വെന്തുരുകി രാവുറങ്ങാതെ കേരളം
കൊച്ചി: കേരളം വെന്തുരുകുന്നു. പകല്‍ അനുഭവപ്പെടുന്ന അതേ ചൂടാണ് രാത്രിയും സംസ്ഥാനത്തുടനീളം അനുഭവപ്പെടുന്നത്. അന്തരീക്ഷ ഈര്‍പ്പം ക്രമാതീതമായി വര്‍ധിച്ചതാണ് കാരണം. ഇതോടെ 'പുഴുക്കം' എന്ന അവസ്ഥയില്‍ രാത്രിയില്‍പോലും ഉറങ്ങാന്‍ കഴിയാതെ വിഷമിക്കുകയാണ് മലയാളികള്‍. വയനാടൊഴികെയുള്ള ജില്ലകളില്‍ സാധാരണ വേനല്‍ക്കാലത്തുണ്ടാകുന്നതിനേക്കാള്‍ ഉയര്‍ന്ന രാത്രികാല ചൂടാണ് അനുഭവപ്പെടുന്നത്.
ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം രാത്രികാല ഉഷ്ണം 26 മുതല്‍ 31 ഡിഗ്രിവരെ അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. ഇതോടൊപ്പം, അന്തരീക്ഷ ഈര്‍പ്പം (ഹ്യുമിഡിറ്റി) ഉയര്‍ന്ന തോതിലായതോടെ യഥാര്‍ഥത്തിലുള്ളതിനേക്കാള്‍ ചൂട് അനുഭവപ്പെടുകയും ചെയ്യുന്നു. മിക്ക ജില്ലകളിലും അന്തരീക്ഷ ഈര്‍പ്പം 90 ശതമാനത്തിലധികമാണ്. സാധാരണഗതിയില്‍ ചൂടു കൂടുമ്പോള്‍ ശരീരം വിയര്‍പ്പിലൂടെ ഉഷ്ണം പുറത്തുകളയും. അതുവഴി ശരീരത്തിനു കാര്യമായ ചൂടനുഭവപ്പെടുകയുമില്ല. എന്നാല്‍ അന്തരീക്ഷ ഈര്‍പ്പം കൂടുതലുള്ള സാഹചര്യത്തില്‍ ഈ പ്രക്രിയയ്ക്ക് തടസ്സമുണ്ടാകുന്നു.
ഈ സാഹചര്യത്തില്‍, യഥാര്‍ഥത്തിലുള്ളതിനെക്കാളധികം ചൂട് അനുഭവപ്പെടുകയും ചെയ്യുന്നു. എറണാകുളത്ത് കഴിഞ്ഞ ദിവസങ്ങളില്‍ യഥാര്‍ഥത്തില്‍ രാത്രികാല ചൂട് 30 ഡിഗ്രിയായിരുന്നു. എന്നാല്‍, ഹ്യുമിഡിറ്റി 98 ശതമാനംവരെ ഉയര്‍ന്നു. അതിനാല്‍ ജില്ലയിലുള്ളവര്‍ക്ക് 33 ശതമാനം ചൂടുള്ള അനുഭവമാണുണ്ടായത്.എറണാകുളം, തൃശൂര്‍, കോട്ടയം തുടങ്ങിയ ജില്ലകള്‍ ഉള്‍പ്പെടുന്ന മദ്ധ്യകേരളത്തിലാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ഹ്യുമിഡിറ്റി അനുഭവപ്പെട്ടത്. എറണാകുളത്ത് 98 ശതമാനവും തൃശൂരിലും കോട്ടയത്തും 96 ശതമാനവും വീതമായിരുന്നു ഹ്യുമിഡിറ്റി.അതുകൊണ്ടുതന്നെ ഈ ജില്ലകളില്‍ രാത്രികാല ഉഷ്ണം ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഇതോടെ മിക്കവര്‍ക്കും ഉറക്കംപോലും അസാധ്യമായി. ആവശ്യത്തിന് ഉറക്കം കിട്ടാതായതോടെ തലകറക്കം പോലുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെട്ടവരുമുണ്ട്.
അന്തരീക്ഷത്തില്‍ കാര്‍മേഘങ്ങളുടെ സാന്നിധ്യമുണ്ടാവുകയും എന്നാല്‍ കാറ്റിന്റെ മന്ദഗതി കാരണം അതു മഴയായി മാറാതിരിക്കുകയും ചെയ്യുകയെന്നതാണ് കേരളത്തില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന കാലാവസ്ഥാ പ്രതിഭാസം. അതുകൊണ്ടുതന്നെയാണ് രാത്രിയിലും കനത്ത ചൂടനുഭവപ്പെടുന്നത്. സംസ്ഥാനത്ത് ഏതാനും സ്ഥലങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കു സാധ്യതയുണ്ടെങ്കിലും ഈ അവസ്ഥ അടുത്ത ഞായറാഴ്ച വരെ തുടരുമെന്നാണ് സൂചന. അതുവരെ വെന്തുരുകി ഉറക്കമില്ലാത്ത അവസ്ഥയും തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."