പൊലിസുകാര്‍ക്ക് പ്രത്യേക അലവന്‍സിന് ഡി.ജി.പിയുടെ ശുപാര്‍ശ; ഉള്ളത് വെട്ടിക്കുറച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവര്‍ത്തന രംഗത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം രാപകല്‍ ജോലി ചെയ്യുന്ന പൊലിസുകാര്‍ക്ക് പ്രത്യേക അലവന്‍സ് നല്‍കണമെന്ന് സംസ്ഥാന പൊലിസ് മേധാവി ശുപാര്‍ശ ചെയ്തിരിക്കെ ഉള്ള അലവന്‍സ് കൂടി സര്‍ക്കാര്‍ വെട്ടിക്കുറച്ചു.
പൊലിസ് സേനയുടെ ജോലിയുടെ സ്വഭാവം പരിഗണിച്ച് അനുവദിച്ച പ്രത്യേക അലവന്‍സുകള്‍ കൂടി ശമ്പളത്തിനൊപ്പം സര്‍ക്കാര്‍ കുറച്ചിരിക്കുകയാണ്. കൊവിഡ് പ്രതിരോധപ്രവര്‍ത്തന രംഗത്തുള്ള ആരോഗ്യപ്രവര്‍ത്തകരെയും പൊലിസുകാരെയും ശമ്പളം മാറ്റിവയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നെങ്കിലും ഒരു വിഭാഗത്തെ മാത്രമായി ഇതില്‍ നിന്ന് മാറ്റിനിര്‍ത്താനാവില്ലെന്നു പറഞ്ഞ് സര്‍ക്കാര്‍ ആവശ്യം തള്ളിയിരുന്നു. ലോക്ക് ഡൗണ്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 45 ദിവസത്തിലധികമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സേനാംഗങ്ങള്‍ക്ക് ഫീഡിങ് ചാര്‍ജ്, റിസ്‌ക് അലവന്‍സ് എന്നിവ നല്‍കാന്‍ 126 കോടി രൂപ അനുവദിക്കണമെന്ന് ഡി.ജി.പി ലോക് നാഥ് ബെഹ്‌റ അഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കഴിഞ്ഞ ദിവസം ശുപാര്‍ശ നല്‍കിയിരുന്നു.
തെരുവില്‍ അവധിയില്ലാതെ പ്രവര്‍ത്തിക്കുന്ന പൊലിസുകാര്‍ക്ക് 250 രൂപ ഫീഡിങ് ചാര്‍ജും 300 രൂപ റിസ്‌ക് അലവന്‍സും നിത്യേന അനുവദിക്കണമെന്നാണ് ശുപാര്‍ശ. പൊലിസ് സേനയില്‍ നിന്ന് കൊവിഡ് പ്രതിരോധ മേഖലയിലുള്ള 56,526 പേരില്‍ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍, ക്യാമ്പ് ഫോളോവേഴ്‌സ്, ടെക്‌നിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് ഫീഡിങ് ചാര്‍ജ് മാത്രം നല്‍കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതു ധനകാര്യ വകുപ്പിന്റെ പരിഗണനയില്‍ രാഷ്ട്രീയ തീരുമാനം കാത്തിരിക്കുകയാണ്. അപ്പോഴാണ് ഡേ ഒഫ് അലവന്‍സ് ഉള്‍പ്പെടെ കുറച്ചുകൊണ്ടുള്ള തീരുമാനം ശമ്പളം ലഭിച്ചതോടെ പൊലിസുകാര്‍ അറിയുന്നത്.
പൊലിസ് സേനയിലുള്ളവര്‍ക്ക് ശമ്പളത്തിന് പുറമെ എട്ട് അലവന്‍സുകള്‍ ജോലിയുടെ സ്വഭാവമനുസരിച്ച് നല്‍കാറുണ്ട്. ഏഴു ദിവസം തുടര്‍ച്ചയായി ജോലി ചെയ്താല്‍ ഒരു ദിവസം ഡേ ഓഫ് അലവന്‍സായി ലഭിക്കും. കൂടാതെ രാവും പകലുമില്ലാതെ കൂടുതല്‍ പ്രയാസമുള്ള ജോലിയില്‍ ഏര്‍പ്പെട്ടവര്‍ക്ക് ലഭിക്കുന്നതാണ് റിസ്‌ക് അലവന്‍സ്. ശമ്പളത്തിനൊപ്പം അധിക ജോലിക്കു ലഭിക്കുന്ന അലവന്‍സുകളും വെട്ടിക്കുറച്ചത് പൊലിസ് സേനയില്‍ വ്യാപകമായ അമര്‍ഷത്തിനു കാരണമായിട്ടുണ്ട്. ആറു ദിവസത്തെ ശമ്പളത്തിനൊപ്പം അലവന്‍സ് തുകയിലും 20 ശതമാനത്തോളം കുറവു വരുത്തിയിട്ടുണ്ട്. ഇത് തുടര്‍ന്ന് അഞ്ചു മാസം കൂടി ഉണ്ടാകുമെന്നത് പൊലിസുകാരില്‍ അമര്‍ഷം വര്‍ധിപ്പിക്കുന്നു. എന്നാല്‍ ഇതില്‍ പരസ്യമായി പ്രതിഷേധിക്കാന്‍ പൊലിസുകാര്‍ക്കാവില്ല. ഇതു സംബന്ധിച്ച് നിവേദനവുമായി പൊലിസ് അസോസിയേഷന്‍ സര്‍ക്കാരിനെ സമീപിക്കുക മാത്രമാണ് മാര്‍ഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."