വീരേന്ദ്രകുമാറിനും ശ്രേയാംസിനുമെതിരേ ദ്രുതപരിശോധന
തലശേരി: ആദിവാസി ഭൂമി അനധികൃതമായി കൈവശംവയ്ക്കുകയും മറിച്ചുവില്‍ക്കുകയും ചെയ്‌തെന്ന പരാതിയില്‍ എം.പി.വീരേന്ദ്രകുമാര്‍ എം.പിക്കും മകന്‍ ശ്രേയാംസ്‌കുമാറിനുമെതിരേ ദ്രുതപരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തലശേരി വിജിലന്‍സ് കോടതി സ്‌പെഷല്‍ ജഡ്ജ് വി.ജയറാം ഉത്തരവിട്ടു. എറണാകുളം പാലാരിവട്ടത്തെ എസ്.എന്‍.ഡി.പി യൂണിയന്‍ കണ്‍വീനര്‍ പി.രാജന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണു കോടതി ഉത്തരവ്. വയനാട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഡിവൈ.എസ്.പിക്കാണ് കോടതി അന്വേഷണ ചുമതല നല്‍കിയത.് ഓഗസ്റ്റ് എട്ടിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവ്.
മുന്‍ മുഖ്യമന്ത്രിമാരായ വി.എസ്.അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി എന്നിവരും പരാതിയിലെ എതിര്‍കക്ഷികളാണ്. ഇവര്‍ക്കെതിരേയും അന്വേഷണം നടക്കും. വയനാട് സുല്‍ത്താന്‍ബത്തേരിയിലെ കൃഷ്ണഗിരി വില്ലേജിലെ മാലില്‍തോട്ടംഭൂമി വീരേന്ദ്രകുമാറും കുടുംബവും അനധികൃതമായി കൈവശംവയ്ക്കുകയും അനധികൃതമായി വില്‍പ്പന നടത്തുകയും ചെയ്തുവെന്നാണ് പരാതി. ഇവിടെയുള്ള 137.99 ഏക്കര്‍ ഭൂമി എതിര്‍കക്ഷികള്‍ കൈവശംവയ്ക്കുകയും അതില്‍ 57.05 ഏക്കര്‍ അനധികൃതമായി വില്‍പ്പന നടത്തിയെന്നും പരാതിയില്‍ പറയുന്നു.
എല്‍.ഡി.എഫിലെയും യു.ഡി.എഫിലെയും ഘടകകക്ഷിയെന്ന നിലയില്‍ ആ കാലഘട്ടത്തിലെ മുഖ്യമന്ത്രിമാരായ വി.എസ്.അച്യുതാനന്ദനും ഉമ്മന്‍ചാണ്ടിയും രാഷട്രീയപരിഗണനയാല്‍ വീരേന്ദ്രകുമാറിനെ സഹായിച്ചെന്നും അതിനാല്‍ ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാലാണ് ഹരജിയിലെ ഒന്നും രണ്ടും എതിര്‍കക്ഷികളായി വി.എസ് അച്യുതാനന്ദനെയും ഉമ്മന്‍ചാണ്ടിയെയും ഉള്‍പ്പെടുത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."