HOME
DETAILS

ജനപ്രിയമാണ്, പക്ഷേ, നിക്ഷേപം കിട്ടണം

  
backup
July 09 2016 | 03:07 AM

40939-2

നികുതിഭാരം അധികമായി അടിച്ചേല്‍പ്പിക്കാത്ത, ഒട്ടെല്ലാ മേഖലകള്‍ക്കും ആശ്വാസവും സന്തോഷവും പകരുന്ന ബജറ്റാണ് പിണറായി സര്‍ക്കാരിന്റെ കന്നിബജറ്റായി ധനമന്ത്രി ഡോ. തോമസ് ഐസക് ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ചത്. കേരളം നേരിടുന്ന കടുത്ത സാമ്പത്തികപ്രതിസന്ധി തരണംചെയ്യാനുതകുന്നതും അതേസമയം വികസനകാര്യത്തില്‍ ഒട്ടുംപിറകിലല്ലാത്തതുമായ ബജറ്റാണ് തന്റേതെന്ന് അദ്ദേഹം പറയുന്നതിനെ അവിശ്വസിക്കേണ്ട കാര്യമില്ല.

അതിന് അദ്ദേഹം അവലംബിക്കുന്ന മാര്‍ഗം അത്ര എളുപ്പമാണോ എന്നതില്‍ മാത്രമാണ് ഈ ബജറ്റിനെ എതിര്‍ക്കുന്നവരെപ്പോലെ അനുകൂലിക്കുന്നവര്‍ക്കുമുള്ള ആശങ്ക. അഞ്ചുവര്‍ഷക്കാലത്തേയ്ക്കു നടപ്പാക്കേണ്ട വികസനപദ്ധതികള്‍ക്കും ക്ഷേമപദ്ധതികള്‍ക്കുമുള്ള വിഭവസമാഹരണം ഐസക് ലക്ഷ്യമിടുന്നത് നികുതിവരുമാനത്തില്‍നിന്നല്ല. അദ്ദേഹം നിയമസഭയില്‍ പറഞ്ഞ കണക്കുകള്‍വച്ചു 24,000 കോടി രൂപയുടെ നികുതി കുടിശ്ശിക പൂര്‍ണമായി പിരിച്ചെടുത്താല്‍പ്പോലും കൊടുത്തുതീര്‍ക്കാനുള്ള കടംവീട്ടാന്‍ തികയില്ല.

റോഡുകളും പാലങ്ങളും ആശുപത്രികളും വിമാനത്താവളങ്ങളും ഐ.ടി പാര്‍ക്കുകളും മറ്റും പുതുതായി ഉണ്ടാക്കുകയും ഉള്ളവ വികസിപ്പിക്കുകയും ചെയ്യണമെങ്കില്‍ ആയിരക്കണക്കിനു കോടിരൂപ ആവശ്യമാണ്. അധികനികുതിഭാരം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാതെതന്നെ അതു ലഭ്യമാക്കാമെന്ന ആത്മവിശ്വാസത്തിലാണു ധനകാര്യവിദഗ്ധന്‍കൂടിയായ ധനമന്ത്രി. 20,000 കോടി രൂപയുടെ മാന്ദ്യവിരുദ്ധപാക്കേജ് ആവിഷ്‌കരിച്ചാണ് അധികധനസമാഹാരത്തിന് തോമസ് ഐസക് മുതിരുന്നത്. അതിന് അദ്ദേഹം ആശ്രയിക്കുന്നത് ഇസ്‌ലാമിക സാമ്പത്തിശാസ്ത്രത്തെയുമാണ്.

ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് എന്ന പേരില്‍ ഒരു നിക്ഷേപസമാഹരണ പദ്ധതി ആവിഷ്‌കരിച്ചു പൊതുജനങ്ങളില്‍നിന്നു ഫണ്ട് സ്വരൂപിക്കുകയാണു ലക്ഷ്യം. സര്‍ക്കാര്‍ ഏതു മേഖലയില്‍നിന്നു ധനസമാഹരണം നടത്തിയാലും അതു പൊതുഖജനാവിലേയ്ക്കാണു സാധാരണപോവുക. ഇവിടെ അതു സംഭവിക്കില്ലെന്നാണ് തോമസ് ഐസക് പറയുന്നത്. നിക്ഷേപം പ്രത്യേകഫണ്ടായി നിലനിര്‍ത്തും. ഈ ഫണ്ടുപയോഗിച്ച് സര്‍ക്കാരിന്റെ മരുന്നുല്‍പ്പാദന സംരംഭമായ കെ.എസ്.ഡി.പിയെ പുനരുജ്ജീവിപ്പിക്കും. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന ഗുണനിലവാരം കൂടിയ മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികളിലേയ്ക്കു വാങ്ങും. ഇതിലൂടെ കെ.എസ്.ഡി.പിക്കുണ്ടാകുന്ന ലാഭത്തിന്റെ വിഹിതം നിക്ഷേപകര്‍ക്കു വീതിച്ചു നല്‍കും.

