ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ പറയുന്നു; കാരണം അനധികൃത നിര്‍മാണങ്ങള്‍
താമരശേരി: കഴിഞ്ഞ 17 വര്‍ഷത്തിനിടെ പലപ്പോഴായി ഇത്തവണ പെയ്തതിനേക്കാള്‍ ശക്തമായ മഴ പെയ്തിട്ടും കരിഞ്ചോലമലയിലെ ഒരു പാറപോലും അടര്‍ന്നുവീണിരുന്നില്ല. മലയില്‍ ഈയിടെ നടന്ന അനധികൃത നിര്‍മാണങ്ങളാണ് അവരുടെ ഉറ്റവരും വീടും കൃഷിയിടവും എല്ലാം ഒലിച്ചുപോയ ഉരുള്‍പൊട്ടലിനു കാരണമെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു. മലയില്‍ അനധികൃത നിര്‍മാണം നടത്തിയതിന്റെ തെളിവായി ഉരുള്‍പൊട്ടലില്‍ ഒലിച്ചെത്തിയ വലിയ കംപ്രസറിന്റെ ഭാഗങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പ്രദേശവാസി ഇതുപറഞ്ഞത്.
നിരവധി മലകളും ക്വാറികളും ക്രഷര്‍ യൂനിറ്റുകളുമെല്ലാമുള്ള മലയോര പ്രദേശമാണ് കട്ടിപ്പാറ. ഒപ്പം നിരവധി കൃഷിഭൂമികളുള്ള കാര്‍ഷിക പ്രദേശവും. പതിനാല് പേരുടെ മരണത്തിനിടയാക്കിയ കരിഞ്ചോല മലയും അതിലൊന്നായിരുന്നു. ഒരുമലയോടനുബന്ധിച്ച് തൊട്ടടുത്തായി വലിയ പാറക്കെട്ടുകള്‍ നിറഞ്ഞ വലിയ മല. കരിഞ്ചോല മലയുടെ പകുതിഭാഗത്ത് നിന്നാണ് ഇപ്പോള്‍ ഉരുള്‍ പൊട്ടിയിരിക്കുന്നത്. ഇവിടെ അനധികൃത ഖനനം നടന്നിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടത്തെ 60 ഏക്കര്‍ മല മലപ്പുറം ജില്ലക്കാരായ ചിലര്‍ വാങ്ങിയിരുന്നു. ഇതിന്റെ രജിസ്‌ട്രേഷന്‍ നടപടി ക്രമങ്ങള്‍ പുരോഗമിക്കവെയാണ് ദുരന്തം ഒരു പ്രദേശത്തെ വേട്ടയാടിയത്.
ഇത്തവണ പെയ്തതിനേക്കാള്‍ ശക്തമായ മഴ കരിഞ്ചോലയില്‍ കഴിഞ്ഞുപോയപ്പോഴൊന്നും ഇവിടുത്തെ ഒരു പാറക്കല്ലുപോലും ഇളകി താഴേക്ക് പതിച്ചിരുന്നില്ല.ഭൂമാഫിയ മലയില്‍ കൈവച്ചതോടെയാണ് ഒടുവില്‍ ഒരുമലതന്നെ ക്ഷോഭിച്ചത്.അതില്‍ ഇരകളാക്കപ്പെട്ടവരാകട്ടെ പാവം സാധാരണക്കാരും.
കരിഞ്ചോല മലയുടെ താഴ്ഭാഗം വരെ പഞ്ചായത്ത് വക ടാറിട്ട റോഡുണ്ട്. അവിടുന്നങ്ങോട്ട് മലയുടെ മുകളിലേക്ക് റോഡ് വെട്ടിയത് ഈ അടുത്ത കാലത്താണ്. ജൈവ കൃഷിയോടൊപ്പം ഇക്കോ ടൂറിസവും പ്രദേശത്ത് ആരംഭിക്കുന്നു എന്ന് പ്രദേശവാസികളെ തെറ്റിദ്ധരിപ്പിച്ചാണ് ഇവിടെ നിര്‍മാണ പ്രവര്‍ത്തികള്‍ തുടങ്ങിയത്. അതീവ രഹസ്യ സ്വഭാവത്തിലുള്ള നിര്‍മാണ പ്രവര്‍ത്തിയായിരുന്നു പിന്നീടങ്ങോട്ട് നടന്നത്.
