ഏറ്റവും ഉയര്‍ന്ന സര്‍ഗാത്മക പ്രവര്‍ത്തനമാണ് വായന: ഡോ. ഖദീജാ മുംതാസ്
കൊയിലാണ്ടി: സര്‍ഗാത്മക പ്രവര്‍ത്തനത്തിന്റെ ഏറ്റവും ഉയര്‍ന്ന തലമാണ് വായനയെന്ന് ഡോ. ഖദീജ മുംതാസ് പറഞ്ഞു. കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റും പ്രശസ്ത സാഹിത്യകാരിയുമായ ഡോ. ഖദീജ മുംതാസ്.
വിദ്യാര്‍ഥിനികള്‍ക്കായുള്ള വായനാകാര്‍ഡ് പ്രകാശനം ചെയ്യുകയും 'കുഞ്ഞുണ്ണി ചിത്രശലഭം' സംസ്ഥാന പുരസ്‌കാര ജേതാവ് ശ്രീനന്ദയെ പുരസ്‌കാരം നല്‍കി അനുമോദിക്കുകയും വിദ്യാര്‍ഥികളുമായി സംവദിക്കുകയും ചെയ്തു. നഗരസഭാംഗം പി.എം ബിജു അധ്യക്ഷനായി. പ്രധാനാധ്യാപകന്‍ മൂസ മേക്കുന്നത്ത്, എ. സജീവ് കുമാര്‍, അന്‍സാര്‍ കൊല്ലം, എം.കെ ഗീത, രാഗേഷ് കുമാര്‍, ആര്‍.എം രാജന്‍ സംസാരിച്ചു.
ചേമഞ്ചേരി: ചേമഞ്ചേരി യു.പി സ്‌കൂളില്‍ നടന്ന പഞ്ചായത്ത്തല വായന വാരാചരണവും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ വിജയിച്ച പൂര്‍വ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണി തിയ്യക്കണ്ടി അധ്യക്ഷനായി. കെ.ടി രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയ പി. ഹന്ന പര്‍വിന്‍, വി.കെ അഞ്ജന എന്നിവര്‍ക്ക് ഗ്രാമപഞ്ചായത്ത് മെംബര്‍ സത്യന്‍ മാടഞ്ചേരിയും എല്‍.എസ്.എസ് വിജയികളായ കെ.വി ബബിന്‍, പി. സനിന്‍ ഷഹാം എന്നിവര്‍ക്ക് സ്‌കൂള്‍ മാനേജര്‍ എം. അഹമ്മദ്‌കോയ ഹാജിയും മികച്ച വായനക്കാരായ വിദ്യാര്‍ഥികള്‍ക്ക് പന്തലായനി ബി.പി.ഒ എം.ജി ബല്‍രാജും ഉപഹാരം നല്‍കി. പി.ടി.എ പ്രസിഡന്റ് എ.കെ അനൂപ് കുമാര്‍, ബിജു കാവില്‍, ശശി, ഇസ്മായില്‍, പ്രധാനാധ്യാപിക കെ.എം ആശ, വി. മുഹമ്മദ് ഷരീഫ് സംസാരിച്ചു.
ബാലുശേരി: ബാലുശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായനാവാരാഘോഷത്തിന് തുടക്കമായി. കഥാകൃത്ത് വി.പി ഏലിയാസ് വായനാവാരം ഉദ്ഘാടനം ചെയ്തു. വാരാചരണത്തിന്റെ ഭാഗമായി പുസ്തക പരിചയം, സാഹിത്യ ക്വിസ്, വായനാകുറിപ്പ് പ്രസിദ്ധീകരണം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. പ്രധാനാധ്യാപിക കെ.കെ രജനി അധ്യക്ഷയായി. നിരുപമ ദാസ്, നന്ദന സുരേഷ് സംസാരിച്ചു.
നടുവണ്ണൂര്‍: രാമുണ്ണി മാസ്റ്റര്‍ ഗ്രന്ഥാലയം നടത്തിയ വായനാദിനാചരണം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈ. പ്രസിഡന്റ് എന്‍. ആലി ഉദ്ഘാടനം ചെയ്തു. ടി.സി സുരേന്ദ്രന്‍ അധ്യക്ഷനായി. കെ.കെ യൂസഫ് മുഖ്യപ്രഭാഷണം നടത്തി. എന്‍. ഷിബീഷ്, ബി.കെ ജിജീഷ് മോന്‍, എം.രവീന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."