ആലുവ നിയോജക മണ്ഡലത്തിലെ പാവപ്പെട്ട പത്ത് പ്രവാസികള്‍ക്ക് ടിക്കറ്റ് നല്‍കും: അന്‍വര്‍ സാദത്ത് എംഎല്‍എ
റിയാദ്: ആലുവ നിയോജക മണ്ഡലത്തിലെ നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന പത്ത് നിര്‍ധനരായ പ്രവാസികള്‍ക്ക് ടിക്കറ്റ് എടുത്തു നല്‍കുമെന്ന് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ നേതൃത്വം നല്‍കുന്ന വീടണയാന്‍ യൂത്ത് കെയറിന്റെ കരുതല്‍ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ടിക്കറ്റു നല്‍കുന്നത്. ഇതിനായുള്ള സ്‌പോണ്‍സര്‍മാരെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്നും അര്‍ഹരായ കൂടുതല്‍ പേരുണ്ടെങ്കില്‍ അവര്‍ക്കുകൂടി ടിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജിദ്ദ ആലുവ കൂട്ടായ്മയായും യുഎഇയിലെ അരോമ ആലുവ കൂട്ടായ്മയായും വീഡിയോ കോണ്‍ഫറന്‍സിലൂടെ അന്‍വര്‍ സാദത്തുമയി നടത്തിയ ചര്‍ച്ചയില്‍ നാട്ടിലേക്ക് തിരിച്ചു വരാന്‍ വിമാന ടിക്കറ്റ് എടുക്കാന്‍ പ്രയാസപ്പെടുന്ന പ്രവാസികളെ കുറിച്ച് എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് കുറഞ്ഞത് പത്തുപേരെയെങ്കിലും സഹായിക്കാനുള്ള നടപടി ആരംഭിച്ചതെന്നും ഇനിയും സ്‌പോണ്‍സര്‍മാരെ കിട്ടുന്നതനുസരിച്ച് കൂടുതല്‍ പാവപ്പെട്ട പ്രവാസികള്‍ക്ക് ടിക്കറ്റ് എടുത്ത് കൊടുക്കാന്‍ ശ്രമിക്കുമെന്നും എംഎല്‍എ അറിയിച്ചു.
ടിക്കറ്റ് സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്‍പര്യമുള്ള സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് 0091 98468 87886 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും എംഎല്‍എ അറിയിച്ചു. ഇതുപോലെ സ്‌പോണ്‍സര്‍ഷിപ്പിലൂടെ ആലുവയിലെ പാവപ്പെട്ട രോഗികളായ 5842 പേര്‍ക്ക് 32,57,000 രൂപയുടെ മരുന്ന് എത്തിച്ചു നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."