റോഡുകള്‍, പാലങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനും വികസനത്തിനുമാവശ്യമായ തുകയും ഈ ഫണ്ടില്‍നിന്നു ലഭ്യമാക്കും. കരാറുകാര്‍ക്കു ബില്ലുപാസാക്കി കിട്ടാന്‍ സര്‍ക്കാരാഫീസുകള്‍ കയറിയിറങ്ങേണ്ട. ഇസ്‌ലാമിക ബാങ്കിങ് സംവിധാനത്തിലെപ്പോലെ പലിശയില്ലാതെ ലാഭവിഹിതത്തില്‍ അടിസ്ഥാനപ്പെടുത്തിയ പദ്ധതിയായതിനാല്‍ ധാരാളമാളുകള്‍ ഈ പദ്ധതിയില്‍ നിക്ഷേപകരായി എത്തുമെന്നാണു ധനമന്ത്രിയുടെ കണക്കുകൂട്ടല്‍.

ഈ സങ്കല്‍പ്പവും അതില്‍ അധിഷ്ഠിതമായ വികസനപദ്ധതികളുമൊക്കെ നല്ലതാണ്. എന്നാല്‍, സങ്കല്‍പ്പം യാഥാര്‍ഥ്യമാക്കല്‍ അത്ര എളുപ്പമല്ല. 20,000 കോടി രൂപയുടെ നിക്ഷേപമെന്നു മനസ്സില്‍ ചിന്തിച്ചതുകൊണ്ടോ ബജറ്റില്‍ അവതരിപ്പിച്ചതുകൊണ്ടോ കാര്യമായില്ല. അതു സ്വരൂപിച്ചെടുക്കാനുള്ള ആര്‍ജ്ജവം ഭരണാധികാരികള്‍ക്കുണ്ടാവണം. അത് ഇത്തിരി പ്രയാസമാണെന്നു മനസ്സിലാക്കിയാണ് സ്വപ്നലോകത്താണു ധനമന്ത്രി ജീവിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തല അഭിപ്രായപ്പെട്ടത്. അതേസമയത്തു പ്രതിസന്ധികളില്‍ ഇത്തരം സ്വപ്നങ്ങള്‍ പിടിവള്ളിയായി മാറാറുണ്ട് എന്ന യാഥാര്‍ഥ്യവും മറന്നുകൂടാ. മനസ്സുണ്ടെങ്കില്‍ പോംവഴിയുണ്ടാകുമെന്നാണു ചൊല്ല്.

നാണ്യവിളകളുടെ വിലത്തകര്‍ച്ചയും നികുതിപിരിവിലെ വീഴ്ചയുമാണു സംസ്ഥാനത്തെ സാമ്പത്തികനിലയെ പിന്നോട്ടടിപ്പിച്ചത്. ഇക്കാരണത്താല്‍ ദേശീയശരാശരിയുടെ ഏറെ പിന്നിലാണു സംസ്ഥാനത്തിന്റെ സാമ്പത്തികവളര്‍ച്ചാനിരക്ക്. റബറിന്റെ വിലയിലുണ്ടായ തകര്‍ച്ച മന്ത്രി പ്രഖ്യാപിച്ച റബര്‍ ഉത്തേജനപദ്ധതി വഴി പരിഹരിക്കാന്‍ സാധിച്ചേക്കാം. നികുതിപിരിവ് ഊര്‍ജ്ജിതപ്പെടുത്തുകയെന്നതാണു മറ്റൊരു മാര്‍ഗം. അതുവഴി റവന്യു കമ്മി കുറച്ചുകൊണ്ടുവരാന്‍ കഴിയും. കടംവാങ്ങുന്ന പണംമുഴുവന്‍ പദ്ധത്യേതര ചെലവുകള്‍ക്കായി നീക്കിവയ്ക്കുന്ന പ്രവണതയ്ക്ക് അറുതിവരുത്തി വികസനത്തിനായി ചെലവഴിക്കുന്നതു നല്ലകാര്യം തന്നെ.

