എല്‍.ഡി.എഫിന് ശ്രീമതിയെത്തും; യു.ഡി.എഫില്‍ സുധാകരനോ?
#എം.പി മുജീബ് റഹ്മാന്‍
കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിനായി മുന്നണികള്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവമാക്കിയതോടെ കണ്ണൂര്‍ മണ്ഡലത്തില്‍ ആരൊക്കെ തമ്മിലാണ് അങ്കത്തിനിറങ്ങുന്നതെന്ന കാര്യത്തില്‍ ആകാംക്ഷ. എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റായ കണ്ണൂരില്‍ സിറ്റിങ് എം.പി പി.കെ ശ്രീമതിക്കാണു സി.പി.എമ്മില്‍ പ്രഥമ പരിഗണന. നേരത്തെ സി.പി.എം ജില്ലാസെക്രട്ടറി പി. ജയരാജനെയും പാര്‍ട്ടി പരിഗണിച്ചിരുന്നു. എന്നാല്‍ അരിയില്‍ അബ്ദുല്‍ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐ കൊലക്കുറ്റം ചുമത്തിയതോടെ സി.പി.എമ്മിന്റെ സ്ഥാനാര്‍ഥി ചര്‍ച്ച ശ്രീമതിയില്‍ തന്നെ എത്തിനില്‍ക്കുകയായിരുന്നു. സിറ്റിങ് എം.പിമാര്‍ തുടരട്ടെയെന്ന പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനവും വനിതാ പ്രാതിനിധ്യവും ശ്രീമതിയുടെ അനുകൂല ഘടകങ്ങളാണ്.
പരമ്പരാഗതമായി ഇടതുപക്ഷത്തിനു ലഭിക്കാത്ത ചില വിഭാഗങ്ങളുടെ വോട്ടും കഴിഞ്ഞതവണ ശ്രീമതിക്കു ലഭിച്ചിരുന്നു. ഇക്കുറിയും അതു സി.പി.എം പ്രതീക്ഷിക്കുന്നുണ്ട്. പാര്‍ട്ടിക്കതീതമായി ശ്രീമതി ഉണ്ടാക്കിയെടുത്ത ബന്ധങ്ങളും വികസന രംഗത്ത് ഒരുപരിധി വരെ പറഞ്ഞുനില്‍ക്കാന്‍ എം.പിയെന്ന രീതിയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും അനുകൂല ഘടകങ്ങളായി പാര്‍ട്ടി കണക്കുകൂട്ടുന്നു. ഇ.പി ജയരാജന്റെ മന്ത്രിസ്ഥാനം തെറിച്ച ബന്ധുനിയമന വിവാദത്തില്‍ അദ്ദേഹത്തിന്റെ ഭാര്യാ സഹോദരി കൂടിയായ ശ്രീമതിക്കെതിരേ പാര്‍ട്ടിയിലെ ഒരുവിഭാഗം പരസ്യമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ നടപടി സ്വീകരിച്ചതോടെ പാര്‍ട്ടിക്കകത്തെ എതിര്‍പ്പുകള്‍ ഒരുപരിധി വരെ അടങ്ങിയിട്ടുണ്ടെന്നാണു നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ശ്രീമതി അല്ലെങ്കില്‍ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍, സംസ്ഥാന കമ്മിറ്റി അംഗമായ ഡോ. വി. ശിവദാസന്‍ എന്നിവരുടെ പേരുകളും പാര്‍ട്ടി ചര്‍ച്ചയിലുണ്ട്. ഒരുഘട്ടത്തില്‍ എം.വി ഗോവിന്ദനെ കാസര്‍കോട്ടേക്കും സി.പി.എം പരിഗണിച്ചിരുന്നു. എന്നാല്‍ പെരിയ ഇരട്ടക്കൊലപാതകത്തിനു പിന്നാലെ അയല്‍ജില്ലകളില്‍ നിന്നുള്ള സ്ഥാനാര്‍ഥികളെ നിര്‍ത്തിയാല്‍ അത്രമേല്‍ അനുകൂലമല്ലെന്നാണു സി.പി.എം വിലയിരുത്തല്‍. അതേസമയം ശ്രീമതി താഴേത്തട്ടിലടക്കം പ്രവര്‍ത്തനങ്ങളുമായി സജീവമായിട്ടുണ്ട്.
