ആശ്വാസമേകാത്ത നിധി
തിരുവനന്തപുരം: നാഴികയ്ക്ക് നാല്‍പതു വട്ടം സ്ത്രീ സുരക്ഷയെ പറ്റി വാചാലമാകുന്ന മുഖ്യമന്ത്രി അറിയണം, ലൈംഗിക പീഡനം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവര്‍ക്ക് യഥാസമയം നഷ്ടപരിഹാരം സാമൂഹിക നീതി വകുപ്പ് നല്‍കുന്നില്ലെന്ന്. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള 'ആശ്വാസ നിധി' പദ്ധതി താളംതെറ്റിയ നിലയിലാണ്. ലൈംഗികാതിക്രമത്തിന് ഇരയായവര്‍, ആസിഡ് ആക്രമണത്തിന് ഇരയായ സ്ത്രീകളും കുട്ടികളും, ഗാര്‍ഹിക പീഡനത്തിന് ഇരയായവര്‍, ഹീനമായ ലിംഗവിവേചനത്തിന് ഇരയായവര്‍ എന്നിവര്‍ക്ക് അടിയന്തര സഹായം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ആശ്വാസ നിധി രൂപീകരിച്ചത്.
ഇതിനായി മൂന്നു കോടി പ്ലാന്‍ ഫണ്ടില്‍നിന്ന് അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ വകയിരുത്തിയ തുക ഇതുവരെ ഇരകള്‍ക്ക് കൈമാറിയിട്ടില്ല. കേരള ലീഗല്‍ സര്‍വിസ് അതോറിറ്റി വഴി ഇരകള്‍ക്ക് സഹായം നല്‍കാന്‍ 2017ല്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി തയാറാക്കിയിരുന്നെങ്കിലും നഷ്ടപരിഹാരം നല്‍കണമെന്ന കോടതി വിധികളും ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ ശുപാര്‍ശകളും അനുസരിച്ച് പണം കൈമാറാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ഇരകളായവര്‍ നഷ്ടപരിഹാരം തേടി വര്‍ഷങ്ങളായി വിവിധ ഓഫിസുകള്‍ കയറിയിറങ്ങേണ്ട ഗതികേടിലാണ് ഇപ്പോള്‍.
2018 നവംബര്‍ 22 വരെയുള്ള കണക്ക് പ്രകാരം ഒന്നരക്കോടിയോളം രൂപയാണ് സര്‍ക്കാര്‍ ഇരകള്‍ക്ക് നല്‍കാനുള്ളത്. ദിവസങ്ങള്‍ കഴിയുംതോറും തുക വര്‍ധിച്ചുവരികയാണ്. ലൈംഗികാതിക്രമത്തിന് ഇരയായവര്‍ക്ക് 50,000 മുതല്‍ ഒരു ലക്ഷം വരെയും ഗാര്‍ഹിക പീഡനത്തിനും ആക്രമണത്തിന് ഇരകളായ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും 25,000 മുതല്‍ 50,000 വരെയും ആസിഡ് ആക്രമണത്തിന് ഇരയായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെയുമാണ് ആശ്വാസ നിധിയില്‍ ഉള്‍പ്പെടുത്തി സഹായം നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്. ജില്ലാ ശിശുസംരക്ഷണ ഓഫിസറും ജില്ലാ വനിതാ സംരക്ഷണ ഓഫിസറും തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെയും ശുപാര്‍ശയുടെയും അടിസ്ഥാനത്തിലാണ് പണം അര്‍ഹതപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുക എന്നാണ് സാമൂഹിക നീതി വകുപ്പ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."