അതിഥിത്തൊഴിലാളികള്‍, അതോ അഗതിത്തൊഴിലാളികളോ?
കേരളത്തില്‍ നിന്ന് ഇതരസംസ്ഥാനക്കാരായ നിരവധി ആളുകളുടെ സ്വന്തം നാട്ടിലേക്കുള്ള തിരിച്ചു പോക്ക് നടക്കുകയാണിപ്പോള്‍. അതേപോലെ തന്നെ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും മലയാളികള്‍ തിരിച്ചു വരുന്നുമുണ്ട്. കൊവിഡ് എന്ന മഹാമാരി സൃഷ്ടിച്ച പ്രയാസങ്ങളുടേയും ഭീതിയുടേയും പശ്ചാത്തലത്തിലാണ് ഉറ്റവരുടേയും ഉടയവരുടേയും അടുത്തേക്കുള്ള ഈ മടക്കം. ഇത് സൃഷ്ടിക്കുന്ന സാമൂഹ്യവും സാമ്പത്തികവും വൈകാരികവുമായ സമ്മര്‍ദങ്ങളെയും പ്രതിസന്ധികളെയും കുറിച്ച് ഗൗരവത്തോടെയുള്ള ആലോചനകള്‍ നടന്നുവരികയാണ്. അവരുടെ യാത്രച്ചെലവ്, പുനരധിവാസം, രോഗ ഭീതിയുടെ പശ്ചാത്തലത്തില്‍ എവിടെ താമസിപ്പിക്കുമെന്ന സന്ദിഗ്ദ്ധത എന്നിങ്ങനെയൊക്കെ ചെറുതും വലുതായ നൂറായിരം പ്രശ്‌നങ്ങള്‍. ഈ പ്രശ്‌നങ്ങളുടേയെല്ലാം അടിയില്‍ വര്‍ത്തിക്കുന്നത് സൂക്ഷ്മവിശകലനത്തില്‍ വേരറ്റു അന്യദേശത്ത് അകപ്പെട്ടു പോയ മനുഷ്യന്റെ ആത്മവ്യഥയാണ്.
ജീവിക്കുവാനുള്ള പങ്കപ്പാടില്‍ മലയാളികള്‍ വിദേശ നാടുകളിലേക്കെന്നതു പോലെ തന്നെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്കും കുടിയേറിയിട്ടുണ്ട്. ചന്ദ്രനില്‍ പോയ സഞ്ചാരികള്‍ അവിടെ മലയാളിയുടെ ചായക്കട കണ്ടു ഞെട്ടി എന്നാണല്ലോ ഇത് സംബന്ധിച്ചുള്ള ചൊല്ല്. എന്നാല്‍ കേരളത്തിലേക്കുള്ള ഇതരനാട്ടുകാരുടെ വരവ് അടുത്ത കാലത്താണ് തുടങ്ങിയത്. കേരളത്തിലെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതായതിനാല്‍ പിന്നീട് അത് വലിയൊരു ഒഴുക്കായി മാറി. പെരുമ്പാവൂരില്‍ നിന്നും ആലുവയില്‍ നിന്നും ആരംഭിച്ച ഈ പ്രതിഭാസം ഇന്ന് കേരളത്തില്‍ എല്ലായിടത്തും ദൃശ്യമാണ്. ഏത് സംസ്ഥാനത്തു നിന്ന് വന്ന ആളായാലും നാം അവരെ ബംഗാളി എന്നാണ് വിളിച്ചു പോന്നത്, ഭായി എന്നും. ഈ വിളിയില്‍ മലയാളിയുടെ ആതിഥ്യമര്യാദയുടേയും പ്രബുദ്ധതയുടേയും അടയാളങ്ങളാണോ കാണാനുള്ളത് എന്ന് ആലോചിച്ചു നോക്കുന്നത് നല്ലതാണ്. ഒരിക്കലും ഇതരസംസ്ഥാനത്തൊഴിലാളിക്ക് മനുഷ്യോചിതമായ അന്തസ്സ് നാം വകവെച്ച് കൊടുത്തിട്ടില്ല.
