കിനാനൂര്‍-കരിന്തളത്ത് മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ കണ്ണൂര്‍ സര്‍വകലാശാല തയാര്‍
നീലേശ്വരം: കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ കണ്ണൂര്‍ സര്‍വകലാശാലയ്ക്കു പദ്ധതി. എന്നാല്‍ ഇതിനു തടസമായി നില്‍ക്കുന്നത് ആവശ്യമായ ഭൂമിയും അനുമതിയും. കിനാനൂര്‍ വില്ലേജില്‍ പെടുന്ന 500 ഏക്കര്‍ സ്ഥലം ഇതിനായി വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് സര്‍വകലാശാല അധികൃതര്‍ രണ്ടു വര്‍ഷം മുന്‍പു തന്നെ റവന്യൂ വകുപ്പിന് അപേക്ഷ നല്‍കിയിരുന്നു. നീലേശ്വരം-ചിറ്റാരിക്കാല്‍ റോഡരികില്‍ മഞ്ഞളംകാടുള്ള സ്ഥലമാണു സര്‍വകലാശാല ആവശ്യപ്പെട്ടത്. എന്നാല്‍ ഇതുവരെയായും റവന്യൂ വകുപ്പില്‍ നിന്ന് അനുകൂലമായ മറുപടി ലഭിച്ചില്ല. കഴിഞ്ഞ നാലിനു വീണ്ടും ഇക്കാര്യം ഓര്‍മപ്പെടുത്തി സര്‍ക്കാരിനു കത്തയച്ചിട്ടുണ്ടെന്നു വൈസ് ചാന്‍സലര്‍ ഡോ.ഖാദര്‍ മാങ്ങാട് പറഞ്ഞു. സര്‍വകലാശാലയ്ക്കു കീഴില്‍ ആരോഗ്യ സര്‍വകലാശാലയുടെ അഫിലിയേഷനോടു കൂടിയ മെഡിക്കല്‍ കോളജാണു ലക്ഷ്യമിടുന്നത്. ഇ.എസ്.ഐ ആശുപത്രി ഉള്‍പ്പെടെ ആരംഭിക്കാനും പദ്ധതിയുണ്ട്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും സിന്‍ഡിക്കേറ്റും വിവിധ രാഷ്ട്രീയ കക്ഷികളും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചാലേ ഇതു പ്രാവര്‍ത്തികമാകൂ. ഇവിടെ മെഡിക്കല്‍ കോളജ് വന്നാല്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുള്‍പ്പെടെ മലയോര മേഖലയിലുള്ളവര്‍ക്ക് ഏറെ ഉപകാര പ്രദമാകും. കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകള്‍, കിനാനൂര്‍-കരിന്തളം, മടിക്കൈ, കോടോം-ബേളൂര്‍, കയ്യൂര്‍-ചീമേനി, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, ബളാല്‍ തുടങ്ങിയ പഞ്ചായത്തുകളിലെയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും ഇത് ഉപകാര പ്രദമായിരിക്കും.
നിലവില്‍ മംഗളൂരു, പരിയാരം എന്നിവിടങ്ങളിലെ മെഡിക്കല്‍ കോളജുകള്‍ മാത്രമാണു ജില്ലയിലുള്ളവര്‍ക്ക് ആശ്രയം. ഉക്കിനടുക്കയില്‍ സര്‍ക്കാരിനു കീഴില്‍ സ്ഥാപിക്കുന്ന മെഡിക്കല്‍ കോളജും എങ്ങുമെത്താതെ കിടക്കുകയാണ്. റോഡ്, വെള്ളം, വൈദ്യുതി എന്നിവയെല്ലാം ലഭ്യമാണെന്നതാണ് ഈ പ്രദേശത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നത്. പഞ്ചായത്തും ഇക്കാര്യത്തില്‍ നേതൃത്വപരമായ പങ്കു വഹിക്കേണ്ടതുണ്ട്.
മെഡിക്കല്‍ കോളജിനു ആവശ്യമായ സ്ഥലം ലഭിക്കുന്നില്ലെങ്കില്‍ ലഭ്യമാകുന്ന സ്ഥലത്ത് പാലാത്തടം കാംപസിന്റെ അനുബന്ധ സ്ഥാപനമായി കാംപസ് സ്ഥാപിക്കാനും ഒരുക്കമാണെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."