച്ചു. ഒരാള്‍ക്കെതിരേ മാത്രം അന്വേഷണം മതിയെന്ന് പറയാന്‍ വ്യവസായവകുപ്പ് അഡീ. ചീഫ് സെക്രട്ടറി ആരാണെന്ന് സിംഗിള്‍ബെഞ്ച് ചോദിച്ചു. സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ചാണോ ഇതെന്നു വ്യക്തമല്ല.
വിജിലന്‍സ് ഡയറക്ടര്‍ അനാവശ്യമായി ഫയല്‍ പൂഴ്ത്തിവച്ചു. ഒടുവില്‍ വിഷയത്തില്‍ നിന്ന് കൈകഴുകാന്‍ അഡീ. ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി. ഈ നിലപാടുകള്‍ പരിഗണിച്ചാല്‍ കേസില്‍ ഉന്നത ഇടപെടലുണ്ടായെന്നു സംശയിക്കണം. നിരുത്തരവാദപരമായി കേസ് കൈകാര്യം ചെയ്തതിലൂടെ സദ്ഭരണമെന്ന ജനങ്ങളുടെ മൗലികാവകാശമാണ് വിജിലന്‍സ് നിഷേധിച്ചത്. രാഷ്ട്രീയസ്വാധീനമുള്ള വി.എം.രാധാകൃഷ്ണന് കേസില്‍ പങ്കുള്ളതിനാല്‍ സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സാഹചര്യങ്ങളില്‍ കോടതിക്ക് ഇടപെടേണ്ടിവരുമെന്നും ഉത്തരവില്‍ പറയുന്നു.
2012 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തില്‍ മലബാര്‍ സിമന്റസില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട പരാതികളാണ് വി.എം.രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ഉയര്‍ന്നത്. മലബാര്‍ സിമന്റ്‌സിലേക്ക് ഫ്‌ളൈ ആഷ് വാങ്ങുന്നതിനുള്ള കരാറില്‍ 2.70 കോടി രൂപയുടെ നഷ്ടമുണ്ടായി, കരാറുകാരന്‍ 50 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റി പുതുക്കി നല്‍കാത്തതിനു കേസു നല്‍കിയില്ല, കല്‍ക്കരി വാങ്ങിയതില്‍ അഴിമതിയുണ്ട് എന്നീ പരാതികളാണ് വിജിലന്‍സ് പരിഗണിച്ചത്.
മലബാര്‍ സിമന്റ്‌സിന്റെ മാനേജിങ് ഡയറക്ടര്‍ കെ പദ്മകുമാര്‍, ഡെപ്യൂട്ടി മാര്‍ക്കറ്റിങ് മാനേജര്‍ ജി.വേണുഗോപാല്‍, മുന്‍ എം.ഡി സുന്ദരമൂര്‍ത്തി, ലീഗല്‍ ഓഫിസര്‍ പ്രകാശ് ജോസഫ്, എ.ആര്‍.കെ വുഡ് ആന്‍ഡ് മെറ്റല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ എം.ഡി വി.എം.രാധാകൃഷ്ണന്‍, കമ്പനിയുടെ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. വടിവേലു എന്നിവര്‍ക്ക് അഴിമതിയില്‍ പങ്കുണ്ടെന്ന് ത്വരിത അന്വേഷണത്തില്‍ കണ്ടെത്തി. ഈ സാഹചര്യത്തിലാണ് പ്രമുഖരെ മാറ്റി നിര്‍ത്തിയുള്ള അന്വേഷണത്തിനെതിരേ ഹരജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."