നമ്മളേക്കാള്‍ ഒരു പടി താണവര്‍ എന്ന നിലയിലാണ് പ്രബുദ്ധകേരളവും ഇതരസംസ്ഥാനത്തു നിന്നു വന്ന ആളുകളെ കണ്ടിട്ടുള്ളത്. തമിഴരായാലും ഉത്തരേന്ത്യന്‍ തൊഴിലാളികളായാലുമെല്ലാം അവര്‍ സാമാന്യമായി മലയാളി മുഖ്യധാരക്ക് പുറത്തായിരുന്നു. തമിഴരെ നാം അണ്ണാച്ചി എന്ന് വിളിച്ചു നിന്ദിച്ചു. ഉത്തരേന്ത്യന്‍ തൊഴിലാളികളെ ഭായി എന്നും ബംഗാളി എന്നും വിളിച്ച സമയത്തും അതിന്നടിയില്‍ ഈ നിന്ദ ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു. നാം അവരെ എല്ലാ വൃത്തികേടുകളുടേയും അവതാരങ്ങളായാണ് കണക്കാക്കിയത്. കള്ളന്മാരും കവര്‍ച്ചക്കാരുമായും അവരെ നമ്മുടെ മനസ്സില്‍ കുടിയിരുത്തി. എവിടെ മോഷണം നടന്നാലും അടുത്തു താമസിക്കുന്ന ഭായിയെ സംശയിച്ചു. രണ്ടാം തരം പൗരത്വത്തിന്റെ മാനസികാഘാതവും പേറിയാണ് ഭായിമാര്‍ ഇവിടെ ജീവിച്ചത്. പട്ടിണിയും പരിവട്ടവും ദയനീയമായ ജീവിത സാഹചര്യങ്ങളും മാത്രം കാത്തുനില്‍ക്കുന്ന സ്വന്തം ഗ്രാമങ്ങളിലേക്ക് കിട്ടിയ ആദ്യത്തെ അവസരത്തില്‍ തന്നെ പുറപ്പെടാന്‍ തിക്കും തിരക്കും കൂട്ടി അവര്‍ വന്നെങ്കില്‍ അതിന്നു പിന്നില്‍ അവര്‍ പ്രബുദ്ധകേരളത്തില്‍ അനുഭവിച്ച യാതനകളുടേയും നിന്ദയുടേയും ഭാരമുണ്ട്. അതിഥിത്തൊഴിലാളി എന്ന് വിളിച്ച് കൊഞ്ചിച്ചത് കൊണ്ട് ആ ഭാരം ഒഴിഞ്ഞു പോവുകയില്ല. അല്ലെങ്കിലും എന്നു മുതലാണ് നാം സ്‌നേഹം വഴിഞ്ഞൊഴുകുന്ന ഈ വിളി വിളിക്കാന്‍ തുടങ്ങിയത്?
പ്രശ്‌നം ഗുരുതരം
കുടിയേറ്റപ്പണിക്കാരുടെ പ്രയാസങ്ങള്‍ കേരളത്തില്‍ മാത്രമുള്ളവയല്ല. ഒരര്‍ഥത്തില്‍ സാമാന്യം മെച്ചമായ അവസ്ഥയിലാണ് നമ്മുടെ നാട്ടില്‍ അവരുടെ ജീവിതം. സര്‍ക്കാരിന്റെ പല ക്ഷേമ പദ്ധതികളും അവര്‍ക്ക് തുണയായുണ്ട്. അവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യങ്ങളും ആനുകൂല്യങ്ങളുമുണ്ട്. സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ തുണയുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് അവര്‍ക്ക് ഭക്ഷണം നല്‍കാനും താമസ സൗകര്യം ഒരുക്കാനും സര്‍ക്കാരും പൊതുസമൂഹവും നന്നായി ശ്രദ്ധിച്ചു. സന്തോഷ് ഏച്ചിക്കാനത്തിന്റെ ഒരു കഥയുണ്ട് -ബിരിയാണി. അതിലെ പ്രധാന കഥാപാത്രമാണ് ഗോപാല്‍ യാദവ്. അദ്ദേഹത്തോട് തികഞ്ഞ അനുതാപമാണ് കഥാകൃത്ത് പ്രകടിപ്പിക്കുന്നത്. അതായത് അന്യദേശക്കാരന്റെ ആത്മവ്യഥകള്‍ ഒരു പരിധി വരെ മലയാളി ഉള്‍ക്കൊള്ളുന്നു. എന്നിട്ട് പോലും പായിപ്പാട്ടും പയ്യോളിയിലും മുക്കത്തുമെല്ലാം ഭായിമാര്‍ തെരുവിലിറങ്ങേണ്ടിവന്നു. എന്നാല്‍ ഇതിനേക്കാള്‍ വളരെ ഭീകരമാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിലവിലുള്ള അവസ്ഥ.
