നാട്ടുകാരുടെ സ്വന്തം 'കണ്ണന്‍സ് കഫേ'
പയ്യന്നൂര്‍: നാട്ടിന്‍പുറ സംസ്‌കാര തനിമയോടെ തലയെടുപ്പോടെ നില്‍ക്കുകയാണ് നാട്ടുകാര്‍ക്കെന്നും സ്വന്തമായ പയ്യന്നൂരിലെ കണ്ണന്‍സ് കഫെ. 110 വര്‍ഷത്തിന്റെ പ്രൗഢിയില്‍ ഇന്നും നാട്ടുകാരുടെ പ്രിയപ്പെട്ട ചായക്കടയാണ് പയ്യന്നൂര്‍ ടൗണില്‍ കരിഞ്ചാമുണ്ഡി ക്ഷേത്രത്തിന് സമീപത്തുള്ള കണ്ണന്‍സ് കഫെ.
1908ല്‍ കോറോം സ്വദേശിയായ പിലാങ്കു കണ്ണനാണ് ചായക്കട നിര്‍മിച്ചത്. വാഹന സൗകര്യം തീരെ കുറവായിരുന്ന നാളുകളില്‍ കാല്‍നടയായി എത്തിയവര്‍ക്ക് ഏറെ ആശ്വാസകരമായിരുന്നു കണ്ണന്‍സ് കഫെയിലെ ചായയും സ്വദേശ് വടയും. 1962ല്‍ സഹായത്തിനായി കണ്ണന്‍ തന്റെ മകനെയും കൂട്ടി. ഒടുവില്‍ അച്ഛന്റെ കാലശേഷം മകനായ എടാടന്‍ പുതിയ വീട്ടില്‍ ജനാര്‍ദ്ദനന്‍ കടയുടെ ഉത്തരവാദിത്വം ഏറ്റെടുത്തു.
വാസസ്ഥലമായ കോറോത്ത് നിന്നു പുലര്‍ച്ചെ മൂന്നോടെ കാല്‍നടയായാണ് ജനാര്‍ദ്ദനനും ഭാര്യ പുഷ്പവല്ലിയും ഇന്നും കടയിലെത്തുന്നത്. കടയിലെത്തി ഇരുവരും ചേര്‍ന്ന് ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കി രാവിലെ എട്ടോടെ കച്ചവടം ആരംഭിക്കും.
അച്ഛനുപയോഗിച്ചിരുന്ന സമോവറില്‍ തന്നെയാണ് ഇന്നും ജനാര്‍ദ്ദനന്‍ ചായയുണ്ടാക്കുന്നത്. കല്‍ക്കരി ക്ഷാമം നേരിടുന്നുണ്ടെങ്കിലും കടയിലെത്തുന്നവര്‍ക്ക് സമോവറില്‍ തന്നെ ചായയുണ്ടാക്കി നല്‍കണമെന്ന ആഗ്രഹത്താല്‍ കരി എവിടുന്നായാലും സംഘടിപ്പിച്ചെടുക്കും. ഭക്ഷണം നല്‍കുന്നതോ വാഴയിലയിലും.
1939ല്‍ ബ്രിട്ടീഷ് സര്‍ക്കാറിന്റെ ആരോഗ്യവകുപ്പില്‍നിന്ന് അച്ചന് ലഭിച്ച ബെസ്റ്റ് ക്ലീനിങിനുള്ള സര്‍ട്ടിഫിക്കറ്റ് ചില്ലിട്ട കൂടില്‍ നിധിപോലെ ഇന്നും സൂക്ഷിച്ചുവച്ചിട്ടുണ്ട് ജനാര്‍ദ്ദനന്‍. ഇത്രയും വര്‍ഷത്തിനുള്ളില്‍ എട്ട് തവണയാണ് കടയില്‍ മോഷണം നടന്നത്. മോഷണം തുടര്‍ക്കഥയായതോടെ നിത്യസന്ദര്‍ശകരുടെയും മക്കളുടെയും വാക്കില്‍ ജനാര്‍ദ്ദനന്‍ കടിയില്‍ സി.സി കാമറ വച്ചു. അതിനു ശേഷം കടയില്‍ അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ല.
പയ്യന്നൂരിന്റെ ഓരോ വളര്‍ച്ചയുടെയും ചൂടേറ്റ് കാലത്തിനൊപ്പം സഞ്ചരിച്ചതാണ് കണ്ണന്‍സ് കഫേ. അഞ്ച് തലമുറയില്‍പെട്ടവര്‍ക്ക് ഭക്ഷണം നല്‍കാന്‍ സാധിച്ചുവെന്ന് സന്തോഷത്തോടെ ജനാര്‍ദ്ദനന്‍ പറഞ്ഞു. മിതമായ ലാഭമെടുത്ത് നല്ല ഭക്ഷണം കൊടുക്കുകയെന്ന അച്ഛന്റെ വാക്കാണ് ഇന്നും തന്റെ നിലനില്‍പിനാധാരം എന്നും ജനാര്‍ദ്ദനന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."