നികുതികുടിശ്ശിക അടിയന്തിരമായി തിരിച്ചുപിടിച്ചാല്‍ ഖജനാവിനു മുതല്‍ക്കൂട്ടാകും. ഇപ്പോള്‍തന്നെ നികുതിപിരിവില്‍ 19 ശതമാനംവര്‍ദ്ധനവുണ്ടായിട്ടുണ്ട് എന്നതു വസ്തുതയാണ്. 24,000 കോടി കുടിശ്ശിക ഈടാക്കിയിരുന്നുവെങ്കില്‍ അവസ്ഥ ഇത്രമാത്രം പരിതാപകരമാകില്ലായിരുന്നുവെന്നു മന്ത്രി പരിതപിക്കുന്നുണ്ട്.

ക്ഷേമപെന്‍ഷനുകള്‍ 1000 രൂപയാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പെന്‍ഷന്‍വകയിലുള്ള എല്ലാ കുടിശ്ശികയും ഓണത്തിനുമുമ്പു കൊടുത്തുതീര്‍ക്കും. 60 കഴിഞ്ഞ എല്ലാ കര്‍ഷകര്‍ക്കും പെന്‍ഷന്‍ നല്‍കും. എല്ലാ മാരക രോഗങ്ങള്‍ക്കും സൗജന്യചികിത്സ നല്‍കും. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ പാര്‍പ്പിടപ്രശ്‌നം പൂര്‍ണമായും പരിഹരിക്കും. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി തുടരും. കാരുണ്യചികിത്സാപദ്ധതി ജനങ്ങളുടെ അവകാശമാക്കും. പൂര്‍ത്തിയാക്കാത്ത വീടുകള്‍ക്ക് സഹായധനമായി രണ്ടുലക്ഷം രൂപ വീതം നല്‍കും. ഭിന്നശേഷിക്കാര്‍ക്ക് 68 കോടി രൂപയും ഈ വിഭാഗത്തില്‍പ്പെട്ടവരുടെ വിദ്യാഭ്യാസചികിത്സാ പദ്ധതികള്‍ക്കായി 20 കോടി നീക്കിവയ്ക്കുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു 10 കോടിയും നീക്കിവയ്ക്കുന്നു. അനാഥക്കുട്ടികളുടെ സംരക്ഷണത്തിന് 20 കോടിയും തൊഴിലുറപ്പുപദ്ധതിക്കു കീഴില്‍ വരുന്നവര്‍ക്കു സൗജന്യറേഷനും ബജറ്റ് വാഗ്ദാനം ചെയ്യുന്നു.

മന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തിനിടെ പ്രഖ്യാപിച്ച പല പദ്ധതികളില്‍ ചിലതു മാത്രമാണിത്. ഇതിനൊക്കെ പണമെവിടെയാണെന്നു പ്രതിപക്ഷം ചോദിക്കുന്നതു പ്രസക്തമാണ്. എന്നാല്‍, ഇത്തരം ചോദ്യങ്ങള്‍ സ്ഥിരംപല്ലവിയാണെന്നും പദ്ധതിക്കായി പണംകണ്ടെത്തുന്നതില്‍ ഇടതുപക്ഷസര്‍ക്കാര്‍ പരാജയമാണെന്ന സ്ഥിരം ആരോപണങ്ങള്‍ക്ക് ഈ സര്‍ക്കാര്‍ ശക്തമായ മറുപടി നല്‍കുമെന്നും മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. എന്തെങ്കിലും കാണാതെ അദ്ദേഹം ഇത്രമാത്രം ആത്മവിശ്വാസം പ്രകടിപ്പിക്കുകയില്ലെന്നുവേണം കരുതാന്‍.

