തകര്‍ച്ചാ ഭീഷണിയില്‍ നാദാപുരം എ.എസ്.പി ഓഫിസ്
നാദാപുരം: തകര്‍ന്നു വീഴുന്നതും കാത്തുനില്‍ക്കുകയാണ് നാദാപുരത്തെ എ.എസ്.പി ഓഫിസ്. വിലപിടിച്ച ഫയലുകള്‍ സൂക്ഷിക്കുന്ന നാദാപുരം എ.എസ്.പി ഓഫിസിനാണ് ഈ ദുര്‍ഗതി. ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിച്ചതാണ് ഈ കെട്ടിടം. തുടക്കത്തില്‍ പൊലിസ് സ്റ്റേഷനായി പ്രവര്‍ത്തിച്ച കെട്ടിടം 2012ല്‍ ഡിവൈ.എസ്.പി ഓഫിസായി ഉയര്‍ത്തുകയായിരുന്നു.
ഓടുമേഞ്ഞ ഈ കെട്ടിടം കാലപ്പഴക്കം കാരണം ദ്രവിച്ചു അപകടാവസ്ഥയിലായിരിക്കുകയാണിപ്പോള്. രണ്ടു വര്‍ഷം മുന്‍പ് കനത്തമഴയില്‍ ഓടുകള്‍ തകര്‍ന്നു വെള്ളം അകത്തുകടന്നതോടെയാണ് കെട്ടിടം ടാര്‍പോളിന്‍ ഉപയോഗിച്ചു മൂടിയത്. എന്നാല്‍ കഴിഞ്ഞയാഴ്ചയുണ്ടായ കാറ്റില്‍ ഓഫിസിനു സമീപത്തെ മരം മുറിഞ്ഞ് കെട്ടിടത്തിനു മുകളില്‍ പതിച്ചതോടെ ഒരുഭാഗം പൂര്‍ണമായും തകര്‍ന്നു. ഇതേതുടര്‍ന്ന് ഓടുകള്‍ പുനഃസ്ഥാപിക്കാന്‍ കഴിയാതെ വന്നതോടെ വീണ്ടും ടാര്‍പോളിന്‍ കൊണ്ടു മറയ്ക്കുകയായിരുന്നു.
വര്‍ഷങ്ങളായി കേട്ടിടത്തിന്റെ ശോചനീയാവസ്ഥയെ സംബന്ധിച്ച് സര്‍ക്കാരിന് അപേക്ഷ നല്‍കാറുണ്ടെങ്കിലും അനുകൂലനിലപാട് ഇതുവരെ എടുത്തിട്ടില്ല. ഗൗരവമുള്ള ഫയലുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയാതെ ഓഫിസര്‍മാര്‍ പ്രയാസപ്പെടുകയാണ്. എടച്ചേരി, നാദാപുരം, വളയം, കുറ്റ്യാടി, തൊട്ടില്‍പ്പാലം, പേരാമ്പ്ര, സ്റ്റേഷന് അതിര്‍ത്തികളിലെ കേസുകള്‍ ഇവിടെയാണ് കൈകാര്യം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."