കൊടും വേനലില്‍ കണ്ണീര്‍ചാലായി മുത്തങ്ങപ്പുഴ
മുത്തങ്ങ: കടുത്ത വേനലിലും പരന്നൊഴുകിയിരുന്ന മുത്തങ്ങ പുഴ ഇന്ന് കണ്ണീര്‍ ചാല്‍ മാത്രം. വേനല്‍ പിടിമുറുക്കിയ വയനാടിന്റെ ഭയാനക കാഴ്ചയുടെ പര്യായമാകുകയാണ് മുത്തങ്ങ പുഴ.
ഏതു വേനലിലും സമൃദ്ധമായി വെള്ളം നിറഞ്ഞ് കുതിച്ചുപാഞ്ഞിരുന്ന പുഴയാണിപ്പോള്‍ വറ്റിവരണ്ട് കണ്ണീര്‍ ചാലായി ഒഴുകുന്നത്.
പുഴയാണെന്ന് അറിയിക്കാനും സ്വയം മറന്നുപോകാതിരിക്കാനുമായി അങ്ങിങ്ങായി കുറച്ച് വെള്ളം മാത്രമാണുള്ളത്. അടുത്തകാലത്തെങ്ങും ഇത്തരത്തില്‍ പുഴ വറ്റിയിട്ടില്ലെന്ന് സമീപത്തെ കോളനിക്കാര്‍ പറയുന്നു.പുഴ വറ്റിയതോടെ സമീപത്തെ കിണറുകളിലും ജലനിരപ്പ് താഴ്ന്നിരിക്കുകയാണ്. വേനല്‍ മഴ ശക്തമായി ലഭിച്ചിലങ്കില്‍ കുടിവെള്ളം വരെ ഇല്ലാതാവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.
പുഴയില്‍ വെള്ളം ഇല്ലാതാകുന്നത് പുഴയെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന നൂല്‍പ്പുഴ കുടിവെള്ള പദ്ധതിക്കും ഭീഷണിയായിട്ടുണ്ട്. തമിഴ്‌നാട്ടിലെ കുന്നിലാടിയില്‍ നിന്നുമാണ് പുഴയുടെ ഉല്‍ഭവം.
തുടര്‍ന്ന് തമിഴ്‌നാട്ടിലെ ഉപ്പട്ടി, കല്‍പ്പറ, വെള്ളരി എന്നിവിടങ്ങളിലൂടെ ഒഴുകി നൂല്‍പ്പുഴ മുക്കുത്തികുന്ന് വച്ച് കേരളത്തില്‍ പ്രവേശിക്കും. ഇവിടെ നിന്നും കുമഴി, മുത്തങ്ങ, പൊന്‍കുഴി വഴി അതിര്‍ത്തിയിലൂടെ ഒഴുകി കര്‍ണാടകയിലേക്കാണ് പോകുന്നത്. പുഴ പിന്നിടുന്ന ദൂരമധികവും വനത്തിലൂടെയാണ്. കുമഴി, മുത്തങ്ങ, രാംപള്ളി തുടങ്ങിയ വനഗ്രാമങ്ങളില്‍ കൃഷിക്കും ഈ പുഴയെയാണ് ഇവിടത്തുകാര്‍ ആശ്രയിച്ചിരുന്നത്.
എന്നാല്‍ ഇത്തവണ വേനല്‍ കടുത്ത് പുഴ വറ്റിയതോടെ ഇവിടങ്ങളിലെ പാടങ്ങളടക്കമുള്ള കൃഷിഭൂമികള്‍ തരിശായി കിടക്കുകയാണ്. കൂടാതെ പുഴ വറ്റിയതിനാല്‍ ആനയടക്കമുള്ള വന്യമൃഗങ്ങള്‍ കുടിവെള്ളത്തിനായി ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നതും പതിവായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."