പലവട്ടം പല പേരുകള്‍ പരിഗണിച്ചെങ്കിലും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരനു തന്നെയാണു കോണ്‍ഗ്രസില്‍ മുന്‍തൂക്കം. കഴിഞ്ഞദിവസം കെ.പി.സി.സിക്കു ഡി.സി.സി നല്‍കിയ പേരിലും ആദ്യപേരുകാരന്‍ സുധാകരന്‍ തന്നെ. യു.ഡി.എഫിലെ പ്രധാന ഘടകകക്ഷിയായ മുസ്‌ലിം ലീഗും കെ. സുധാകരനെ മത്സരിപ്പിക്കാന്‍ താല്‍പര്യമറിയിച്ച് കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ദേശീയ രാഷ്ട്രീയത്തിലേക്കില്ലെന്നും മത്സരിക്കാന്‍ താല്‍പര്യമില്ലെന്നുമാണു സുധാകരന്റെ നിലപാട്. ആരോഗ്യപ്രശ്‌നങ്ങളും ഇതിനു കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കെ.പി.സി.സിയുടെ മറ്റൊരു വര്‍ക്കിങ് പ്രസിഡന്റായ കൊടിക്കുന്നില്‍ സുരേഷ് മത്സര രംഗത്തിറങ്ങിയാല്‍ പാര്‍ട്ടി നേതൃത്വത്തില്‍ സജീവമായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനു ചുക്കാന്‍ പിടിക്കാനാണു സുധാകരന്റെ ആഗ്രഹം. ഒടുവില്‍ സമ്മര്‍ദത്തിലൂടെ സുധാകരനെ സ്ഥാനാര്‍ഥിയാക്കാനാണു സംസ്ഥാന, ദേശീയ നേതൃത്വങ്ങളുടെ ധാരണയെന്നറിയുന്നു.
സുധാകരനല്ലെങ്കില്‍ പാര്‍ട്ടി നേതൃത്വം പ്രതീക്ഷവച്ചു പുലര്‍ത്തുന്ന സതീശന്‍ പാച്ചേനിയും മത്സരിക്കാനില്ലെന്നാണ് അടുത്ത വൃത്തങ്ങളോടു സൂചിപ്പിച്ചത്. ജില്ലയ്ക്കു പുറത്തുനിന്നു സ്ഥാനാര്‍ഥികളെ കൊണ്ടുവരാനുള്ള നീക്കവും നേതൃത്വം പരിശോധിക്കുന്നു. ഷാനിമോള്‍ ഉസ്മാന്‍, ടി. സിദ്ദീഖ് എന്നിവരുടെ പേരുകള്‍ക്കാണു മുന്‍തൂക്കം. എന്നാല്‍ ഷാനിമോള്‍ക്കു വയനാട് സീറ്റില്‍ മത്സരിക്കാനാണു താല്‍പര്യം. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കൂടിയായ സിദ്ദീഖിനെ കണ്ണൂരില്‍ മത്സരിപ്പിക്കുന്ന അനൗചിത്യവും നേതൃത്വം രഹസ്യമായി പങ്കുവയ്ക്കുന്നു. അവസാന നിമിഷം യു.ഡി.എഫിന് അപ്രതീക്ഷിത സ്ഥാനാര്‍ഥി എത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ബി.ജെ.പി ദേശീയസമിതി അംഗവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ സി.കെ പദ്മനാഭനെയാണ് എന്‍.ഡി.എ പരിഗണിക്കുന്നത്. എന്നാല്‍ താരതമ്യേന പാര്‍ട്ടിക്കു വോട്ടുകള്‍ കുറവുള്ള കണ്ണൂരില്‍ മത്സരിക്കാന്‍ സി.കെ.പിക്കു താല്‍പര്യമില്ല. അങ്ങനെയെങ്കില്‍ ബി.ജെ.പി സംസ്ഥാന സെല്‍ കോഓര്‍ഡിനേറ്ററായ കെ. രഞ്ജിത്തിനു നറുക്കുവീഴും. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയായി കെ.കെ അബ്ദുല്‍ജബ്ബാറിനെ പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞതവണയും ഇദ്ദേഹം തന്നെയായിരുന്നു സ്ഥാനാര്‍ഥി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."