നാം: പാക് ഭീകരവാദത്തിനെതിരേ ആഞ്ഞടിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിനിടയിലും പാകിസ്താന് നടത്തുന്ന ഭീകരവാദത്തിലേക്ക് ശ്രദ്ധക്ഷണിച്ച് നാം ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. വിഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ച അദ്ദേഹം പാകിസ്താനെ പേരെടുത്ത് പറയാതെ കശ്മിരില്‍ അവര്‍ തുടരുന്ന ഭീകരതയ്ക്കെതിരേ ആഞ്ഞടിച്ചു.
ലോകം കൊവിഡിനെതിരേ പൊരുതുമ്പോള്‍ ചിലര്‍ ഭീകരത പോലുള്ള മാരക വൈറസുകളെ പരത്താനുള്ള ശ്രമത്തിലാണ്. ഭീകരവാദവും വ്യാജവാര്‍ത്തകളും പടച്ചുണ്ടാക്കിയ വിഡിയോകളും വഴി സമുദായങ്ങളെ ഭിന്നിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്- മോദി പറഞ്ഞു.
പാക് മണ്ണില്‍ ഇപ്പോഴും ഭീകരസംഘങ്ങള്‍ സജീവമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ 12ലേറെ ഏറ്റുമുട്ടലുകളിലൂടെ 22 സുരക്ഷാ സൈനികരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച ജമ്മുകശ്മിരിലെ ഹന്ദ്വാരയില് ഒരു കേണലും മേജറുമുള്‍പ്പെടെ അഞ്ച് സുരക്ഷാ സൈനികരാണ് വീരമൃത്യു വരിച്ചത്. തിങ്കളാഴ്ച നടന്ന ഭീകരാക്രമണത്തില്‍ പട്രോളിങ് നടത്തുകയായിരുന്ന മൂന്ന് സി.ആര്.പി.എഫുകാര്‍ കൊല്ലപ്പെട്ടു. ഏഴുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയും ചെയ്തതായി പ്രധാനമന്ത്രി കുറ്റപ്പെടുത്തി. വ്യാജവാര്‍ത്തകള്‍ പരത്തുന്നതിനാലാണ് ജമ്മുകശ്മിരില് അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം പുനഃസ്ഥാപിക്കാത്തതെന്നും മോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."