വീട് നഷ്ടപ്പെട്ടവരെ ക്യാംപുകളില്‍നിന്ന് വാടകവീട്ടിലേക്ക് മാറ്റും
താമരശേരി: കട്ടിപ്പാറ പഞ്ചായത്തില്‍ കരിഞ്ചോലമലയിലെ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവരെ ക്യാംപുകളില്‍നിന്ന് ഇന്ന് വാടകവീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിക്കും. പഞ്ചായത്തില്‍ ദുരിതബാധിതര്‍ക്കായി ഗവ.എല്‍.പി സ്‌കൂള്‍ വെട്ടിയൊഴിഞ്ഞതോട്ടം, ചുണ്ടന്‍കുഴി സ്‌കൂള്‍, കട്ടിപ്പാറ നുസ്രത്ത് സ്‌കൂള്‍ എന്നിവിടങ്ങളില്‍ മൂന്ന് ക്യാംപുകള്‍ ആരംഭിച്ചിരുന്നു.
അപകടത്തില്‍ മരിച്ചവരില്‍ ചിലരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ചിലര്‍ ബന്ധുവീടുകളിലേക്ക് മാറിയിരുന്നു. കരിഞ്ചോല അപകടത്തില്‍ തകര്‍ന്ന റോഡ് ചെളിയും കല്ലും നീക്കി ക്വാറി വേസ്റ്റ് നിറച്ച് ഗതാഗതയോഗ്യമാക്കാനുള്ള പ്രവൃത്തി ആരംഭിച്ചു.
ഉരുള്‍പൊട്ടലുണ്ടായ വിവിധ പ്രദേശങ്ങളില്‍ റവന്യൂ, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തില്‍ ഇന്നലെ പരിശോധന നടത്തി.
ഉരുള്‍പൊട്ടലുണ്ടായ കരിഞ്ചോലമല, കേളന്‍മൂല, പൂവന്‍മല എന്നിവിടങ്ങളിലാണ് സംഘം പരിശോധന നടത്തിയത്. ഉരുള്‍പൊട്ടലില്‍ ഇളകി വന്നതും ഇനിയും ഇളകാന്‍ സാധ്യതയുമുള്ള മുഴുവന്‍ പാറകളും പൊട്ടിച്ച് നീക്കണമെന്നാണ് ജിയോളജിസ്റ്റ് നിര്‍ദേശിച്ചതെന്ന് താമരശ്ശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ് അറിയിച്ചു. അപകടഭീഷണിയുയര്‍ത്തുന്ന പാറകള്‍ പൊട്ടിച്ച് നീക്കുന്നത് പരിശോധിക്കാന്‍ ഇത് സംബന്ധിച്ച വിദഗ്ധനും സംഘത്തിലുണ്ടായിരുന്നു.
ഉരുള്‍പൊട്ടലില്‍ ചെളി വന്നു നിറഞ്ഞ വീടുകളില്‍നിന്ന് ചെളി മാറ്റുന്നതിനും തകര്‍ന്ന വീടുകളില്‍നിന്ന് വീട്ടുപകരണങ്ങള്‍ വീണ്ടെടുക്കുന്നതിനുമുള്ള പ്രവൃത്തി ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ ഇന്ന് ആരംഭിക്കുമെന്നും തഹസില്‍ദാര്‍ അറിയിച്ചു.
താമരശ്ശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖിനെ കൂടാതെ പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍, വൈസ് പ്രസിഡന്റ് നിധിഷ് കല്ലുള്ളതോട്, ജിയോളജിസ്റ്റ് പി. മോഹനന്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.സി തോമസ്, മദാരി ജുബൈരിയ, ഡെപ്യൂട്ടി തഹസില്‍ദാര്‍ ജുബീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."