വാക്കുപാലിക്കാനുറച്ച് സര്‍ക്കാര്‍; പാവപ്പെട്ടവര്‍ക്ക് സമ്പൂര്‍ണ സാമൂഹ്യ സുരക്ഷ
തിരുവനന്തപുരം: ഖജനാവ് കാലിയാണെന്നു പറയുമ്പോഴും സമ്പൂര്‍ണ സാമൂഹിക സുരക്ഷ ഉറപ്പുനല്‍കുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത്. 'അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ...' എന്നു തുടങ്ങുന്ന ശ്രീനാരായണഗുരുവിന്റെ പ്രാര്‍ഥന പിന്‍ബലമാക്കിയാണ് ഇടതുസര്‍ക്കാരിന്റെ ആദ്യബജറ്റിലൂടെ മന്ത്രി തോമസ് ഐസക് പാവങ്ങളെ കൈയിലെടുത്തത്.
ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ച്, എല്ലാവര്‍ക്കും വീട്, എല്ലാ വീട്ടിലും വെള്ളവും വെളിച്ചവും ശൗചാലയങ്ങളും ഒരുക്കുന്നതിനായി കോടികള്‍ മാറ്റിവയ്ക്കുന്ന പദ്ധതികളുമായാണു മന്ത്രിയെത്തിയത്. ആദ്യ മന്ത്രിസഭാ യോഗത്തില്‍ പ്രഖ്യാപിച്ചപോലെ എല്ലാ ക്ഷേമപെന്‍ഷനുകളും ജൂണ്‍ മുതല്‍ ആയിരം രൂപയായി ഉയര്‍ത്തി. മുഴുവന്‍ പെന്‍ഷന്‍ കുടിശികയും ഓണത്തിനു മുന്‍പു കൊടുത്തുതീര്‍ക്കും. ഒരു മാസത്തെ പെന്‍ഷന്‍ അഡ്വാന്‍സായി നല്‍കുമെന്നും പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ 60 കഴിഞ്ഞ മുഴുവന്‍ സാധാരണക്കാരെയും പെന്‍ഷനു കീഴില്‍ കൊണ്ടുവരും. ഇതിന്റെ ആദ്യപടിയായി തൊഴിലുറപ്പിലുള്ള 60 കഴിഞ്ഞവരും പെന്‍ഷന്‍ പദ്ധതിക്കുകീഴിലാക്കും. അഞ്ചു വര്‍ഷം ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍ക്കും പെന്‍ഷന്‍ നല്‍കും.
എല്ലാ രോഗങ്ങള്‍ക്കും പൂര്‍ണ സൗജന്യചികിത്സ ഉറപ്പുവരുത്തുന്നതിനു സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കു രൂപം നല്‍കി. കാരുണ്യ പദ്ധതി ജനങ്ങളുടെ അവകാശമാക്കി മാറ്റുകയും ചെയ്തു. തൊഴിലുറപ്പ് തൊളിലാളികളെ മുഴുവന്‍ ആര്‍.എസ്. ബി.വൈ പദ്ധതിയ്ക്കു കീഴില്‍ കൊണ്ടുവരും. ഹെല്‍ത്ത് കാര്‍ഡുള്ള എല്ലാവര്‍ക്കും മാരകമായ രോഗത്തിനു ചികിത്സാ സഹായം നല്‍കും. ആയിരം കോടിയാണ് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കായി മാറ്റിവച്ചത്.
ഇ.എം.എസ് പാര്‍പ്പിട പദ്ധതിയും എം.എന്‍ ലക്ഷംവീട് പദ്ധതിയും പുനരുജ്ജീവിപ്പിക്കും. ഒരു റേഷന്‍കാര്‍ഡിന് ഒരു വീടെന്ന നിലയിലും സര്‍ക്കാരിന്റെ മാനദണ്ഡം അനുസരിച്ചുമായിരിക്കും വീടുകള്‍ നല്‍കുക. സ്ഥലമില്ലാത്ത എല്ലാവര്‍ക്കും മൂന്നു സെന്റ് സ്ഥലം നല്‍കും. ഇപ്പോഴത്തെ ആശ്രയപദ്ധതി വിപുലീകരിക്കും. അഗതികളായ മുഴുവന്‍ പേരുടെയും പട്ടിക തദ്ദേശ സ്ഥാപനങ്ങള്‍വഴി തയാറാക്കും. കുടുംബശ്രീയുടെ പരിശോധനയ്ക്കു ശേഷം സഹായം നല്‍കും. ഇതിനായി കുടുംബശ്രീയ്ക്ക് 50 കോടി രൂപ വകയിരുത്തി.
