ബാര്‍കോഴ: മാണിക്കെതിരായ ആരോപണങ്ങളില്‍ പുനരന്വേഷണം വരുന്നു
തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരായ ബാര്‍കോഴക്കേസ് വീണ്ടും അന്വേഷിക്കാന്‍ വിജിലന്‍സ് ഒരുങ്ങുന്നു. കേസില്‍ തുടരന്വേഷണം വേണമെന്ന നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് തുടരന്വേഷണ സാധ്യത വിജിലന്‍സ് ഡയരക്ടര്‍ പരിശോധിക്കുന്നത്.
ബാറുടമകളുടെ യോഗത്തിന്റെ ശബ്ദരേഖ പരിശോധിക്കണമെന്ന കോടതി നിര്‍ദേശം തുടരന്വേഷണത്തില്‍ അവഗണിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് നിയമോപദേശം.കേസില്‍ മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടിയ രണ്ടു കാര്യങ്ങള്‍ അന്വേഷണോദ്യോഗസ്ഥന് പരിശോധിച്ചില്ലെന്ന് നിയമോപദേശത്തില്‍ പറയുന്നു.
മാണിക്കെതിരേ കോഴ ആരോപണം ഉന്നയിച്ച ബാറുടമ ബിജു രമേശ് തെളിവായി നല്കിയ ശബ്ദരേഖ പരിശോധിക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ എഡിറ്റ് ചെയ്ത ശബ്ദരേഖ പരിശോധിക്കേണ്ടതില്ലെന്ന നിലപാടാണ് വിജിലന്‍സ് തുടരന്വേഷണത്തില്‍ സ്വീകരിച്ചത്. ഇതില്‍ അപാകതയുള്ളതായും നിയമോപദേശത്തിലുണ്ട്.
അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം നടന്നെന്ന് വ്യക്തമാക്കുന്നതാണിത്. ഇക്കാര്യം പരിശോധിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചവരെ കൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതായിരുന്നെന്നും നിയമോപദേശത്തില്‍ പറയുന്നു.
തുടരന്വേഷണത്തില്‍ അപാകയുണ്ടോ എന്ന കാര്യം പരിശോധിക്കാനായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസാണ് നിയമോപദേശം തേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."