സംസ്ഥാന യൂത്ത് മീറ്റ് പാലക്കാടന്‍ കരുത്ത്
തിരുവനന്തപുരം: കായിക പോരാട്ടങ്ങളുടെ പുതിയ സീസണില്‍ കേരളത്തിന്റെ യുവത്വത്തിന് മിന്നുന്ന കുതിപ്പ്. ഏഴാമത് സംസ്ഥാന യൂത്ത് അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ ആദ്യ ദിനത്തില്‍ 90 പോയിന്റുമായി കിരീട പോരാട്ടത്തില്‍ പാലക്കാട് കുതിപ്പ് തുടങ്ങി. 62 പോയിന്റുമായി തിരുവനന്തപുരം രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ 41 പോയിന്റ് നേടി എറണാകുളം മൂന്നാമതെത്തി. 37 പോയിന്റുള്ള കോഴിക്കോടാണ് നാലാം സ്ഥാനത്ത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് 38 പോയിന്റുമായി ഒന്നാമതെത്തിയപ്പോള്‍ 26 പോയിന്റുള്ള കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. 22 പോയിന്റുള്ള തിരുവനന്തപുരം മൂന്നാമതെത്തി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 52 പോയിന്റുമായാണ് പാലക്കാട് ഒന്നാമതെത്തിയത്. തിരുവനന്തപുരം 40 പോയിന്റുമായി രണ്ടാമതും 25 പോയിന്റു നേടി എറണാകുളം മൂന്നാമതുമെത്തി.
ആദ്യ ദിനത്തില്‍ ആറ് മീറ്റ് റെക്കോര്‍ഡകള്‍ പിറന്നു. പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ കെ.ടി ആദിത്യ, അപര്‍ണ റോയി (100 മീറ്റര്‍ ഹര്‍ഡില്‍സ്), ഗായത്രി ശിവകുമാര്‍ (ഹൈജംപ്), ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ അഭിഷേക് മാത്യു, എ അഖില്‍ എന്നിവര്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. അഭിജിത് റോജിഷ് നായര്‍ (ഷോട്ട്പുട്), എം ശ്രീവിശ്വ (ഹാമര്‍ത്രോ) എന്നിവരും പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. തിരുവനന്തപുരത്തിന്റെ താരങ്ങളായ മൃദുല മരിയ ബാബുവും (12.78 സെക്കന്റ്) അന്‍സ്റ്റിന്‍ ജോസഫ് ഷാജിയും (11.38 സെക്കന്റ്) മീറ്റിലെ അതിവേഗ താരങ്ങളായി. പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ കോഴിക്കോടിന്റെ അപര്‍ണ റോയി വെള്ളിയും കോട്ടയത്തിന്റെ അനന്യ ജെറ്റോ വെങ്കലവും നേടി. ആണ്‍കുട്ടികളില്‍ പാലക്കാടിന്റെ പി.എസ് അഖില്‍ വെള്ളി നേടിയപ്പോള്‍ കോഴിക്കോടിന്റെ എ.സി അരുണിനാണ് വെങ്കലം.
ഡബിളടിച്ച് ഉഷയുടെ ശിഷ്യര്‍
പെണ്‍കുട്ടികളുടെ 400, 800 മീറ്ററുകളില്‍ കോഴിക്കോടിനായി ട്രാക്കിലിറങ്ങിയ ഒളിംപ്യന്‍ പി.ടി ഉഷയുടെ ശിഷ്യരായ കെ.ടി ആദിത്യയും അതുല്യ ഉദയനും സ്വര്‍ണം നേടി. 400 മീറ്ററില്‍ 57.99 സെക്കന്റില്‍ ഒറ്റലാപ്പില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചാണ് ആദിത്യ സ്വര്‍ണം നേടിയത്. തൃശൂരിന്റെ ടി.ജെ ജംഷീല (1.1.17 സെക്കന്റ്) വെള്ളിയും കൊല്ലത്തിന്റെ എസ് അശ്വതി വെങ്കലവും നേടി.
800 മീറ്ററില്‍ 2.20.12 സെക്കന്റിലാണ് അതുല്യ ഉദയന്‍ സ്വര്‍ണം നേടിയത്. കൊല്ലത്തിന്റെ ബി.എ അനഘ വെള്ളിയും പാലക്കാടിന്റെ സി.എസ് ശ്രുതി വെങ്കലവും നേടി. ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ പുതിയ മീറ്റ് റെക്കോര്‍ഡുമായി എറണാകുളത്തിന്റെ അഭിഷേക് മാത്യു സ്വര്‍ണം നേടിയത്. 1.58.96 സെക്കന്റ് സമയം കുറിച്ചാണ് അഭിഷേക് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. വെള്ളി നേടിയ പാലക്കാടിന്റെ എ അഖില്‍ (1.59.66 സെക്കന്റ്) റെക്കോര്‍ഡ് മറികടന്ന പ്രകടനം നടത്തി. പാലക്കാടിന്റെ തന്നെ എം ആകാശിനാണ് വെങ്കലം.