ഭിന്നശേഷിക്കാര്‍ക്ക് നടപ്പു സാമ്പത്തിക വര്‍ഷം 68 കോടി രൂപ വകയിരുത്തി. അഞ്ചു വയസിനും പതിനേഴു വയസിനും മധ്യേ പ്രായമുള്ള ഓട്ടിസം, സെറിബ്രല്‍ പള്‍സി, ബുദ്ധിമാന്ദ്യം സംഭവിച്ച 45,000 കുട്ടികള്‍ക്കു ചികിത്സയും പരിചരണവും നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് 20 കോടി രൂപ നീക്കിവച്ചു. 10 കോടി രൂപ സന്നദ്ധ സംഘടനകള്‍ നടത്തുന്ന വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും മാനസിക വെല്ലുവിളി നേരിടുന്നവരുടെയും മറ്റു സ്ഥാപനങ്ങളെ സഹായിക്കാന്‍ നീക്കിവച്ചു. ചെറു പ്രായത്തില്‍ ശേഷിക്കുറവ് കണ്ടെത്തി ചികിത്സിക്കുന്നതിന് 37 കോടിയും കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയയ്ക്കു 10 കോടിയും ഭിന്നശേഷിക്കാരെ കണ്ടെത്തി തിരിച്ചറിയല്‍ കാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതിനു നാലു കോടിയും വകയിരുത്തി.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു 10 കോടിയും തീവ്രമായ മാനസിക, ശാരീരികരോഗം ബാധിച്ചു വീടുകളില്‍ കഴിയുന്നവര്‍ക്കു പരിചരണം നല്‍കുന്ന സഹായികള്‍ക്ക് ഒരാള്‍ക്ക് 600 രൂപ ധനസഹായം നല്‍കാന്‍ 32 കോടിയും വകയിരുത്തി. മാതാപിതാക്കളില്ലാത്ത കുട്ടികള്‍ക്ക് സഹായം നല്‍കുന്ന സ്‌നേഹപൂര്‍വം പദ്ധതിയ്ക്ക് 18 കോടി വകയിരുത്തി. വയോമിത്രം പരിപാടിക്ക് ഒന്‍പതു കോടിയും അങ്കണവാടികള്‍ക്കായി 221 കോടിയും വകയിരുത്തി. അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് പതിനായിരം രൂപയും ഹെല്‍പ്പര്‍ക്ക് 7,500 രൂപയും ഓണറേറിയം ഉടന്‍ നല്‍കും. ഇതിനായി 125 കോടി വകയിരുത്തി. ആശാ പ്രവര്‍ത്തകരുടെയും പാചകത്തൊഴിലാളികളുടെയും പി.ടി.എ, പ്രീപ്രൈമറി അധ്യാപകരുടെയും സാക്ഷരതാ പ്രേരക്മാരുടെയും ഓണറേറിയം 500 രൂപയാക്കി.
സ്ത്രീക്ഷേമത്തിന് പ്രത്യേക വകുപ്പ് ബജറ്റില്‍ പ്രഖ്യാപിച്ചു. സ്ത്രീ ക്ഷേമപദ്ധതികള്‍ക്കായി 91 കോടി രൂപ അനുവദിച്ചു. സ്‌കൂളുകളില്‍ സ്ത്രീസൗഹൃദ കക്കൂസുകള്‍ നിര്‍മിക്കും. ഭിന്നലിംഗക്കാരായ വിദ്യാര്‍ഥികള്‍ക്ക് പഠനസഹായം നല്‍കും. എല്ലാ പദ്ധതികളിലും സ്ത്രീ പരിഗണന ഉറപ്പാക്കുന്നതിനൊപ്പം 10 ശതമാനം അടങ്കല്‍ സ്ത്രീകള്‍ക്ക് പ്രത്യേകമായുള്ള പദ്ധതികള്‍ക്കായി മാറ്റിവയ്ക്കും. വകുപ്പിനു കീഴില്‍ നേരിട്ടുവരുന്ന സ്‌കീമുകള്‍ക്കു പുറമേ ജെന്‍ഡര്‍ ഓഡിറ്റിനും സ്ത്രീകളെ സംബന്ധിക്കുന്ന മറ്റു വകുപ്പുകളിലെ സ്‌കീമുകള്‍ ഏകോപിപ്പിക്കുന്നതിനുമുള്ള ചുമതല ഈ മന്ത്രാലയത്തിനുണ്ടാകും. ഇതിനായി 10 കോടി രൂപ വകയിരുത്തി.
