ജെന്‍ഡര്‍ പാര്‍ക്ക്: അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും: മന്ത്രി
കോഴിക്കോട്: ഉദ്ഘാടനം കഴിഞ്ഞിട്ടും തുറന്നു കൊടുക്കാതിരുന്ന സ്ത്രീകള്‍ക്ക് മാത്രമായുള്ള സുരക്ഷാ കേന്ദ്രമെന്ന നിലയില്‍ സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച ജെന്‍ഡര്‍ പാര്‍ക്കിനെ അന്താരാഷ്ട്ര നിലവാരമുള്ള ഇന്‍സ്റ്റിറ്റ്യൂട്ടായി ഉയര്‍ത്താന്‍ വേണ്ടിയുള്ള നടപടികള്‍ ഉടനടി പൂര്‍ത്തീകരിക്കുമെന്ന് ആരോഗ്യ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു.
2011 ല്‍ ഉദ്ഘാടനം കഴിഞ്ഞിട്ടും തുറന്ന് നല്‍കാത്തത് ശ്രദ്ധയില്‍ പെടുത്തുന്ന തരത്തില്‍ സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി സന്ദര്‍ശിക്കാനെത്തിയത്. അന്താരാഷ്ട്ര തലത്തില്‍ ജെന്‍ഡര്‍ ആന്‍ഡ് ഡവലപ്‌മെന്റ് എന്ന തരത്തിലാണ് സ്ഥാപനം ആരംഭിക്കുക. ഇതിനുള്ള രൂപരേഖ തയാറാക്കാനവശ്യമായ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കും.
വെള്ളിമാട്കുന്ന് സാമൂഹിക നീതി വകുപ്പ് കോംപ്ലക്‌സിലുള്ള അഞ്ച് ഏക്കര്‍ സ്ഥലത്താണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 15 കോടിയുടെ ബൃഹത് പദ്ധതിയുടെ ആദ്യ ഘട്ടം 2012ല്‍ അന്നത്തെ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയായിരുന്ന ഡോ.എം.കെ മുനീര്‍ എം.എല്‍.എ മുന്‍കൈ എടുത്ത് പൂര്‍ത്തിയാക്കിയിരുന്നു.
എന്നാല്‍ ഇത് ഉപയോഗപ്പെടുത്താനാവശ്യമായ നടപടികള്‍ അന്ന് സ്വീകരിച്ചില്ലായിരുന്നു. എന്നാല്‍ പുതിയ സര്‍ക്കാരിന്റെ 2017-18 ബജറ്റില്‍ ജെന്‍ഡര്‍ പാര്‍ക്കിന്റെ വികസനത്തിന് 11 കോടിരൂപ അനുവദിച്ചിട്ടുണ്ടെന്നും നിലവില്‍ ഇവിടെ നടന്നു കൊണ്ടിരിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇതിനു ശേഷം രണ്ടാം ഘട്ട പ്രവൃത്തികള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സമൂഹത്തില്‍ പാര്‍ശ്വ വത്കരിക്കപ്പെടുന്ന പിന്നോക്കം നില്‍ക്കുന്ന സ്ത്രീ സമൂഹത്തെ സംബന്ധിച്ച് ചര്‍ച്ചയും ഗവേഷണവും നടത്തുന്ന തരത്തില്‍ സ്ഥാപനത്തെ ഉയര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു.
അഭ്യസ്ത വിദ്യരായവരും അല്ലാത്തവരുമായ സ്ത്രീകള്‍ക്ക് പ്രത്യേകം തൊഴില്‍ നൈപുണ്യ പരീശീലനം നല്‍കും. പി.എച്ച്.ഡി, ഡിപ്ലോമ, അഡ്വാന്‍സ് ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവ ആരംഭിക്കാനും പദ്ധതിയുണ്ട്.
സാമൂഹിക നീതി വകുപ്പിന്റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കുന്ന തരത്തിലേക്ക് സ്ഥാപനത്തെ ഉയര്‍ത്തുമെന്നും ഇതിനോടനുബന്ധിച്ച് ആശാഭവനുകള്‍, മഹിളാ മന്ദിരങ്ങള്‍ എന്നിവയുടെ പശ്ചാത്തല സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. എ.പ്രദീപ് കുമാര്‍ എം.എല്‍.എ, വകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."