മൈസൂര്‍ കടുവ: ശഹീദ് ടിപ്പുസുല്‍ത്താന്റെ സ്മരണയ്ക്ക് 221 സംവത്സരങ്ങള്‍
കോഴിക്കോട്: വൈദേശികാധിപത്യത്തിനെതിരേ സധൈര്യം പോരാടി രക്തസാക്ഷിത്വം വരിച്ച മൈസൂര്‍കടുവ ടിപ്പു സുല്‍ത്താന്റെ ഓര്‍മകള്‍ക്ക് 221 സംവത്സരങ്ങള്‍. ഇരുന്നൂറുവര്‍ഷം ആടിനെപ്പോലെ ജീവിക്കുന്നതിലും നല്ലതു രണ്ടുദിവസം പുലിയായിക്കഴിയുന്നതാണെന്ന് പ്രഖ്യാപിച്ച ആ രാജ്യസ്‌നേഹിയുടെ രക്തസാക്ഷിത്വത്തിന്റെ വാര്‍ഷികമാണ് മെയ് നാലിന് ആരുമറിയാതെ കഴിഞ്ഞു പോയത്. 1799 മെയ് 4ന് അവസാന ആംഗ്ലോ മൈസൂര്‍ യുദ്ധത്തിലാണ് ടിപ്പു രക്തസാക്ഷിയായത്.മതേതത്വവും മനുഷ്യസ്‌നേഹവും മുഖമുദ്രയാക്കിയ ആ ഭരണാധികാരിയെ വര്‍ഗീയവാദിയാക്കാന്‍ കിണഞ്ഞുശ്രമിക്കുകയാണ് ചിലര്‍. കര്‍ണാടകയില്‍ ടിപ്പുവിന്റെ രക്തസാക്ഷിദിനാചരണത്തിനോ അദ്ദേഹത്തിന്റെ സ്മരണകള്‍ക്കോ പ്രധാന്യം കൊടുക്കാന്‍ ഇപ്പോഴുള്ള ബി.ജെ.പി സര്‍ക്കാര്‍ തയാറല്ല.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ സന്ധിയില്ലാ പോരാട്ടം നടത്തിയ ആ ധീര ദേശാഭിമാനിയുടെ അന്ത്യം ഇന്നും ആവേശം കൊള്ളിക്കുന്നതാണ്. അന്ന് ഹൈദരാബാദ് നൈസാമും മറാത്തികളും ഒറ്റുകാരായി ബ്രിട്ടീഷുകാര്‍ക്കൊപ്പം കൂടുകയായിരുന്നു.
ശത്രുക്കള്‍ ശ്രീരംഗപ്പട്ടണം വളഞ്ഞപ്പോള്‍ ഉച്ചഭക്ഷണത്തിലായിരുന്നു സുല്‍ത്താന്‍. കോട്ടയ്ക്കു പുറത്തുനിന്ന് അക്രമികളുടെ പോര്‍വിളികള്‍ കേട്ടപ്പോള്‍ ഉടനെ ഭക്ഷണം മതിയാക്കി പടയങ്കിയണിഞ്ഞു.താവൂസ് എന്ന തന്റെ കുതിരപ്പുറത്തേറി അദ്ദേഹം പോരാട്ടത്തിനിറങ്ങി. തന്റെ പടനായകരില്‍ ചിലര്‍ പോലും ഒറ്റുകാരായി നിന്നപ്പോള്‍ അസാമാന്യ ധീരതയോടെയും അചഞ്ചല ഹൃദയത്തോടെയും താന്‍ കീഴടങ്ങില്ലെന്ന് ഉദ്‌ഘോഷിച്ച് അല്ലാഹുഅക്ബര്‍ എന്ന മന്ത്രധ്വനിയോടെ അദ്ദേഹം തന്റെ ഭടന്‍മാര്‍ക്കൊപ്പം പോരാടി. വെള്ളക്കാരന്റെ ഒരു വെടിയുണ്ട ടിപ്പുവിന്റെ ഇടതുനെഞ്ചു തുളച്ചുകയറി.
അപ്പോഴും തളരാതെ തന്റെ മൂര്‍ച്ചയേറിയ ഖഡ്ഗം ശത്രുവിന്റെ തലയരിഞ്ഞു കൊണ്ടിരുന്നു. മറ്റൊരു വെടിയുണ്ട സുല്‍ത്താന്റെ വലതുനെഞ്ചിലും തറച്ചു. മറ്റൊന്നു കുതിരയുടെ കാലിനും. ടിപ്പുവും കുതിരയും നിലത്തുവീണു. അപ്പോഴേക്കും നാലുദിക്കുനിന്നും വെടിയുണ്ടകള്‍ ടിപ്പുവിന്റെ മേല്‍ തുരുതുരാ പതിച്ചുകൊണ്ടിരുന്നു.മരിച്ചുകൊണ്ടിരുന്ന സുല്‍ത്താന്റെ അടുത്തേക്ക് അദ്ദേഹത്തിന്റെ ബെല്‍റ്റിന്റെ വിലപിടിപ്പുള്ള മുത്ത് കൊണ്ടുള്ള ബക്കിളുകള്‍ തട്ടിയെടുക്കാന്‍ ഒരു ശത്രു ശ്രമിച്ചപ്പോള്‍ അവസാന നിമിഷത്തിലും തന്റെ വാളുവീശി അവനെ ഇല്ലാതാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സ്വന്തം സേനാനായകന്‍മാര്‍ പോലും ഒറ്റുകാരായിട്ടും ധീരമായി പൊരുതിമരിക്കുകയായിരുന്നു അദ്ദേഹം.
