പ്രമുഖ കമ്പനികളുടെ കറിപ്പൊടികളില്‍ കീടനാശിനി
കണ്ണൂര്‍: പ്രമുഖ കമ്പനികളുടെ കറിപ്പൊടികളില്‍ കീടനാശിനി വിഷാംശമായ എത്തനോള്‍ അടങ്ങിയിട്ടുണ്ടെന്നു പരിശോധനയില്‍ കണ്ടെത്തി. പഴം പച്ചക്കറികളിലെ വിഷാംശം കണ്ടെത്തുന്നതിനുള്ള ജി.സി.എം. എസ് ഉപകരണത്തിലൂടെയാണു എറണാകുളം റീജ്യനല്‍ അനലറ്റിക്കല്‍ ലാബിലെ പരിശോധനയില്‍ കറി മസാലകളില്‍ എത്തനോള്‍ സാന്നിധ്യം കണ്ടെത്തിയത്.
കറുവപ്പട്ടയ്ക്കു പകരം വിറ്റഴിക്കപ്പെടുന്ന കാസിയക്കെതിരേ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ലിയോനാര്‍ഡ് ജോണിനു വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടിയിലാണു ലബോറട്ടറി റിപ്പോര്‍ട്ട് പുറത്തായത്. 2017-18 കാലയളവില്‍ ആര്‍.എ.എല്‍ പരിശോധന നടത്തിയ പ്രമുഖ കമ്പനികള്‍ ഇറക്കുമതി ചെയ്യുന്ന 94 മുളകുപൊടികളില്‍ 22 സാമ്പിളില്‍ എത്തനോള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രമുഖ കമ്പനികളുടേത് ഉള്‍പ്പെടെ ഇറക്കുമതി ചെയ്യുന്ന മുളകുപൊടികളിലാണു വിഷാംശം കണ്ടെത്തിയത്.
ഏയ്ഞ്ചല്‍ കഥകളി, ഈസ്റ്റേണ്‍, പാണ്ട,മേളം, വിജയ്, ഡബിള്‍ ഹോഴ്‌സ്,സ്വാദ്, പാലാട്ട്, മേരിബീന്‍, വിജയാസ് നവര, എം.ജെ ഫുഡ്‌സ്, സായ്‌കോ എന്നീ കമ്പനികളുടെ കറിപ്പൊടികളിലാണ് എത്തനോള്‍ അടങ്ങിയിട്ടുണ്ടെന്നു കണ്ടെത്തിയത്. എത്തനോള്‍ സാന്നിധ്യം മുട്ടുവേദന,അനിയന്ത്രിതമായ തലവേദന, ഛര്‍ദി, വയറിളക്കം, കാഴ്ചശേഷി നശിക്കല്‍, തുടങ്ങി നാഡീവ്യൂഹത്തെ തകരാറിലാക്കി ഹൃദയസ്തംഭനം ഉണ്ടാക്കുന്നതിനുവരെ കാരണമാകും. മാത്രമല്ല അള്‍ഷിമേഴ്‌സിനും അര്‍ബുദത്തിനും വഴിവയ്ക്കും. കുട്ടികളില്‍ ഇത് എല്ലിന്റെ വളര്‍ച്ച തടയുകയും ജനിതക വൈകല്യം ഉണ്ടാക്കുകയും ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."