പരിസ്ഥിതി സംരക്ഷണത്തിനും മാലിന്യനിര്‍മാര്‍ജ്ജനത്തിനും പ്രാധാന്യംനല്‍കുന്ന ബജറ്റ് 2010 ലെ ഹരിത ബജറ്റിന്റെ തുടര്‍ച്ചകൂടിയാണ്. സാമ്പത്തികമാന്ദ്യംഅനുഭവപ്പെടുന്നുണ്ടെങ്കിലും പട്ടികവര്‍ഗക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ച 450 കോടി യഥാസമയം ഉപയോഗപ്പെടുത്തണം. പലവിധ കൈകളിലൂടെ മറിയുന്ന ഇത്തരം പദ്ധതികളുടെ പണം പട്ടികവര്‍ഗക്കാര്‍ക്കും ആദിവാസികള്‍ക്കും ലഭിക്കാറില്ല. പാടം നികത്തല്‍ വ്യവസ്ഥ എടുത്തുകളഞ്ഞത് അഭിനന്ദനീയംതന്നെ. കൃഷിഭൂമി മണ്ണിട്ടുനികത്തി ഭൂമാഫിയ മറിച്ചുവില്‍ക്കുന്നതിന് അറുതിവരുമെന്നു കരുതാം. നെല്‍പ്പാടങ്ങളുടെ വിസ്തൃതി കുറഞ്ഞുവരുന്നതു പരിഹരിക്കാന്‍ കഴിയും.

നെല്ലുസംഭരണത്തിനായി സര്‍ക്കാര്‍ 385 കോടി നീക്കിവച്ചതു നെല്‍കര്‍ഷകര്‍ക്ക് ആശ്വാസകരമാണ്. പച്ചക്കറികൃഷി കൂട്ടായ്മ ഉണ്ടാക്കുനുള്ള നീക്കവും നല്ലതുതന്നെ. പച്ചക്കറിയില്‍ സ്വയംപര്യാപ്ത നേടാന്‍ സഹായകമാവുക തദ്ദേശസ്വയംഭരണസ്ഥാനങ്ങളുടെ സഹകരണത്തോടെ തരിശുഭൂമിയില്‍ കൃഷിചെയ്യുമ്പോഴായിരിക്കും. ഇതിനു നീക്കിവെച്ച 600 കോടി ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നു മാത്രം. ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ ബജറ്റില്‍ വലിയ പ്രാധാന്യമാണു നല്‍കിയിരിക്കുന്നത്. ഓരോ ജില്ലാ ആശുപത്രികളിലും കാത്‌ലാബ് സ്ഥാപിക്കുക, താലൂക്കാശുപത്രികളില്‍ സൗജന്യം ഡയാലിസിസ് സെന്റര്‍ സ്ഥാപിക്കുക, തിരുവനന്തപുരം മെഡിക്കല്‍ കോളജ് എയിംസ് നിലവാരത്തിലേയ്ക്കുയര്‍ത്തുക, ആരോഗ്യ മേഖലയില്‍ തസ്തിക വര്‍ദ്ധിപ്പിക്കുക... ഇതെല്ലാം സര്‍ക്കാറിന്റെ ശ്രദ്ധേയങ്ങളായ പ്രഖ്യാപനങ്ങളാണ്.

പൊതുവിദ്യാഭ്യാസത്തിന്റെ ഉന്നതിക്കു മികച്ച പ്രതികരണമാണുണ്ടായിട്ടുള്ളത്. നഷ്ടത്തിന്റെ പേരുപറഞ്ഞു പൊതുവിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഇല്ലാതാക്കുന്നവര്‍ക്കെതിരേയുള്ള താക്കീതും കൂടിയാണിത്. ഓരോ മണ്ഡലങ്ങളിലും അന്താരാഷ്ട്രനിലവാരമുള്ള ആയിരം സ്‌കൂളുകള്‍ സ്ഥാപിക്കാനാണു തീരുമാനം. ഹൈസ്‌കൂളുകളുടെയും ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളുടെയും നവീകരണത്തിനായി അവ ഹൈടെക് തലത്തിലേക്ക് ഉയര്‍ത്തും. ഇതിനായി സര്‍ക്കാര്‍ 500 കോടി നീക്കിവെച്ചത് പാഴിലാവില്ലെന്നുതന്നെ കരുതാം. നമ്മുടെ പൊതു വിദ്യാഭ്യാസത്തെ പുനഃസൃഷ്ടിക്കുന്ന ഈ പ്രവൃത്തി മതിപ്പുളവാക്കുന്നതുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  2 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  2 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  2 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  2 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  2 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago