അമിത്ഷാ വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ മികച്ച വക്താവെന്ന് തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രിയന്‍
കൊല്‍ക്കത്ത: ബി.ജെ.പിക്കും ദേശീയ അധ്യക്ഷന്‍ അമിത്ഷാക്കുമെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയന്‍. സമൂഹത്തെ വിഭജിക്കാനും വെറുപ്പിന്റെ രാഷ്ട്രീയം വിതരണം ചെയ്യാനും കഴിയുന്ന മികച്ച വക്താക്കളാണ് അമിത് ഷായും ആ പാര്‍ട്ടിയിലെ നേതാക്കളുമെന്ന് അദ്ദേഹം ആരോപിച്ചു.
സൈന്യം രാജ്യത്തിന്റേതാണ് അല്ലാതെ മോദി-അമിത്ഷാ കൂട്ടുകെട്ടിന്റെയും ബി.ജെ.പിയുടെയും അല്ലെന്ന കാര്യം ഇവര്‍ മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക് സഭാ തെരഞ്ഞെടുപ്പില്‍ പുല്‍വാമ ഭീകരാക്രമണത്തെ രാഷ്ട്രീയ മുതലെടുപ്പിനായി ഇവര്‍ ഉപയോഗിക്കും. ദേശസ്‌നേഹത്തെക്കുറിച്ചുള്ള ഇവരുടെ പ്രസംഗങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സൈനികരെ മാനിക്കുന്നുവെന്നും എന്നാല്‍ അവരെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്ന മോദിയുടെയും ബി.ജെ.പിയുടെയും നീക്കത്തെ ഒരു തരത്തിലും അനുകൂലിക്കാന്‍ കഴിയില്ലെന്നും കഴിഞ്ഞ ദിവസം ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ അധ്യക്ഷയുമായ മമതാ ബാനര്‍ജി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തൃണമൂലിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളായ ഒബ്രിയനും വിമര്‍ശനവുമായി രംഗത്തെത്തിയത്.
ഭീകര കേന്ദ്രങ്ങള്‍ക്കുനേരെ വ്യോമസേന നടത്തിയ ആക്രമണത്തിന്റെ വിവരങ്ങള്‍ സംബന്ധിച്ച് എല്ലാവര്‍ക്കും അറിയാന്‍ താല്‍പര്യമുണ്ട്. എവിടെയാണ് വ്യോമസേന ബോംബിട്ടത്, ആക്രമണത്തില്‍ എത്രപേര്‍ മരിച്ചു എന്ന് വ്യക്തമാക്കാനും കേന്ദ്ര സര്‍ക്കാര്‍ തയാറാകണം. വിദേശ മാധ്യമങ്ങളായ ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ് എന്നിവയില്‍ പറയുന്നത് ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ്. എന്നാല്‍ ചില മാധ്യമങ്ങള്‍ പറഞ്ഞത് ഒരാള്‍ മരിച്ചുവെന്നാണ്. എന്നാല്‍ ഇക്കാര്യങ്ങളിലെല്ലാം വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക് രാജ്യസ്‌നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് ബി.ജെ.പി നല്‍കേണ്ടതില്ല. രാജ്യം സ്വാതന്ത്ര്യത്തിനായി സമരത്തിലായിരുന്നപ്പോള്‍ ബി.ജെ.പിക്കാര്‍ ഒളിച്ചിരിക്കുകയായിരുന്നുവെന്നും ഡെറിക് ഒബ്രിയന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."