ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം; ശിപാര്‍ശക്ക് രാഷ്ട്രപതിയുടെ അംഗീകാരം
ജമ്മു കശ്മീര്‍: ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പെടുത്തി. ഗവര്‍ണറുടെ ശിപാര്‍ശക്ക് രാഷ്ട്രപതി അംഗീകാരം നല്‍കി. ഉടന്‍ തന്നെ ഭരണം പ്രാബല്യത്തില്‍ വരും. 2008ല്‍ ഗവര്‍ണറായി സ്ഥാനമേറ്റ ശേഷം നാലാം തവണയാണ് സംസ്ഥാനത്തിന്റെ ഭരണം എന്‍.എന്‍ വോഹ്‌റയുടെ കൈകളില്‍ എത്തുന്നത്.
ഭരണഘടനയുടെ 92ാം വകുപ്പനുസരിച്ചാണ് ഗവര്‍ണര്‍ ഭരണം ഏര്‍പെടുത്തിയത്. പിന്തുണ പിന്‍വലിച്ചപ്പോള്‍ തന്നെ ഗവര്‍ണര്‍ ഭരണം ഏര്‍പെടുത്തുമെന്ന് ബി.ജെ.പി സൂചന നല്‍കിയിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ എട്ടാം തവണയാണ് കശമീരില്‍ ഗവര്‍ണര്‍ ഭരണം ഏറ്റെടുത്തത്.
കഴിഞ്ഞ ദിവസമാണ് ബി.ജെ.പി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചത്. തുടര്‍ന്ന് ജമ്മുകശ്മിര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവച്ചു. ബി.ജെ.പി പി.ഡി.പി സഖ്യം പൊളിഞ്ഞതോടെ മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണര്‍ എന്‍.എന്‍ വോറക്ക് രാജിക്കത്ത് സമര്‍പ്പിക്കുകയായിരുന്നു.
ബി.ജെ.പി മന്ത്രിമാര്‍ നേരത്തേതന്നെ രാജിവച്ചിരുന്നു. സംസ്ഥാന നിയമസഭയില്‍ ബി.ജെ.പിക്ക് 25ഉം പി.ഡി.പിക്ക് 28ഉം സീറ്റുകളാണുള്ളത്. നാഷനല്‍ കോണ്‍ഫറന്‍സ് 15, കോണ്‍ഗ്രസ് 18 എന്നിങ്ങനെയാണ് മറ്റ് കക്ഷികളുടെ സീറ്റ് നില. 2014ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നതിനുപിന്നാലെയാണ് ബി.ജെ.പി പി.ഡി.പി സഖ്യം ഉടലെടുത്തത്.
കത്‌വയില്‍ എട്ടുവയസുകാരി പീഡനത്തിനിരയായി മരിച്ച സംഭവത്തെ തുടര്‍ന്ന് ബി.ജെ.പി പി.ഡി.പി ബന്ധം വഷളായിരുന്നു. കൂടാതെ കശ്മിരിലെ സംഘര്‍ഷങ്ങളും തീവ്രവാദ, വിഘടനവാദ പ്രവര്‍ത്തനങ്ങളിലുണ്ടായ വര്‍ധനവും ബി.ജെ.പിയെ പ്രതിസന്ധിയിലാക്കി.
ജമ്മുകശ്മിര്‍: ബി.ജെ.പി പാലം വലിച്ചു
കത്‌വ സംഭവത്തെ തുടര്‍ന്നാണ് ബി.ജെ.പി തങ്ങളുടെ മന്ത്രിമാരെ പിന്‍വലിച്ചത്. കശ്മിരിലെ അക്രമങ്ങള്‍ക്കെതിരേ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന പരാതി നേരത്തേ ബി.ജെ.പി നേതൃത്വം ഉന്നയിച്ചിരുന്നു. അതിനിടെ, റമദാന്‍ മാസത്തോടനുബന്ധിച്ച് കേന്ദ്രം കശ്മിരില്‍ ഒരു മാസം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും സംസ്ഥാനത്ത് വ്യാപകമായി അക്രമം അരങ്ങേറിയത് സ്ഥിതി വഷളാക്കി. വെടിനിര്‍ത്തല്‍ നീട്ടണമെന്ന പി.ഡി.പിയുടെ ആവശ്യം ബി.ജെ.പി അംഗീകരിച്ചിരുന്നില്ല.
അതിനിടെയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ഷുജാഅത് ബുഖാരിയെയും ജവാന്‍ ഔറംഗസീബിനെയും തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച കഴിഞ്ഞ ഒരു മാസത്തിനിടെ നാല്‍പതിലേറെ പേര്‍ കശ്മിരില്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."