ഇറാഖില്‍ ഐ.എസ് ആക്രമണം: 35 മരണം
ബഗ്്ദാദ്: ഇറാഖിലെ ബലദില്‍ ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. ശിഈ പള്ളിക്ക് പുറത്താണ് സ്‌ഫോടനമുണ്ടായത്.
ചാവേറും തോക്കുധാരിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. സയ്യിദ് മുഹമ്മദ് ബിന്‍ അലി അല്‍ ഹാദിയുടെ ദര്‍ഗയ്ക്ക് പുറത്താണ് ആക്രമണം നടന്നത്.
തോക്കുധാരി നിരവധി പേര്‍ക്കുനേരെ നിറയൊഴിച്ചു. പിന്നീടാണ് സ്‌ഫോടനം. മറ്റൊരു ചാവേറാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ തോക്കുധാരിയും കൊല്ലപ്പെട്ടിരുന്നു. അതിനിടെ ഞായറാഴ്ച ബഗ്്ദാദിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 292 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസംവരെ 281 പേരായിരുന്നു മരിച്ചത്.
ആക്രമണം പതിവായ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരേ കടുത്ത ജനരോഷമാണ് ഉയരുന്നത്. ഞായറാഴ്ച പെരുന്നാള്‍ വിപണി ലക്ഷ്യംവച്ചു നടന്ന വന്‍ ആക്രമണത്തില്‍ രോഷാകുലരായ ജനങ്ങള്‍ പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയെ വഴിയില്‍ തടഞ്ഞിരുന്നു. അബാദിയുടെ വാഹനവ്യൂഹത്തിനു നേരെ കല്ലെറിയുകയും ചെയ്തു. വീണ്ടും ആക്രമണങ്ങള്‍ നടന്നതോടെ പ്രതിഷേധം ശക്തമായി. പ്രധാനമന്ത്രിയും മറ്റും ഗ്രീന്‍സോണില്‍ കഴിയുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ബലദിലെ ആക്രമണത്തിനുപിന്നാലെ സുരക്ഷാ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ പ്രധാനമന്ത്രി നീക്കി. മൂന്ന് ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥാനചലനമുണ്ടായത്. ബഗ്ദാദ് സെക്യൂരിറ്റി കമാന്‍ഡന്റ്, ആഭ്യന്തരമന്ത്രാലയ ഇന്റലിജന്‍സ് മേധാവി എന്നിവരെയാണ് നീക്കിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഓഫിസിലെ ഉദ്യോഗസ്ഥര്‍ക്കും സ്ഥാനചലനമുണ്ട്. ബലദ് ആക്രമണത്തില്‍ 50 ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 2003 ലെ യു.എസ് അധിനിവേശമാണ് ബലദില്‍ തീവ്രവാദികളെ വളര്‍ത്തിയത്. സദ്ദാം ഹുസൈന്റെ പതനത്തോടെയാണ് ഐ.എസ് ശക്തിപ്രാപിച്ചത്.
ഫല്ലുജ ഐ.എസില്‍ നിന്ന് തിരിച്ചുപിടിച്ചശേഷം മൗസില്‍ പിടിക്കാനുള്ള പോരാട്ടത്തിലാണ് ഇറാഖ് സേന. ഇതിനിടെയാണ് ആക്രമണങ്ങള്‍ പതിവായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."