കാണാതെ പോകരുത്, ഈ കണ്ണീര്‍ കാഴ്ചകള്‍
ബോവിക്കാനം: കണ്ണീര്‍ കാഴ്ചകളുടെ പെരുമഴയായിരുന്നു ഇന്നലെ ബോവിക്കാനത്ത് നടന്ന എന്‍ഡോസള്‍ഫാന്‍ സ്‌പെഷല്‍ മെഡിക്കല്‍ ക്യാംപില്‍. സ്വന്തമായി എണീറ്റിരിക്കാനോ നില്‍ക്കാനോ പറ്റാത്ത കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള രോഗികളെ ബന്ധുക്കള്‍ എടുത്തു കൊണ്ട് ക്യാംപിലേക്ക് ഓടിയെത്തിയപ്പോള്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിനായി ഒരുക്കിയ മെഡിക്കല്‍ ക്യാംപ് നൊമ്പര കാഴ്ചയായി. പലരും രണ്ടും മൂന്നും തവണ മെഡിക്കല്‍ ക്യാംപിനെത്തിയവരും സര്‍ക്കാര്‍ സഹായത്തിനും ദുരിതബാധിത പട്ടികയില്‍ ഉള്‍പ്പെടുത്താനുമായി പല വാതിലുകളും മുട്ടിയിട്ടും ഒന്നും ലഭിക്കാത്തവരുമാണ്.
ദേലംപാടി പഞ്ചായത്തിലെ അഡൂര്‍ സ്വദേശി രാജന്റെ മകളാണു 15കാരി സ്‌നേഹ. ജന്മനാ അസുഖം ബാധിച്ച സ്‌നേഹയ്ക്ക് പ്രാഥമികാവശ്യങ്ങളടക്കം എല്ലാ കാര്യത്തിനും അമ്മ പത്മാവതിയുടെ സഹായം വേണം. നേരത്തെ നടന്ന മൂന്നു ക്യാംപിലും എത്തിയിരുന്നു. 26ാം വയസിലും സംസാരിക്കാനോ എണീറ്റു നില്‍ക്കാനോ ആകാതെ കിടന്ന കിടപ്പിലാണ് ചെങ്കള പഞ്ചായത്തിലെ കല്ലക്കട്ടയില്‍ താമസിക്കുന്ന കരീമിന്റെയും ബല്‍ക്കീസിന്റെയും മൂത്തമകള്‍ ഹസീന. എട്ടാം വയസിലാണു രോഗബാധിതയായത്. മുന്‍പ് നടന്ന രണ്ട് ക്യാംപിലേക്കും മകളെയും കുട്ടി ഇവര്‍ എത്തിയിരുന്നു. ഉമ്മയും ബന്ധുക്കളും കൂടി തോളത്തിട്ട് എടുത്ത് കൊണ്ട് വന്ന മധൂരിലെ ഷറഫ എന്ന പതിനേഴുകാരി കഴിഞ്ഞ ക്യാംപിലും പങ്കെടുത്തിരുന്നു. ഇവര്‍ക്ക് പുറമെ ആദൂരിലെ നാരായണന്‍, മധൂരിലെ സഹോദരങ്ങളായ സൈനുദ്ദിന്‍, സൈഫുദ്ദിന്‍, അണങ്കൂരിലെ ഉദേശ് കുമാര്‍, ചെങ്കള ബംബ്രാണി നഗറിലെ ഖദീജത്ത് ഷഹരിയ എന്നിവരെയും കൂട്ടി ഏറെ പ്രതിക്ഷയോടെയാണു മാതാപിതാക്കള്‍ ക്യാംപിനെത്തിയത്.
ചികിത്സിക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതിനാല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടാല്‍ സര്‍ക്കാറില്‍ നിന്നു സൗജന്യ ചികിത്സയെങ്കിലും കിട്ടിയാല്‍ മതിയെന്നാണ് ഇവരുടെ ആഗ്രഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."