3000 മീറ്ററില്‍ ഇടുക്കിയുടെ സാന്ദ്ര എസ് നായരും പാലക്കാടിന്റെ എം അജിതും സ്വര്‍ണം നേടി. 9.27.40 സെക്കന്റിലാണ് അജിത് സ്വര്‍ണം നേടിയത്. തിരുവനന്തപുരത്തിന്റെ താരങ്ങളായ എസ്്.എം സുജിത് വെള്ളിയും സി അബിന്‍ വെങ്കലവും നേടി. 11.46.80 സെക്കന്റിലായിരുന്നു സാന്ദ്രയുടെ സ്വര്‍ണ നേട്ടം. 14.13.20 സെക്കന്റില്‍ ഓടിയെത്തിയ എറണാകുളത്തിന്റെ ആദിത്യ രതീഷ് വെള്ളി നേടി.
അപര്‍ണ തന്നെ താരം
ഹര്‍ഡില്‍സിന് മേലെ അപര്‍ണ തന്നെ താരം. ഓടിച്ചാടി പറന്ന കോഴിക്കോടിന്റെ അപര്‍ണ റോയി 14.50 സെക്കന്റില്‍ പുതിയ മീറ്റ് റെക്കോര്‍ഡ് കുറിച്ചാണ് സ്വര്‍ണം നേടിയത്. കഴിഞ്ഞ ദേശീയ സ്‌കൂള്‍ മീറ്റിലും ജൂനിയര്‍ മീറ്റിലും അപര്‍ണ റെക്കോര്‍ഡുമായി സ്വര്‍ണം നേടിയിരുന്നു. കോട്ടയത്തിന്റെ അഞ്ജലി തോമസ് (15.40 സെക്കന്റ്) വെള്ളിയും ഇടുക്കിയുടെ അപര്‍ണ കെ. നായര്‍ വെങ്കലവും നേടി.
അച്ഛന്റെ വഴിയെ 'മുംബൈ മലയാളി'
ഷോട്പുട്ടില്‍ മുംബൈ മലയാളിയുടെ കൈക്കരുത്തിന് റെക്കോര്‍ഡ് തിളക്കം. ആദ്യ വരവില്‍ തന്നെ റെക്കോര്‍ഡ് തകര്‍ത്താണ് എറണാകുളത്തിന്റെ അഭിജിത്ത് റോജിഷ് നായര്‍ വരവറിയിച്ചത്. 16.26 മീറ്റര്‍ ദൂരം എറിഞ്ഞാണ് അഭിജിത് റെക്കോര്‍ഡ് സ്വന്തം പേരിലാക്കി സ്വര്‍ണം നേടിയത്. അഭിജിത്തിന്റെ ജനനം മുംബൈയില്‍. പത്താം ക്ലാസ് വരെ പഠനവും അവിടെ തന്നെ. പിതാവ് റോജിഷ് നായരുടെ വഴിയേയാണ് അഭിജിത്തും ഷോട്പുട്ട് എറിയാനെടുത്തത്. രണ്ട് തവണ ഷോട്പുട്ടില്‍ ദേശീയ ചാംപ്യനായി അഭിജിത്ത്. കോഴിക്കോട് നടന്ന ദേശീയ ചാംപ്യന്‍ഷിപ്പിലെ മികച്ച പ്രകടനം കണ്ടാണ് പരിശീലകന്‍ പി.ഐ ബാബു ഉള്‍പ്പെടെയുള്ളവര്‍ കേരളത്തിലേക്ക് ക്ഷണിച്ചത്. മാതിരപ്പിള്ളി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയാണ്.
ഹാമറിലും റെക്കോര്‍ഡിന്റെ തിളക്കം
ഹാമര്‍ത്രോയില്‍ പാലക്കാടിന്റെ എ.എം ശ്രീവിശ്വയാണ് പുതിയ മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചത്. 50.32 മീറ്റര്‍ ദൂരത്തേക്ക് ഹാമര്‍ പറത്തിയാണ് ശ്രീവിശ്വയുടെ റെക്കോര്‍ഡ് സ്വര്‍ണ നേട്ടം. പെണ്‍കുട്ടികളുടെ ഡിസ്‌കസ്‌ത്രോയില്‍ തിരുവനന്തപുരത്തിന്റെ പി.കെ അശ്വതി ശ്രീധരന്‍ സ്വര്‍ണം നേടി.
ആണ്‍കുട്ടികളുടെ മെഡ്‌ലേ റിലേയില്‍ കോഴിക്കോട് സ്വര്‍ണവും തിരുവനന്തപുരം വെള്ളിയും നേടി. പാലക്കാടിനാണ് വെങ്കലം. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കണ്ണൂര്‍ സ്വര്‍ണം നേടിയപ്പോള്‍ പാലക്കാട് വെള്ളിയും കോട്ടയം വെങ്കലവും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."