വെളിച്ചമേകാന്‍ വെളിച്ചമാകുക
ഉസാമതുബ്‌നു സൈദ്(റ), നബി(സ) ഏറെ സ്‌നേഹിച്ച സൈദുബ്‌നു ഹാരിസയുടെയും അബ്‌സീനിയക്കാരി ബറകത്ത് എന്ന ഉമ്മുഐമന്റെയും മകന്‍. പ്രവാചക പേരക്കിടാവ് ഹസന്‍(റ)ന്റെ പ്രായം. നബി(സ) ഈ കുട്ടിയെ അതിയായി സ്‌നേഹിച്ചു. ഒരിക്കല്‍ ഉസാമ അവിചാരിതമായി വാതില്‍പടി തടഞ്ഞുവീണു. കുട്ടിയുടെ നെറ്റി പൊട്ടി രക്തം ഒലിച്ചിറങ്ങി. നബി(സ) ആഇശ ബീവിയോട് ആംഗ്യം മുഖേന കുഞ്ഞിന്റെ രക്തം തുടച്ചു വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടു. ആഇശ ബീവിക്ക് അതത്ര താല്‍പര്യമായില്ല. ഇത് മനസ്സിലാക്കിയ നബി(സ) തന്നെ കുട്ടിയെ എടുത്ത് രക്തം വായകൊണ്ട് വലിച്ചെടുത്ത് തുപ്പി. സാന്ത്വനപ്പെടുത്തി. ആ രംഗം കണ്ട് ആഇശബീവിക്ക് തന്നെ അത് ചെയ്യാമായിരുന്നു എന്ന് തോന്നി...
ഈ സ്ഥാനത്ത് നമ്മുടെ ഭാര്യയായിരുന്നുവെങ്കില്‍ എന്തായിരിക്കും നമ്മുടെ പ്രതികരണം. നബി (സ) കോപിക്കാതെ സ്വയം കൃത്യം ഏറ്റെടുത്തപ്പോള്‍ ഭാര്യയുടെ മനസ് വേദനിച്ചു. പില്‍ക്കാലത്ത് ഹസന്‍(റ) ജനങ്ങളെ പഠിപ്പിച്ച ഒരു വാക്ക് ഇതിനോട് ചേര്‍ത്ത് വായിക്കാം. 'നീ ജനങ്ങളെ പ്രവര്‍ത്തനം വഴി ഉപദേശിക്കുക. കേവലം വാക്കുകള്‍കൊണ്ടല്ല'. കുടുംബജീവിതം ശോഭനമാക്കുവാന്‍ പരസ്പരം മനസ്സിലാക്കാന്‍ കഴിയണം. കുടുംബകോടതി വ്യവഹാരങ്ങളും വിവാഹ മോചനങ്ങളും നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്ന കാലഘട്ടത്തില്‍ ഉത്തമ ദാമ്പത്യത്തിന്റെ ഉദാത്ത മാതൃകകള്‍ നമുക്ക് പാഠമാകണം.
ഇംറാനുബ്‌നു ഹിബ്ബാന്‍ വിരൂപനായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയാകട്ടെ അതിസുന്ദരിയും. ഒരു ദിവസം ഭാര്യ അദ്ദേഹത്തിന്റെ മുഖത്തേക്ക് ദീര്‍ഘനേരം നോക്കിക്കൊണ്ടേയിരുന്നു. ഭര്‍ത്താവ് ചോദിച്ചു: 'നിനക്കെന്തുപറ്റി?' അവള്‍ സസന്തോഷം പറഞ്ഞു: 'ഞാനും നിങ്ങളും സ്വര്‍ഗത്തിലായിരിക്കുമെന്നതിന് ഞാന്‍ അല്ലാഹുവിന്റെ സ്തുതിക്കുന്നു'. ഇംറാന്‍ സ്തബ്ധനായി ചോദിച്ചു: 'അതെങ്ങനെ നിനക്കറിയാം?'. 'വിരൂപനായ താങ്കള്‍ക്ക് സുന്ദരിയായ എന്നെ ലഭിച്ചതില്‍ താങ്കള്‍ അല്ലാഹുവിന് ശുക്‌റ് (നന്ദി) ചെയ്തു. എനിക്ക് നിങ്ങളെ ലഭിച്ചതില്‍ ഞാന്‍ ക്ഷമിച്ചു. നന്ദിയുള്ളവരും ക്ഷമാശീലരുമായ അടിമകള്‍ക്ക് സ്വര്‍ഗം നല്‍കുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ'. മനോഹരമായ ദാമ്പത്യത്തിന്റെ പരിഛേദമാണ് ഈ ദമ്പതികള്‍.
