ഗുജറാത്തില്‍ പ്രതീക്ഷയോടെ കോണ്‍ഗ്രസ്, 2017 പേടിയില്‍ ബി.ജെ.പി
ന്യൂഡല്‍ഹി: കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലാണ് ഗുജറാത്തില്‍. ഇതിനിടയില്‍ ചെറുപാര്‍ട്ടികള്‍ക്കോ സഖ്യങ്ങള്‍ക്കോ റോളൊന്നുമില്ല.
2014ലെ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 26 സീറ്റുകളും നേടിയത് ബി.ജെ.പിയാണ്. ആദ്യമായാണ് ബി.ജെ.പിക്ക് ഗുജറാത്തില്‍ ഇത്രയധികം സീറ്റുകള്‍ കിട്ടുന്നത്. 60.1 ശതമാനമായിരുന്നു ബി.ജെ.പിയുടെ വോട്ട് വിഹിതം. കോണ്‍ഗ്രസിന്റേത് 33. 4 ശതമാനവും. എന്നാല്‍ 2017ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥിതിയാകെ മാറി. ആകെയുള്ള 182 സീറ്റുകളില്‍ 99 എണ്ണം നേടി ബി.ജെ.പി ഭരണം നിലനിര്‍ത്തിയെങ്കിലും 77 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ബി.ജെ.പിയുടെ വോട്ട് വിഹിതം 49 ശതമാനമായി കുറഞ്ഞപ്പോള്‍ കോണ്‍ഗ്രസിന്റേത് 41.4 ശതമാനമായി ഉയര്‍ന്നു. പട്ടേലുകളും ദലിതുകളും എതിരായതായിരുന്നു ബി.ജെ.പിക്കു തിരിച്ചടിയായത്. അതേ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
1995 മുതല്‍ ഗുജറാത്ത് ബി.ജെ.പിയോ അവരുടെ വിമതരോ ആണ് ഭരിക്കുന്നത്. ബി.ജെ.പി വിമതരായ ശങ്കര്‍സിങ് വഗേലയും ദിലീപ് പരീക്കും 1996ലും 1998ലും മുഖ്യമന്ത്രിമാരായിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി നേരിട്ട 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 1,52,49,243 വോട്ടുകളാണ് നേടിയത്. കോണ്‍ഗ്രസിനു കിട്ടിയത് 84,86,083 വോട്ടുകള്‍ മാത്രം. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 15 സീറ്റുകള്‍ മാത്രമാണ് നേടാനായത്. 11 സീറ്റുകള്‍ കോണ്‍ഗ്രസിനു ലഭിച്ചു. ബാനാസ്‌കന്ദ, പട്ടാന്‍, രാജ്‌കോട്ട്, സുരേന്ദര്‍നഗര്‍, ജാംനഗര്‍, ഖേദ, ആനന്ദ്, വല്‍സാദ്, ദാഹോദ്, ബര്‍ദോലി, പ്രഭാന്തര്‍ എന്നിവയാണ് അന്ന് കോണ്‍ഗ്രസ് വിജയിച്ച സീറ്റുകള്‍. മോദി തരംഗത്തില്‍ നഷ്ടപ്പെട്ട സീറ്റുകള്‍ തിരികെപ്പിടിക്കുകയാണ് കോണ്‍ഗ്രസിന്റെ പ്രാഥമിക ലക്ഷ്യം.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പോടെ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തിലുണ്ടായ മാറ്റമാണ് കോണ്‍ഗ്രസ് പ്രതീക്ഷ വയ്ക്കുന്ന മറ്റൊന്ന്. സംസ്ഥാനത്ത് സമീപകാലത്ത് ആദ്യമായാണ് ബി.ജെ.പിക്ക് 100 സീറ്റുകള്‍ തികയ്ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായത്. 