മരങ്ങള്‍ മുറിക്കുകയും പാറകള്‍ പൊട്ടിച്ചു മാറ്റുകയും ചെയ്തതോടെയാണ് നാട്ടുകാരില്‍ സംശയം ജനിച്ചത്. അപ്പോഴേക്കും 40 ലക്ഷം ലിറ്റര്‍ ജലം സംഭരിക്കാന്‍ കഴിവുള്ള വന്‍ ജലസംഭരണിയും, ഒപ്പം വലിയും കുഴിയും ഇവര്‍ കുന്നിന്‍മുകളില്‍ തീര്‍ത്ത് കഴിഞ്ഞിരുന്നു. ശബ്ദമലിനീകരണമുണ്ടാകാത്ത രീതിയിലുള്ള അത്യാധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്.
ഉരുള്‍ പൊട്ടലില്‍ ഒരു കംപ്രസറിന്റെ ഭാഗങ്ങള്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയിരുന്നു. ഇത് മലയില്‍ പാറ പൊട്ടിക്കാന്‍ ഉപയോഗിച്ചതായിരുന്നെന്ന് പ്രദേശവാസി സുപ്രഭാതത്തോട് പറഞ്ഞു.
ഉരുള്‍പൊട്ടിയപ്പോള്‍ ജലസംഭരണിക്കായി കുഴിച്ച കുഴിയില്‍ നിന്നെടുത്ത മണ്ണും ഒരുഭാഗത്ത് കൂട്ടിയിട്ടിരുന്നു. ഈ മണ്ണും ഉരുള്‍പൊട്ടലില്‍ ഒലിച്ചിറങ്ങിയത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിക്കുവാന്‍ ഇടവരുത്തിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ജനുവരി മുതലാണ് മലമുകളില്‍ നിര്‍മാണ പ്രവര്‍ത്തിയും ഖനനവും ആരംഭിച്ചത്. പാറക്കല്ലുകള്‍ പൊട്ടിച്ചുമാറ്റല്‍ തുടര്‍ന്നതോടെ പരിസരവാസി രണ്ടുമാസം മുന്‍പ് ഖനനം നടത്തുന്ന സ്ഥലത്തെത്തി പ്രവൃത്തി നിര്‍ത്തിവയ്ക്കണമെന്നും ഇെല്ലങ്കില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തുമെന്നും പറഞ്ഞതിനെ തുടര്‍ന്ന് കുറച്ച് ദിവസത്തേക്ക് നിര്‍മാണം നിര്‍ത്തിവച്ചിരുന്നു.
എന്നാല്‍ വീണ്ടും ഖനനം തുടര്‍ന്നു. തുടര്‍ച്ചയായി ശക്തമായ മഴ ആരംഭിക്കുന്നത് വരെ ഇത് തുടരുന്നതായും ഇദ്ദേഹം പറഞ്ഞു. താന്‍ പ്രദേശത്ത് ചെന്നപ്പോള്‍ നാല് പാറപൊട്ടിക്കുന്ന കംപ്രസറുകള്‍ കണ്ടിരുന്നതായും ഇദ്ദേഹം വെളിപ്പെടുത്തി.
കരിഞ്ചോലമല മാത്രമല്ല പഞ്ചായത്തിലെ പല മലകളിലും ഇത്തരം ഖനനങ്ങള്‍ തുടരുന്നുണ്ട്. ഇത്തരം ഖനനം നടത്തണമെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയോ ജില്ലാ ഭരണകൂടത്തിന്റേയോ അനുമതിയോ അറിവോ ഉണ്ടായിരിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഇത് തന്നെയാണ് നാട്ടുകാരുടെ സംശയത്തിന് ഇടം നല്‍കുന്നതും. ഒടുവില്‍ ദുരന്തം നടന്നപ്പോള്‍ മണ്ണിനടിയില്‍പ്പെട്ടവര്‍ക്കായി മലയിറങ്ങി തിരച്ചില്‍ നടത്തിയതും ആ മണ്ണുമാന്തി യന്ത്രമാണ്. ആരുടെ മൗനസമ്മതത്തോടെയാണ് ഇവ മലയിലെത്തിയതെന്നുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇപ്പോഴും ദുരൂഹമാണ്. ആ സത്യവും മണ്ണിനടിയിലാകില്ലെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."