പാലോടിക്കുന്ന് മരപ്പാലം തകര്‍ന്നു; നാട്ടുകാര്‍ ഭീതിയില്‍
വടകര: ആയഞ്ചേരി, വേളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലോടിക്കുന്ന് പാലം അപകടാവസ്ഥയില്‍. രണ്ടു പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ മരപ്പാലം ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണുള്ളത്. കോള്‍നില വികസന പദ്ധതിയുടെ ഭാഗമായി വീതികൂട്ടിയ തോടിനു കുറുകെ മൂന്നു തെങ്ങിന്‍തടി ഉപയോഗിച്ചാണു പാലം പണിതിരിക്കുന്നത്.
തെങ്ങിന്‍തടികളെ കൂട്ടിച്ചേര്‍ത്ത പലകക്കഷ്ണങ്ങള്‍ നശിച്ചിട്ടുണ്ട്. നടുവിലെ തടി കയറ് ഉപയോഗിച്ചു കെട്ടിയിരിക്കുകയാണ്. കുത്തിനിര്‍ത്തിയിരിക്കുന്ന ടെലഫോണ്‍ തൂണുകള്‍ തകരുമെന്ന നിലയിലുമാണ്. മഴക്കാലത്തു തോട്ടില്‍ വെള്ളം നിറഞ്ഞതോടെ അപകടഭീഷണിയിലാണു നാട്ടുകാര്‍. പഞ്ചായത്ത് അധികൃതര്‍ മരപ്പാലം പുതുക്കിപ്പണിയാന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന പരാതിയാണു നാട്ടുകാര്‍ക്ക്.
ഇരു പഞ്ചായത്തുകളിലെയും വിവിധ സ്ഥലങ്ങളില്‍ എളുപ്പത്തില്‍ എത്തിച്ചേരാന്‍ സഹായിക്കുമെന്നതിനാല്‍ പാലത്തെ ആശ്രയിക്കുന്നവര്‍ ഏറെയാണ്. ആയഞ്ചേരിയില്‍ നിന്നും കാക്കുനി ഭാഗത്തു നിന്നും വാഹനം വഴി കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട അവസ്ഥയ്ക്കാണു പാലം വഴിയുള്ള യാത്ര ആശ്വാസമാകുന്നത്. ചീക്കിലോട് യു.പി സ്‌കൂളിലെ കുട്ടികളുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്കും പാലം വലിയ അനുഗ്രഹമാണ്. ആയഞ്ചേരി പഞ്ചായത്തിന്റെ സഹായത്തോടെ മൂന്നുതവണ പാലം പുതുക്കിപ്പണിതിരുന്നു. ഇവിടെ കോണ്‍ക്രീറ്റ് പാലം വരുമെന്നു പറഞ്ഞിരുന്നെങ്കിലും കോള്‍നില വികസന പദ്ധതി നിലച്ചതോടെ പാലം നിര്‍മാണവും അനിശ്ചിതത്വത്തിലായി. പഞ്ചായത്ത് അധികൃതര്‍ പാലം നവീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."