കുടുംബ ജീവിത വിജയത്തിന് വിട്ടുവീഴ്ച അനിവാര്യമാണ്. ദീനീ വിഷയങ്ങളില്‍ നിഷ്ഠ പുലര്‍ത്തുമ്പോഴും മറ്റു കാര്യങ്ങളില്‍ മാനുഷിക പരിഗണന ഇരുവരും കാണിച്ചേതീരൂ. നമ്മുടെ പെരുമാറ്റമാണ് മക്കളുടെ സ്വഭാവ രൂപീകരണത്തില്‍ മുഖ്യപങ്ക് വഹിക്കുന്നത്. നമ്മുടെ മാതാപിതാക്കളോട് നാം പെരുമാറുന്നത് മക്കളുടെ മനസില്‍ പതിയും. 'സ്വന്തം മാതാപിതാക്കളെ ധിക്കരിക്കുന്നവന് മക്കളില്‍ നിന്ന് സന്തോഷം ലഭിക്കില്ല'. എന്ന മഹത്തുക്കളുടെ വചനം അക്ഷരാര്‍ഥത്തില്‍ പുലര്‍ന്ന നിരവധി അനുഭവങ്ങളുണ്ട്. നല്‍കുന്നതേ ലഭിക്കൂ എന്ന ആപ്തവാക്യം നാം മറക്കരുത്. മറ്റുള്ളവര്‍ക്ക് വെളിച്ചം പകരണമെങ്കില്‍ അതിനുള്ള സ്രോതസ്സ് നമ്മിലുണ്ടാകണം.
പരസ്പര ബാധ്യതകള്‍ തിരിച്ചറിഞ്ഞ് പ്രവൃത്തിക്കലാണ് കുടുംബ വിജയത്തിന്റെ നിദാനം. ലോക്ക് ഡൗണ്‍ സമയമായതിനാല്‍ ബഹുഭൂരിപക്ഷം പേരും കുടുംബത്തോടൊപ്പമുണ്ട്. കലാലയങ്ങളില്‍ പോകേണ്ട മക്കള്‍ മുഴുസമയം നമുക്കൊപ്പമാണ്. ഇത്തരമൊരനുഭവം ഈ തലമുറയ്ക്ക് ആദ്യമായിരിക്കാം. സമയക്കൂടുതലും ജോലിക്കുറവും ജീവിതം കുത്തഴിഞ്ഞ രീതിയിലാകാന്‍ കാരണമാകരുത്. സന്താന ശിക്ഷണത്തിന് തികച്ചും അനുയോജ്യമായ സമയമാണിത്. മദ്‌റസ- സ്‌കൂള്‍ പഠനകാലത്ത് എന്ത് കൃത്യനിഷ്ഠയാണോ മക്കള്‍ പുലര്‍ത്തിയിരുന്നത് അതേ രീതി തുടരണം. ഉറക്കവും ഉണര്‍വും സമയബന്ധിതം തന്നെയായിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തണം. നല്ല പുസ്തകങ്ങള്‍ വായിക്കുവാനും ഖുര്‍ആന്‍ മനഃപാഠമാക്കുവാനും പാഠ്യ വിഷയങ്ങള്‍ പഠിക്കാനും രക്ഷിതാക്കള്‍ പ്രേരിപ്പിക്കണം. ഓരോ ദിവസത്തേക്കും സമയബന്ധിത പരിപാടികള്‍ പ്രയോജനപ്രദമായി തയാറാക്കണം. അമിത സോഷ്യ മീഡിയ ഉപയോഗവും പകലുറക്കവും മക്കളില്‍ അലസത വളര്‍ത്തും. ലോക്ക് ഡൗണ്‍ നീങ്ങി പുറത്തിറങ്ങുമ്പോഴേക്ക് അവരുടെ പഠനത്തെയും ജീവിത രീതിയെയും അവതാളത്തിലാക്കുന്ന അവസ്ഥ വരാതെ കാത്തുസൂക്ഷിക്കാന്‍ നമുക്ക് കഴിഞ്ഞേ മതിയാകൂ
വാല്‍ക്കഷ്ണം: പള്ളികള്‍ അടച്ചിട്ട സമയത്ത് പല കുടുംബങ്ങളും ഓര്‍ത്തു, ഒരു മകനെയെങ്കിലും ദര്‍സിലോ അറബിക് കോളജിലോ പഠിപ്പിച്ചിരുന്നെങ്കില്‍ അവനെ ഇമാമാക്കി വീട്ടില്‍ നിന്ന് നിസ്‌കരിക്കാമായിരുന്നു... ദര്‍സുകള്‍ വൈകാതെ തുറക്കും. ഇനിയും സമയമുണ്ട് ചിന്ത പ്രയോഗവല്‍ക്കരിക്കാന്‍...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."