എക്‌സൈസ് തീരുവ കൂട്ടി; പെട്രോളിന് 10 രൂപ, ഡീസലിന് 13
ന്യൂഡല്‍ഹി: കൊവിഡ് ദുരന്തത്തിനിടെ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയുമാണ് തീരുവ വര്‍ധിപ്പിച്ചത്. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന് ആകെ എക്‌സൈസ് തീരുവ 32.98ഉം ഡീസലിന് 31.83ഉം രൂപയായി.
69 ശതമാനമാണ് ഇപ്പോള്‍ രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും തീരുവ. ലോകത്തു തന്നെ ഇന്ധനത്തിന് ഈടാക്കുന്ന ഏറ്റവും വലിയ നികുതിയാണിത്. ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞിട്ടും മാര്‍ച്ചിനു ശേഷം ഇതു രണ്ടാം തവണയാണ് പെട്രോളിനും ഡീസലിനും കേന്ദ്ര സര്‍ക്കാര്‍ ഇന്ധന നികുതി വര്‍ധിപ്പിച്ചിരിക്കുന്നത്. അസംസ്‌കൃത എണ്ണയുടെ വില അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 23.86 ഡോളര്‍ മാത്രമാണ്.
പെട്രോളിന് പ്രത്യേക അധിക എക്‌സൈസ് നികുതി രണ്ടു രൂപയും റോഡ് സെസ് ഇനത്തില്‍ എട്ടു രൂപയും കൂട്ടിയാണ് ആകെ 10 രൂപയുടെ വര്‍ധനവ്. പ്രത്യേക അധിക എക്‌സൈസ് നികുതി ഡീസലിന് അഞ്ചു രൂപയും റോഡ് സെസ് ഇനത്തില്‍ എട്ടു രൂപയും കൂട്ടിയാണ് 13 രൂപയുടെ വര്‍ധനവ് വരുത്തിയത്. 1.6 ലക്ഷം കോടിയുടെ അധിക വരുമാനമാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ മാര്‍ച്ച് 16ന് മൂന്നു രൂപ വീതമായിരുന്നു എക്‌സൈസ് തീരുവ കൂട്ടിയത്.
2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ പെട്രോള്‍, ഡീസല്‍ എക്‌സൈസ് തീരുവ യഥാക്രമം 9.48 രൂപയും 3.56 രൂപയുമായിരുന്നു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയരക്ടറ്റ് ടാക്‌സ് ആന്‍ഡ് സര്‍വിസാണ് പുതിയ വര്‍ധന സംബന്ധിച്ച പട്ടിക പുറത്തിറക്കിയത്.
ഈ വില വര്‍ധന ചില്ലറവില്‍പന വിപണിയെ ബാധിക്കില്ലെന്നും വികസന പദ്ധതികള്‍ക്കു പണം കണ്ടെത്തുന്നത് പെട്രോളിനും ഡീസലിനും ചുമത്തുന്ന എക്‌സൈസ് തീരുവയിലൂടെയാണെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം. എന്നാലിത് സമീപഭാവിയില്‍ വില വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികളെ നിര്‍ബന്ധിതരാക്കും. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 71.26 രൂപയും ഡീസലിന് 69.39 രൂപയുമാണ് ഇപ്പോഴത്തെ വില.
പെട്രോള്‍ വിലയില്‍ 49.42 രൂപയും ഡീസല്‍ വിലയില്‍ 48.09 രൂപയും നികുതിയാണ്. ഇന്ത്യ കഴിഞ്ഞാല്‍ ഇറ്റലിയാണ് ഇന്ധനത്തിന് ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന രാജ്യം. 64 ശതമാനമാണ് ഇറ്റലിയിലെ നികുതി. ബ്രിട്ടനില്‍ 62, സ്‌പെയിനില്‍ 53, ജപ്പാനില്‍ 47, കാനഡയില്‍ 33, യു.എസില്‍ 19 ശതമാനം എന്നിങ്ങനെയാണ് മറ്റു വികസിത രാജ്യങ്ങളിലെ നികുതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."