സുല്‍ത്താന്‍ ശഹീദായതോടെയാണ് ബ്രിട്ടീഷ് സൈനിക ജനറല്‍ ഹാരിസ് ടിപ്പുവിന്റെ ഭൗതികശരീരത്തിനടുത്ത് വന്ന് ഇന്ന് ഇന്ത്യ നമ്മുടെതായെന്ന് അട്ടഹസിച്ചു പറഞ്ഞു.മഹാനായ ആ ധീര രക്തസാക്ഷി മൈസൂരിലെ കാവേരി നദീതീരത്ത് ശ്രീരംഗപ്പട്ടണത്ത് ലാല്‍ബാഗ് തോട്ടത്തില്‍ താന്‍ പണിയിച്ച മസ്ജിദുല്‍ അഅ്‌ലായുടെ ചാരത്ത് പ്രിയ ഉമ്മഫക്രുനിസയ്ക്കും ബാപ്പ ഹൈദരലിക്കും അരികില്‍ അന്ത്യവിശ്രമം കൊള്ളുകയാണ്.
ഫ്രഞ്ച് സര്‍വ സൈന്യാധിപനായിരുന്ന നെപ്പോളിയന്‍ ബോണപാര്‍ട്ടുമായി ടിപ്പു സഖ്യം സ്ഥാപിക്കുന്നതിനുള്ള ശ്രമം നടത്തിയിരുന്നു. അത് പൂര്‍ണമായി വിജയിച്ചിരുന്നുവെങ്കില്‍ ഇന്ത്യയുടെ ചരിത്രം തന്നെ മാറ്റിയെഴുതപ്പെടേണ്ടിവരുമായിരുന്നുവെന്നാണ് ചരിത്രകാരന്‍മാരുടെ പക്ഷം. ടിപ്പുവിനോടുള്ള കടുത്ത വിരോധംമൂലം ബ്രിട്ടീഷുകാര്‍ അദ്ദേഹത്തിന്റെ കൊട്ടാരവും മറ്റ് കെട്ടിടങ്ങളും തകര്‍ത്തുകളയുകയും വിലപിടിപ്പുള്ളതെല്ലാം കൊണ്ടുപോകുകയും ചെയ്തു. ടിപ്പുവിന്റെ വിരലുകളില്‍ നിന്നും ഒരു ബ്രിട്ടിഷ് ജനറല്‍ കൈക്കലാക്കിയ രാം എന്നമുദ്രണം ചെയ്ത എട്ടു പവനോളം വരുന്ന ഒരു സ്വര്‍ണ മോതിരം ഈയിടെ ലേലം ചെയ്ത വാര്‍ത്ത പുറത്തുവന്നിരുന്നു. ലണ്ടനിലെ ക്രിസ്റ്റീസ് എന്ന ലേലസ്ഥാപനം 145,000 പൗണ്ടിനാണ്( 14,308,600 രൂപ) അത് ലേലം നടത്തിയത്. ടിപ്പുവിനെ മതഭ്രാന്തനായി ചിത്രീകരിക്കുന്നവര്‍ക്കെതിരേയുള്ള വലിയൊരു തെളിവായിരുന്നു ദേവനാഗിരിയില്‍ രാം എന്നെഴുതിയ ആ മോതിരം.
ടിപ്പുവിന്റെ ഒഴിവുകാല വസതിയും ആയുധപ്പുരയും മാത്രമാണ് ഇന്നും ബാക്കിയുള്ള ചരിത്രസ്മാരകങ്ങള്‍. എന്നാല്‍ ഇവ പോലും വേണ്ടവിധത്തില്‍ സംരക്ഷിക്കപ്പെടാതെ പോവുകയാണ്. അതോടൊപ്പം ബ്രിട്ടീഷുകാര്‍ ടിപ്പുവിനെതിരേ പറഞ്ഞു പരത്തിയ നുണകള്‍ ഇപ്പോഴും ആവര്‍ത്തിച്ചു നടക്കുകയാണ് ചരിത്രത്തെപ്പോലും വര്‍ഗീയവത്കരിച്ച ഒരു വിഭാഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."