1,47,24,031 ആയിരുന്നു ബി.ജെ.പിയുടെ ആകെ വോട്ട്. കോണ്‍ഗ്രസാകട്ടെ വോട്ട് 1,24,37,661 ആയി ഉയര്‍ത്തുകയും ചെയ്തു. 2012ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 61 സീറ്റ് മാത്രമേ ലഭിച്ചിരുന്നുള്ളൂ. 2017ല്‍ പട്ടേലുകള്‍ക്ക് ആധിപത്യമുള്ള സൗരാഷ്ട്ര മേഖലയില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണുണ്ടായത്. 2014ലെ സീറ്റുകള്‍ നിലനിര്‍ത്താന്‍ കഴിയുമെന്ന് ബി.ജെ.പിക്ക് ഏതായാലും പ്രതീക്ഷയില്ല, എന്നാലും മോദിയെ മുന്‍നിര്‍ത്തിയുള്ള തെരഞ്ഞെടുപ്പായതിനാല്‍ കാര്യമായി തിരിച്ചടിയുണ്ടാകില്ലെന്ന ആത്മവിശ്വാസവുമുണ്ട്. അതോടൊപ്പം ബി.ജെ.പി നോക്കുന്നത് കോണ്‍ഗ്രസിന്റെ ദൗര്‍ബല്യങ്ങളിലേക്കു കൂടിയാണ്.
കോണ്‍ഗ്രസിന്റെ ഗുജറാത്ത് ഘടകത്തില്‍ നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടലുകളുണ്ട്. സമീപകാലത്ത് രണ്ടു കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പാര്‍ട്ടി വിടുകയും ചെയ്തു. പാര്‍ട്ടിയില്‍ തങ്ങള്‍ക്ക് അവഗണനയാണെന്നാരോപിച്ച് കുന്‍വര്‍ജിഭായ് ഭവാലിയയും ആശാബെന്‍ പട്ടേലുമാണ് പാര്‍ട്ടി വിട്ടത്. അതില്‍ ഭവാലിയ രാജിവയ്ക്കുകയും ബി.ജെ.പിയില്‍ ചേര്‍ന്ന് ഉപതെരഞ്ഞെടുപ്പില്‍ ജാസ്ദാനില്‍ മത്സരിച്ചു ജയിക്കുകയും ചെയ്തു.
ആടിനില്‍ക്കുന്ന മറ്റൊരാള്‍ അല്‍പേഷ് താക്കൂറാണ്. അതിനിടെ ബി.ജെ.പി വിമതനായി കോണ്‍ഗ്രസിലെത്തിയ ശങ്കര്‍സിങ് വഗേല അവിടെയും കലാപമുണ്ടാക്കി ശരത് പവാറിന്റെ എന്‍.സി.പി സഖ്യത്തില്‍പ്പോയി ചേര്‍ന്നു. സംസ്ഥാനത്ത് മൂന്നാം മുന്നണിയുണ്ടാക്കാന്‍ പവാര്‍ ശ്രമിക്കുന്നുണ്ട്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവികല്‍പ്പ് മോര്‍ച്ചയെന്ന പാര്‍ട്ടിയുണ്ടാക്കി വഗേല മത്സരിച്ചെങ്കിലും സീറ്റൊന്നും കിട്ടിയിരുന്നില്ല.
ഇതെല്ലാമുണ്ടെങ്കിലും ബൂത്ത്തലം മുതല്‍ ശക്തമായ പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് നടത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുകണക്കിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സാധ്യതയുള്ള ആനന്ദ്, അംറേലി, ബനാസ്‌കന്ദ, സബര്‍കന്ദ, പത്താന്‍ ജുനഗഡ്, ദാഹോദ്, ബാര്‍ദോലി, സുരേന്ദര്‍ നഗര്‍, ജാംനഗര്‍, പോര്‍ബന്ദര്‍, ബറുച്ച്, മെഹ്‌സാന എന്നീ സീറ്റുകള്‍ പിടിക്കാന്‍ കാര്യമായ പ്രവര്‍ത്തനം നടത്താനാണ് രാഹുലിന്റെ നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."