സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പങ്ക് വെളിപ്പെടുത്തി ഭാര്യ
ചവറ (കൊല്ലം): പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്നാരോപിച്ച് ജയില്‍ വാര്‍ഡന്റെ നേതൃത്വത്തില്‍ വീടുകയറി ഐ.ടി.ഐ വിദ്യാര്‍ഥിയായ രഞ്ജിത്തിനെ മര്‍ദിച്ചു കൊന്ന കേസില്‍ സി.പി.എം നേതാവിന്റെ പങ്ക് വെളിപ്പെടുത്തി ഭാര്യ. സി.പി.എം അരിനെല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിള്ള സംഭവ ദിവസം രഞ്ജിത്തിന്റെ വീട്ടില്‍ പോയിരുന്നെന്ന് സരസന്‍ പിള്ളയുടെ ഭാര്യ വീണ പറഞ്ഞു.
മകളെ ശല്യപ്പെടുത്തിയത് കൊണ്ടാണ് രഞ്ജിത്തിന്റെ വീട്ടില്‍ പോയത്. ഒരു സ്വകാര്യ ചാനലിനോടാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. സംഭവത്തെത്തുടര്‍ന്ന് സരസന്‍ പിള്ള ഒളിവിലാണ്.
രഞ്ജിത്തിന്റെ കൊലപാതകത്തില്‍ സരസന്‍ പിള്ളക്കെതിരായ ആരോപണം നേരത്തെ സി.പി.എം തള്ളിയിരുന്നു. സരസന്‍ പിള്ളയ്ക്ക് കൊലപാതകവുമായി ബന്ധമില്ലെന്നാണ് സി.പി.എം അരിനെല്ലൂര്‍ ലോക്കല്‍ സെക്രട്ടറി മധു കഴിഞ്ഞ ദിവസം പറഞ്ഞത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവരെ കേസില്‍ പ്രതി ചേര്‍ക്കാന്‍ പൊലിസ് തയാറാകാതിരുന്നത് വിവാദമായിരുന്നു. സരസന്‍ പിള്ളയുടെ നേതൃത്വത്തിലാണ് ആറംഗ സംഘം വീട്ടിലെത്തിയതെന്നാണ് മരിച്ച രഞ്ജിത്തിന്റെ ബന്ധുക്കളും ദൃക്‌സാക്ഷികളും പറയുന്നത്. എന്നാല്‍ ജയില്‍ വാര്‍ഡന്‍ വിനീതിനെ മാത്രം പ്രതിചേര്‍ത്ത് മറ്റുള്ളവരെ രക്ഷിക്കാനാണ് പൊലിസ് ശ്രമമെന്ന് ആരോപണമുണ്ട്. ദൃക്‌സാക്ഷി മൊഴികളില്‍ പോലും സരസന്‍ പിള്ളയുടെ പേരുണ്ടായിട്ടും പ്രതിചേര്‍ക്കാനോ കസ്റ്റഡിയിലെടുക്കാനോ പൊലിസ് ഇതുവരെ തയാറായിട്ടില്ല. രഞ്ജിത്തിന്റെ വീട്ടിലെത്തിയ സംഘത്തില്‍ സരസന്‍ പിള്ള ഉണ്ടായിരുന്നുവെന്ന് പൊലിസും സമ്മതിക്കുന്നുണ്ട്. എന്നാല്‍ തലയ്ക്ക് അടിച്ച് വീഴ്ത്തിയത് ജയില്‍ വാര്‍ഡന്‍ വിനീതാണെന്ന് പറഞ്ഞാണ് വിനീതിനെതിരേ മാത്രം നടപടിയെടുത്തത്. സരസന്‍ പിള്ളക്കെതിരേ മറ്റ് തെളിവുകള്‍ കിട്ടിയില്ലെന്നും പൊലിസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."