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ പലേടത്തും അവര്‍ നാട്ടിലേക്കുള്ള തിരിച്ചു പോക്കിന്നിടയില്‍ മരിച്ചു, ലാത്തിച്ചാര്‍ജിനു ഇരയായി, പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ള പാര്‍പ്പിടങ്ങളിലേക്ക് തള്ളപ്പെട്ടു. സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ചു വരുന്നത് തടഞ്ഞു. എന്തിനേറെ അപകടകരമായ രാസവസ്തുക്കള്‍ സ്‌പ്രേ ചെയ്തു അവരെ അണുവിമുക്ത(?)മാക്കുക കൂടിയുണ്ടായി. ഉദ്യോഗസ്ഥരും നാട്ടുമൂപ്പന്മാരും മറ്റും ചേര്‍ന്നാണ് ഇങ്ങനെയെല്ലാം പെരുമാറിയത്. തങ്ങള്‍ ജോലിയെടുക്കുന്ന ദേശങ്ങളിലോ സ്വന്തം ജന്മനാടുകളിലോ യാതൊരുവിധ അവകാശമോ അംഗീകാരമോ ഇല്ലാത്ത, സര്‍ക്കാരിന്റെ നയരൂപീകരണത്തില്‍ യാതൊരു പങ്കും വഹിക്കാത്ത ആളുകളാണ് അവര്‍. അനൗപചാരിക സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായ ഇവര്‍ ആറരക്കോടിയോളം വരും. അതില്‍ 40 ശതമാനം പേരും നിര്‍മ്മാണ മേഖലയിലാണ്. 15 ശതമാനം പേര്‍ കാര്‍ഷിക രംഗത്ത്. അവരെ അനുഗമിച്ചിട്ടുള്ള കുടുംബാംഗങ്ങളെക്കൂടി കൂട്ടുമ്പോള്‍ പത്തു കോടി വരും ഈ തൊഴിലാളികളുടെ അംഗസംഖ്യ. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെയെല്ലാം സമ്പദ്‌വ്യവസ്ഥയെ ചലിപ്പിക്കുന്നത് ഇതരസ്ഥലങ്ങളില്‍ നിന്നു വന്ന ഈ തൊഴിലാളികളാണ്.
കേരളത്തില്‍ ഇതരനാടുകളില്‍ നിന്ന് തൊഴിലാളികള്‍ എത്തിച്ചേര്‍ന്നതും നമ്മുടെ നഗരവല്‍ക്കരണത്തിന്റെ പാര്‍ശ്വ ഫലം എന്ന നിലയിലാണ്. അത്യന്തം വൃത്തിഹീനവും അപകടകരവും പ്രയാസജനകവുമായ സാഹചര്യങ്ങളില്‍ ജോലിയെടുക്കുന്ന ഈ തൊഴിലാളികള്‍ ഇപ്പോള്‍ വിവേചനത്തിന്റെ ദുരിതവും അനുഭവിക്കുന്നു എന്നതാണ് കഷ്ടം. ലോക്ക് ഡൗണ്‍ കാലത്ത് ചെയ്യേണ്ടിയിരുന്നത് അനൗപചാരിക മേഖലയില്‍ പണിയെടുക്കുന്ന ഈ തൊഴിലാളികള്‍ക്ക് നഷ്ടപ്പെടുന്ന അവസരങ്ങള്‍ക്ക് പകരം നഷ്ടപരിഹാരവേതനം നല്‍കുകയായിരുന്നു. അതുണ്ടായില്ല എന്നു മാത്രമല്ല, മുംബൈയില്‍ കണ്ടതുപോലെ അവരെ പൊലിസ് അടിച്ചോടിച്ചു. ഏറ്റവും ഒടുവില്‍ നാട്ടിലേക്കുള്ള യാത്രക്കൂലി പോലും സ്വന്തം കീശയില്‍ നിന്ന് എടുക്കേണ്ടി വന്നിരിക്കുകയാണ് അവര്‍. ഇവിടെ ഒന്നേ ചോദിക്കാനുള്ളു. അതിഥിത്തൊഴിലാളി എന്ന് തേന്‍ ഒലിപ്പിച്ചു വിളിച്ചാല്‍ നമ്മുടെ ഉത്തരവാദിത്വം അവസാനിച്ചുവോ?
