യു.എസ്- ദ. കൊറിയ സംയുക്ത സൈനികാഭ്യാസം അവസാനിപ്പിക്കുന്നു
സോള്‍: അമേരിക്കയും ദക്ഷിണകൊറിയയും തമ്മില്‍ നടത്തിവരുന്ന സംയുക്ത സൈനികാഭ്യാസം അവസാനിപ്പിക്കുന്നു. ഉത്തരകൊറിയയെ സമ്പൂര്‍ണ ആണവനിരായുധീകരണത്തിന് പ്രേരിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് നടപടി.
അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പാട്രിക് ഷനഹാനും ദക്ഷിണകൊറിയന്‍ പ്രതിരോധമന്ത്രി ജ്യോങ് ക്യോങ് ദൂവും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. കഴിഞ്ഞയാഴ്ച വിയറ്റ്‌നാമില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കുന്നതിനായി ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പങ്കെടുത്ത ഉച്ചകോടി നടന്നിരുന്നു. ഉച്ചകോടിയുടെ പ്രധാന അജണ്ടകളിലൊന്ന് ആണവായുധ പരീക്ഷണങ്ങളില്‍ നിന്ന് ഉത്തരകൊറിയയെ പിന്തിരിപ്പിക്കലായിരുന്നു. ഉച്ചകോടിയിലെ ധാരണപ്രകാരമായിരിക്കാം പുതിയ തീരുമാനം എന്നാണ് റിപ്പോര്‍ട്ട്. തങ്ങളുടെ ബദ്ധവൈരികളായ അമേരിക്കയും ദക്ഷിണ കൊറിയയും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസം ഉത്തരകൊറിയയെ കൂടുതല്‍ പ്രകോപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇതു നിര്‍ത്തലാക്കി ഉത്തരകൊറിയയെ ആണവനിരായുധീകരണ പാതയിലേക്കു കൊണ്ടുവരാമെന്നാണ് അമേരിക്ക കണക്കുകൂട്ടുന്നത്. സംയുക്തസൈനികാഭ്യാസം ചെലവേറിയതാണെന്ന് കിംജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. സംയുക്ത സൈനികാഭ്യാസം തല്‍ക്കാലത്തേക്ക് അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കൊറിയന്‍ കടല്‍തീരത്ത് ഇരു രാജ്യങ്ങളും സൈനിക പരിശീലനം തുടരും. 30,000 ഓളം അമേരിക്കന്‍ സൈനികര്‍ സംയുക്ത അഭ്യാസത്തിനായി ദക്ഷിണകൊറിയയിലുണ്ട്. വ്യോമയാനം, നാവികം, പ്രത്യേക ദൗത്യ നീക്കം തുടങ്ങിയ അഭ്യാസങ്ങളാണ് എല്ലാ വര്‍ഷവും ഇരുരാജ്യങ്ങളും നടത്തി വന്നിരുന്നത്. ഇതിനു പുറമെ കംപ്യൂട്ടര്‍ അധിഷ്ഠിത സാങ്കേതിക അഭ്യാസങ്ങളും നടത്തിവരാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."