തെരുവംപറമ്പ് ബോംബേറ്: പൊലിസിന് വിമര്‍ശനവുമായി ലീഗ് നേതൃത്വം
നാദാപുരം: പൊലിസ് സ്വീകരിക്കുന്ന നിസംഗതയാണ് നാദാപുരം പ്രദേശത്ത് അടിക്കടിയുണ്ടാകുന്ന അക്രമങ്ങള്‍ക്ക് കാരണമെന്ന ആരോപണവുമായി ലീഗ് രംഗത്ത്. ഇന്നലെ ചേര്‍ന്ന സമാധാനയോഗത്തിലാണ് പൊലിസിനെതിരേ വിമര്‍ശനവുമായി ലീഗ് നേതാക്കള്‍ രംഗത്തെത്തിയത്.
ഒരുവര്‍ഷത്തിനിടെ നിരവധി തവണയാണ് തെരുവംപറമ്പ്, തൊട്ടടുത്ത പയന്തോങ് എന്നിവിടങ്ങളില്‍ ബോംബേറും തീവെപ്പടക്കമുള്ള അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. ഒന്നില്‍ പോലും പ്രതികളെ പിടികൂടാന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ തെരുവംപറമ്പ് മുസ്‌ലിം ലീഗ് ഓഫിസിനുനേരെ ബോംബേറ് നടന്നത്.
റിലീഫ് സെന്റര്‍ ഓഫീസുമായി പ്രവര്‍ത്തിക്കുന്ന ഇരുനില കെട്ടിടത്തിന്റെ മുകള്‍ഭാഗത്തിനു സ്‌ഫോടനത്തില്‍ കേടുപറ്റി. കഴിഞ്ഞ മാസം സി.പി.എം പ്രാദേശിക നേതാവിന്റെ തയ്യല്‍ കടയും ഇവിടെ രണ്ടു തവണ തീവെച്ച് നശിപ്പിച്ചിരുന്നു. കൂടാതെ സി.പി.എം സ്തൂപത്തിനു നേരെയും ബോംബേറുണ്ടായി. പയന്തോങ്ങില്‍ എം.എസ്.എഫ് പ്രവര്‍ത്തകന്‍ റാബിത്തിന്റെ വീടിനുനേരെ ബോംബേറ് നടന്നതും ആവോലം, കല്ലാച്ചി എന്നിവിടങ്ങളില്‍ നിന്ന് ഐ.ഇ.ഡി സംവിധാനമുള്ള രണ്ടു പുതിയതരം ബോംബുകള്‍ കണ്ടെത്തിയതും ഇതേ സമയത്തു തന്നെയായിരുന്നു.
ഇവ നിര്‍മിച്ചവരെ കണ്ടെത്താന്‍ പ്രത്യേക സ്‌കോഡിനെ നിയമിച്ചിരുന്നുവെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. രാത്രികാലത്ത് അക്രമവും സ്‌ഫോടനവും പതിവാക്കിയ സംഘങ്ങള്‍ മേഖലയില്‍ സജീവമാണെന്ന് രാഷ്ട്രീയ നേതൃത്വം തന്നെ സമ്മതിക്കുമ്പോഴും ഇവരെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കാന്‍ പൊലിസ് തയാറാകുന്നില്ലെന്നാണ് പരക്കെയുള്ള ആക്ഷേപം.
സി.പി.എമ്മിന്റെ ആജ്ഞാനുവര്‍ത്തികളായി പൊലിസ് മാറിയതാണ് മേഖലയില്‍ ക്രിമിനലുകള്‍ക്കു വളരാന്‍ സാഹചര്യമൊരുക്കുന്നതെന്നും ഓഫിസ് ആക്രമിച്ച സാമൂഹ്യവിരുദ്ധരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സ്ഥലം സന്ദര്‍ശിച്ച ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് പി. ശാദുലി ആവശ്യപ്പെട്ടു. നസീര്‍ വളയം, എന്‍.കെ ജമാല്‍ ഹാജി എന്നിവരും കൂടെയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."