അവശന്മാര്‍, ആര്‍ത്തന്മാര്‍
ഇതരദേശങ്ങളില്‍ കുടിയേറി പണിയെടുക്കുന്നവരുടെ സാമൂഹ്യ ചുറ്റുപാടുകള്‍ വിലയിരുത്തുമ്പോള്‍ ഒരു കാര്യം വ്യക്തമാവും. രാജ്യത്തെ ഏറ്റവും പിന്നാക്ക പ്രദേശങ്ങളില്‍ നിന്നുള്ള, ഏറ്റവും പിന്നാക്കക്കാരാണ് ഇവര്‍. പട്ടിക ജാതിക്കാരും പട്ടിക വര്‍ഗക്കാരും പിന്നാക്ക സമുദായക്കാരും ന്യൂനപക്ഷക്കാരും. ബംഗാളിലെ മുര്‍ഷിദാബാദ്, മിഡ്‌നാപൂര്‍ തുടങ്ങിയ ജില്ലകളില്‍ നിന്നുള്ള പട്ടിണിക്കാരാണ് ബംഗാളികളില്‍ കൂടുതലും. ബിഹാറികളും താണ ജാതിക്കാരാണ്. കടുത്ത വരള്‍ച്ചയും പട്ടിണിയും നിലനില്‍ക്കുന്ന ഒഡിഷയില്‍ നിന്ന് നിരവധി പേര്‍. അടിമപ്പണിയും ബാലവേലയും നിലനില്‍ക്കുന്ന ഇന്ത്യയിലെ ഏറ്റവും പിന്നാക്ക പ്രദേശത്തു നിന്നു ജീവിക്കാന്‍ വഴി തേടിയെത്തിയ ആളുകളോട് മഹാമാരിയുടെ കാലത്ത് നാം പ്രതിനിധാനം ചെയ്യുന്ന ഇന്ത്യ നീതിപൂര്‍വം പെരുമാറിയോ? സര്‍ക്കാരിന്റെ കണക്കുകളനുസരിച്ചു തന്നെ പത്തു ലക്ഷം കുടിയേറ്റപ്പണിക്കാര്‍ മാത്രമേ സുരക്ഷിത സ്ഥാനങ്ങളില്‍ കഴിയുന്നുള്ളൂ. ബാക്കിയുള്ള കോടിക്കണക്കിന് ആളുകള്‍ ഇപ്പോഴും അന്യ നാടുകളില്‍ പണിയില്ലാതെ, മതിയായ ആഹാരമില്ലാതെ, മരുന്നില്ലാതെ മഹാമാരിക്കാലത്ത് നരകിക്കുകയല്ലേ?
അവശന്മാര്‍, ആര്‍ത്തന്മാര്‍, ആലംബഹീനന്മാര്‍ അവരുടെ സങ്കടമാരറിയാന്‍? സമാന സാഹചര്യങ്ങളിലൂടെയാണ് വിദേശ രാജ്യങ്ങളില്‍ പ്രവാസികളും കഴിഞ്ഞുകൂടുന്നത്. ഗള്‍ഫ് നാടുകളിലെ കുടിയേറ്റത്തെക്കുറിച്ചുള്ള പഠനങ്ങളില്‍ മലയാളികള്‍ അവിടങ്ങളിലെ തൊഴില്‍ വിപണിയെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് വ്യക്തമാക്കിയതായി കാണാം. എന്നാല്‍ കൊവിഡിന്റെ കാലത്ത് ഏതാണ്ട് ഇതരദേശത്തൊഴിലാളികളുടെ അവസ്ഥയാണ് അവര്‍ക്കുമുണ്ടായത്. വിദശത്ത് മരിച്ചു പോയ മലയാളികളുടെ എണ്ണം ഒന്നു നോക്കണം. പ്രവാസികളെക്കുറിച്ച് നൊമ്പരപ്പെടുന്നവര്‍ ഇതരദേശത്തൊഴിലാളികളുടെ ദുരവസ്ഥ കാണാതിരിക്കരുത് എന്നേ പറയുന്നുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."