ഡേവ് വാറ്റ്മോര്‍ കേരള ക്രിക്കറ്റ് ടീം പരിശീലകന്
കൊച്ചി: മുന്‍ ആസ്ത്രേലിയന്‍ താരവും വിവിധ രാജ്യങ്ങളുടെ പരിശീലകനുമായിരുന്ന ഡേവ് വാറ്റ്മോര്‍ ഇനി കേരള ടീമിനെ പരിശീലിപ്പിക്കും. അന്താരാഷ്ട്ര തലത്തില്‍ തന്നെ പേരെടുത്തിട്ടുള്ള വാറ്റ്മോര്‍ ശ്രീലങ്ക, പാകിസ്താന്, ബംഗ്ലാദേശ്, സിംബാബ്വേ ടീമുകളുടെ പരിശീലകനായിരുന്നു. 1996ല്‍ ശ്രീലങ്കയെ ലോക ചാംപ്യന്മാരാക്കിയത് വാറ്റ്മോറിന്റെ തന്ത്രങ്ങളായിരുന്നു. ബംഗ്ലാദേശിനെ മുന്‍നിര ടീമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് വാറ്റ്മോറാണ്. വാറ്റ്മോറിന്റെ കാലത്താണ് ബംഗ്ലാദേശ് ടെസ്റ്റിലെ ആദ്യ ജയം സ്വന്തമാക്കുന്നത്. ഇന്ത്യയുള്‍പ്പെടെയുള്ള മുന്‍നിര ടീമുകളെ അട്ടിമറിക്കാനും ടീമിന് സാധിച്ചിരുന്നു.
ആറു മാസത്തെ കരാറിലാണ് നിയമനം. കരാര്‍ കാലാവധി പിന്നീട് ദീര്‍ഘിപ്പിച്ചേക്കും. 35 ലക്ഷം രൂപയാണ് പ്രതിഫലം. സീനിയര്‍ ടീമിന് പുറമേ ജൂനിയര്‍ ടീമുകള്‍ക്കും വാറ്റ്മോറിന്റെ സേവനം ലഭ്യമാക്കും. ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി രണ്ടു താരങ്ങള്‍, ഐ.പി.എല്ലില്‍ 12 താരങ്ങള്‍ തുടങ്ങിയവയാണു വിദഗ്ധ പരിശീലനത്തിലൂടെ കെ.സി.എ ലക്ഷ്യമിടുന്നത്. നേരത്തെ ചെന്നൈ എസ്.ആര്.എം.സി അക്കാദമിയില്‍ മൂന്നു വര്‍ഷത്തെ പരിശീലനത്തിന് വാറ്റ്മോര്‍ കരാറൊപ്പിട്ടിരുന്നു. ഈ സാഹചര്യം കെ.സി.എ ഉപയോഗപ്പെടുത്തുകയായിരുന്നു. പരിശീലനത്തിനുള്ള താരങ്ങളെ തെരഞ്ഞെടുക്കാനായി എല്ലാ ജില്ലകളിലും കെ.സി.എ വിവിധ വിഭാഗങ്ങളിലുള്ളവര്‍ക്കായി ഈ അവധിക്കാലത്ത് പ്രത്യേക സെലക്ഷന് ക്യാംപ് സംഘടിപ്പിക്കും. ഓരോ വിഭാഗത്തില്‍ നിന്നും 30 പേരെ തെരഞ്ഞെടുത്ത് ചെന്നൈ എസ്.ആര്.എം.സി അക്കാദമായിലേക്ക് അയക്കും. ഇതില്‍ നിന്ന് മികവുള്ള താരങ്ങളെ വാറ്റ്മോര്‍ തന്നെ പരിശീലനത്തിനായി തെരഞ്ഞെടുക്കും. സംസ്ഥാനത്തെ പരിശീലകരെയും വാറ്റ്മോര്‍ പരിശീലിപ്പിക്കും. ഇതിനായി പരിശീലകരുടെ ഒരു പൂളും ഉണ്ടാക്കും.
കേരള ടീമിനെ പരിശീലിപ്പിക്കാന്‍ അവസരം കിട്ടിയതില്‍ സന്തോഷമുണ്ടെന്നും ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കുകയാണെന്നും വാറ്റ്മോര്‍ പറഞ്ഞു. പ്രതിഭയുള്ള താരങ്ങള്‍ ഇവിടെയുണ്ട്. ഈ താരങ്ങളുടെ കഴിവുകള്‍ പുറത്തുകൊണ്ടുവരാനാണ് കെ.സി.എയുടെ ശ്രമം.
ജൂണില്‍ പരിശീലനം തുടങ്ങുമെന്നും സെപ്റ്റംബറില്‍ പൂര്‍ണ ചുമതലയേറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."