കെ.എസ്.ആര്.ടി.സി ഇലക്ട്രിക് ബസ് നഗരത്തിലിറങ്ങും
കോഴിക്കോട്: കെ.എസ്.ആര്.ടി.സി ഇലക്ട്രിക് ബസ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ മാസം 28 മുതല്‍ ജൂലൈ 2 വരെ നഗരത്തിലും സര്‍വിസ് നടത്തും. തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷണയോട്ടം പൂര്‍ത്തിയാക്കിയ ശേഷമാണ് ബസ് കോഴിക്കോട്ടെത്തുക.
നഗരപരിധില്‍ 20 കിലോമീറ്റര്‍ ചുറ്റളവിലാണ് ബസ് സര്‍വിസ് നടത്തുക. പരീക്ഷണം വിജയിക്കുകയാണെങ്കില്‍ കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കാനാണ് കെ.എസ്.ആര്.ടി.സിയുടെ തീരുമാനം.
40 പുഷ് ബാക്ക് സീറ്റുകളോടു കൂടിയ ബസില്‍ സി.സി.ടി.വി കാമറ, ജി.പി.എസ്, വിനോദ സംവിധാനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്. ചൈനീസ് നിര്‍മാതാവായ ബിവൈഡിയുടെ സാങ്കേതിക സഹകരണത്തോടെയാണ് ബസുകള്‍ നിര്‍മിക്കുന്നത്. ഏറെ നാളുകളായി ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കാന്‍ കെ.എസ.്ആര്‍.ടി.സി ആലോചിച്ചിരുന്നെങ്കിലും നടപടികള്‍ ഇഴയുകയായിരുന്നു. സി.എം.ഡിയായി ടോമിന് ജെ തച്ചങ്കരി ചുമതലയേറ്റ ശേഷമാണു നടപടികള്‍ക്കു വേഗത വന്നത്.
കെ.എസ്.ഇ.ബിയുടെ വ്യാവസിയിക ആവശ്യാര്‍ഥമുള്ള നിരക്ക് പ്രകാരം വൈദ്യുതിക്ക് യൂനിറ്റിന് 6 രൂപയാണ് ഈടാക്കുന്നത്. ഒരു യൂനിറ്റ് വൈദ്യുതി കൊണ്ട് ഒരു കിലോമീറ്ററാണ് ഓടിക്കാന്‍ സാധിക്കുക.
ലോഫ്ളോര്‍ ബസിന്റെ ചാര്‍ജ് ആണ് യാത്രക്കാരില്‍ നിന്നും ഈടാക്കുന്നത്. ഒരു ബസിന് 2.5 കോടി രൂപയാണ് ചിലവ് . ഒരു തവണ ചാര്‍ജ് ചെയ്താല്‍ 350 കിലോമീറ്റര്‍ ഒാടിക്കാന്‍ സാധിക്കും ,ചാര്‍ജ് ചെയ്യാനുള്ള താല്‍ക്കാലിക സംവിധാനം ഡിപ്പോകളില്‍ ഒരുക്കിയിട്ടുണ്ട്. ചൈനീസ് നിര്‍മാണ കമ്പനിയായ ബി. വൈ.ഡി. യുടെ സാങ്കേതിക വിദ്യയില്‍ ഗോള്‍ഡ് സറ്റോണ്‍ കമ്പനിയാണ് ബസ് നിര്‍മിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."