പ്രവാസി മടക്കം: സഊദിയിൽ നിന്നുള്ള വിമാന നിരക്ക് പ്രഖ്യാപിച്ചു, റിയാദ്-കോഴിക്കോട് സെക്റ്ററില്‍ 900 റിയാല്‍, ദമാം-കൊച്ചി 850 റിയാൽ
റിയാദ്: സഊദിയില്‍ നിന്നും ഇന്ത്യക്കാർക്ക് നാട്ടിലേക്ക് പോകുന്നതിനായി ആരംഭിക്കുന്ന സ്പെഷ്യല്‍ വിമാന സര്‍വ്വീസുകളുടെ ടിക്കറ്റ് നിരക്കിൽ വ്യക്തതയായി. റിയാദിലെ ഇന്ത്യൻ എംബസിയാണ് വിവിധ സെക്റ്ററുകളിലേക്കുള്ള ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചത്. ഇത് പ്രകാരം മറ്റുള്ള സർവ്വീസ് ചാർജുകളൊന്നും കൂടാതെ ആദ്യ സർവീസായ വെള്ളിയാഴ്ചയിലെ റിയാദ്-കോഴിക്കോട് സെക്റ്ററില്‍ 900 റിയാല്‍ ആയിരിക്കും വിമാന നിരക്ക്. ഇത് ടാക്സ് ഒഴികെയുളള നിരക്കാണ്. ഇതിന് പുറമെ മിസലേനിയസ് ചാര്‍ജും അടക്കേണ്ടി വരുമെന്നാണ് അറിയുന്നത്. ഇന്ത്യന്‍ അംബാസഡര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ 1500 റിയാല്‍ ടിക്കറ്റ് നിരക്ക് വരുമെന്നാണ് അറിയിച്ചത്.
കൂടാതെ, മറ്റു സെക്റ്ററുകളിലെ വിമാന നിരക്കുകളും എംബസി വ്യക്തമാക്കിയിട്ടുണ്ട്. പത്തിന് പുറപ്പെടുന്ന റിയാദ്-ഡൽഹി1,023 റിയാൽ, 12 നു പുറപ്പെടുന്ന ദമാം-കൊച്ചി 850 റിയാൽ, 13 പുറപ്പെടുന്ന ജിദ്ദ-ഡൽഹി 1,350 റിയാൽ എന്നിങ്ങനെയാണ് നിരക്കുകൾ. എന്നാൽ, ഇതോടൊപ്പം മറ്റു ചാർജുകൾ കൂടി ചേരുന്നതോടെ നേരിയ വർധനവുണ്ടായേക്കും. 14 നു പുറപ്പെടുന്ന ജിദ്ദ-കൊച്ചി വിമാന സർവ്വീസ് നിരക്ക് ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല.
ടിക്കറ്റ് യാത്രക്കാർ നേരിട്ട് എയർ ഇന്ത്യയിൽ നിന്ന് എടുക്കുകയാണ് വേണ്ടത്. അതാത് വിമാനത്തിൽ യാത്രാ ചെയ്യുന്നവർക്ക് യാത്രക്ക് 48 മണിക്കൂറിന് മുമ്പ് യാത്ര സംബന്ധമായ വിവരം നൽകും. സഊദിയുടെ വിദൂര പ്രദേശങ്ങളിൽ നിന്നുള്ള യാത്രാ അനുമതി ലഭ്യമായവർ കർഫ്യൂ ഇളവുള്ള സമയങ്ങളിൽ അതാത് വിമാനത്താവളങ്ങളിൽ എത്തിച്ചേരണം. ഇതിനായി പ്രത്യേക ഇളവ് ലഭിക്കുകയില്ല. അതേസമയം, റിയാദ് എയര്‍ ഇന്ത്യാ ഓഫീസില്‍ യാത്രക്ക് തെരഞ്ഞെടുത്തവരുടെ പേരും പാസ്പോര്‍ട്ട് നമ്പരും എംബസി കൈമാറി. രണ്ട് പട്ടികയാണ് കൈമാറിയിട്ടുളളത്. ഒന്ന് വൈറ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ്. നാളെ ഇവര്‍ എയര്‍ ഇന്ത്യാ ഓഫീസിലെത്തി ടിക്കറ്റ് നേടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."