അപകടം കുറക്കാന്‍ സ്വകാര്യ സ്കൂള്‍ വാഹനങ്ങള്‍ക്ക് നമ്പര്‍ സംവിധാനം
കൊല്ലം: വര്‍ധിച്ചുവരുന്ന സ്കൂള്‍ വാഹനങ്ങളുടെ അപകടങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി സ്കൂള്‍കൂട്ടികളെ കൊണ്ടുപോകുന്ന സ്വകാര്യ വാഹനങ്ങള്‍ക്ക് നമ്പര്‍ സംവിധാനം കൊല്ലം സിറ്റി പൊലിസ് ഏര്‍പ്പെടുത്തി തുടങ്ങി.
സ്വകാര്യ സ്കൂള്‍ വാഹനം ഓടിക്കുന്നവര്‍ അതാത് സ്റ്റേഷനുകളില്‍ നിന്നു കേസുകള്‍ ഒന്നുമില്ലെന്ന് കാണിക്കുന്ന പൊലിസ് ക്ലിയറിങ് സര്‍ട്ടിഫിക്കറ്റ് വാങ്ങി ഹാജരാക്കുന്ന മുറയ്ക്ക് അതാത് സ്റ്റേഷന്റെ നമ്പരും വാഹനത്തിന് പ്രത്യേക നമ്പരും അനുവദിച്ച് നല്‍കും.
ഈ നമ്പരുകള്‍ ഉള്‍പ്പെടുത്തിയ സ്റ്റിക്കര്‍ വാഹനത്തിന്റെ മുന്‍വശത്ത് പതിച്ച് നല്‍കും. സിറ്റി പരിധിയില്‍ ഓടുന്ന സ്വകാര്യ സ്കൂള്‍ വാഹനങ്ങള്‍ അതാത് പൊലിസ് സ്റ്റേഷനുകളില്‍നിന്ന് സ്റ്റിക്കര്‍ കൈപ്പറ്റണം. സ്റ്റിക്കര്‍ പതിപ്പിച്ച വാഹനങ്ങളുടെയും ഡ്രൈവറുടേയും ഫോട്ടോ ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും സ്റ്റേഷനുകളില്‍ സൂക്ഷിക്കും. ഇനി സ്റ്റിക്കര്‍ പതിക്കാത്ത സ്വകാര്യ സ്കൂള്‍ വാഹനങ്ങളില്‍ കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കാതിരിക്കാന് രക്ഷാകര്ത്താക്കള് പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ ഡോ.അരുള്‍, ആര്.ബി കൃഷ്ണ അറിയിച്ചു.
സ്റ്റിക്കര്‍ വിതരണത്തിന്റെ ഉദ്ഘാടനം കൊല്ലം ആശ്രാമം മൈതാനത്ത് പൊലിസ് കമ്മിഷണര്‍ വാഹനത്തില്‍ സ്റ്റിക്കര്‍ പതിച്ച് നിര്‍വഹിച്ചു. സിറ്റി ക്രൈം ബ്രാഞ്ച് അസി.പൊലിസ് കമ്മിഷണര്‍ എ.അശോകന്, ക്രൈം ബ്രാഞ്ച് അസി. സബ്ബ് ഇന്‍സ്പെക്ടര്‍ എച്ച്. ഷാനവാസ് സംസാരിച്ചു. സിറ്റി പരിധിയിലെ 700 ഓളം സ്വകാര്യ സ്കൂള്‍ വാഹനങ്ങള്‍ക്ക് സ്റ്റിക്കര്‍ വിതരണം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."