ഹൈടെക് ക്ലാസ്മുറി പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ ഗേള്‍സ് സൗഹൃദ ടോയ്‌ലറ്റുകള്‍ നിര്‍മിക്കും. കേരളത്തില്‍ ആവശ്യത്തിന് പൊതുശുചിമുറികള്‍ ഇല്ലാത്തതു കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളെയാണ്. ഇതിനു പരിഹാരമായി റോഡുകളുടെ ഓരത്തുള്ള പെട്രോള്‍ പമ്പുകള്‍, റെസ്റ്റോറന്റുകള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ശുചിമുറികള്‍ നിര്‍മിക്കും.
അവയുടെ മേല്‍നോട്ടചുമതല അതത് സ്ഥാപനങ്ങള്‍ക്കായിരിക്കും.ഇതിനുപുറമേ ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, പ്രധാന മാര്‍ക്കറ്റുകള്‍ ഇവിടങ്ങളില്‍ ഫ്രഷ് അപ്പ് സെന്ററുകള്‍ ആരംഭിക്കും. ശുചിമുറി, മുലയൂട്ടല്‍ മുറി, വെന്‍ഡിങ് മെഷീന്‍, സ്‌നാക്ക് ബാര്‍ ഇവയെല്ലാം അടങ്ങുന്നതായിരിക്കും ഫ്രഷ് അപ്പ് സെന്ററുകള്‍. ഈ പദ്ധതിക്കായി 50 കോടി രൂപ വകയിരുത്തി.
60 കഴിഞ്ഞ ട്രാന്‍സ്ജന്‍ഡേഴ്‌സിന് പെന്‍ഷന്‍ അനുവദിക്കും. ട്രാന്‍സ്ജന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നല്‍കും. ഇവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കും. ഇതിനായി തുടക്കമെന്ന നിലയില്‍ 10 കോടി രൂപ വകയിരുത്തി. ആദിവാസി വികസനത്തിന് ജനസംഖ്യാനുപാതികമായി മാറ്റിവയ്ക്കുന്ന രണ്ടു ശതമാനത്തിനു പകരം 2.61 ശതമാനം ഫണ്ട് നീക്കിവയ്ക്കും. കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് സമഗ്ര നിയമനിര്‍മാണം നടത്തുമെന്നും ബജറ്റ് വ്യക്തമാക്കുന്നു.
കണ്ണില്ലാത്തവരെ കണ്ട്് സര്‍ക്കാര്‍
അന്ധരായ യുവതീ യുവാക്കള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ടാബ്‌ലറ്റ് നല്‍കുന്ന പദ്ധതിക്ക് 1.5 കോടി രൂപയും അന്ധക്രിക്കറ്റ് അസോസിയേഷന് 10 കോടി രൂപയും പ്രഖ്യാപിച്ചു. സ്മാര്‍ട്ട് ഫോണ്‍ ടാബ്‌ലറ്റ് ഉപയോഗിക്കുന്നതിനു പരിശീലനവും നല്‍കും.
സ്മാര്‍ട്ട്‌ഫോണ്‍ അല്ലെങ്കില്‍ ടാബുകളില്‍ സ്‌ക്രീന്‍ റീഡ് സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത്, അന്ധര്‍ക്കു സഹായികളില്ലാതെ യാത്രചെയ്യാന്‍ കഴിയുന്ന സാഹചര്യമൊരുക്കും. ഇത്തരം സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ ഡിസ്‌പ്ലേയില്‍ തെളിയുന്ന വിവരങ്ങള്‍ ശബ്ദരൂപത്തില്‍ കേള്‍ക്കാനാകും. കുറിപ്പുകളെഴുതി സൂക്ഷിക്കാനും പ്രിന്റെടുത്തു കാഴ്ചയുള്ളവരുമായി ആശയവിനിമയം നടത്താനും സാധിക്കും.
ഫോണുകള്‍ ലഭ്യമാക്കുന്നതിനും പരിശീലനം നല്‍കുന്നതിനും ഒരു പദ്ധതി കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്റിന്റെ യൂത്ത്‌ഫോറം നേതാക്കളായ അനിലും സജീവനും മന്ത്രിക്കു നിവേദനമായി സമര്‍പ്പിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ബജറ്റില്‍ അന്ധര്‍ക്കായി പദ്ധതി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."