കൊവിഡ് മരണം അമേരിക്ക മുക്കാല്‍ ലക്ഷത്തിലേക്ക്
വാഷിങ്ടണ്‍: രാജ്യത്തു കൊവിഡ് കാരണമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാന്‍ മുറവിളി ഉയരുമ്പോഴും അമേരിക്കയില്‍ കൊവിഡ് ബാധിച്ചുള്ള മരണസംഖ്യ മുക്കാല്‍ ലക്ഷത്തിലേക്ക് അടുക്കുന്നു. 72,463 പേരാണ് ഇതുവരെ മരിച്ചിരിക്കുന്നത്. 12.40 ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്.
അതേസമയം, മരണസംഖ്യയില്‍ ബ്രിട്ടന് ലോകത്ത് രണ്ടാം സ്ഥാനത്തെത്തി. ഔദ്യോഗിക കണക്കനുസരിച്ച് 29,427 പേരാണ് ബ്രിട്ടനില്‍ ഇതുവരെ മരിച്ചിരിക്കുന്നത്. മരണസംഖ്യ മുപ്പതിനായിരം പിന്നിട്ടതായാണ് അനൗദ്യോഗിക കണക്കുകളില്‍ പറയുന്നത്.
ബ്രിട്ടനില്‍ 1.95 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്കയെ കൂടാതെ സ്പെയിന്, ഇറ്റലി എന്നിവിടങ്ങളിലാണ് രോഗികളുടെ എണ്ണം രണ്ടു ലക്ഷം പിന്നിട്ടിരിക്കുന്നത്. ഇറ്റലിയില്‍ 29,315 പേരും സ്പെയിനില്‍ 25,857 പേരും ഫ്രാന്‍സില്‍ 25,531 പേരും മരിച്ചു.
കൊവിഡ് ബാധിച്ച് ലോകത്താകെ 2,61,097 പേരാണ് മരിച്ചത്. 37.74 ലക്ഷം പേര്‍ക്കു രോഗം സ്ഥിരീകരിച്ചപ്പോള്‍ 12.73 ലക്ഷം പേര് രോഗവിമുക്തരായി. എന്നാല്‍, ലോകാരോഗ്യ സംഘടന നല്കുന്ന ഔദ്യോഗിക കണക്കുപ്രകാരം ലോകത്ത് 2,47,503 പേര് മരിക്കുകയും 35,88,773 പേര്‍ക്കു രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ബ്രിട്ടനു പുറമേ ഫ്രാന്‍സ്, റഷ്യ, ജര്‍മനി, തുര്‍ക്കി, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിനും രണ്ടു ലക്ഷത്തിനും ഇടയില്‍ നില്‍ക്കുന്നത്. ഇറാനില്‍ രോഗികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു.
ജര്‍മനിയില്‍ 6,993, റഷ്യയില്‍ 1,537, തുര്‍ക്കിയില്‍ 3,520, ബ്രസീലില്‍ 7,966, ഇറാനില്‍ 6,418, ചൈനയില്‍ 4,633, കാനഡയില്‍ 4,043, പെറുവില്‍ 1,444, ബെല്‍ജിയത്തില്‍ 8,339, നെതര്‍ലാന്‍ഡ്സില്‍ 5,204, ഇക്വഡോറില്‍ 1,569, സ്വിറ്റ്സര്‍ലാന്‍ഡില്‍ 1,795, മെക്സിക്കോയില്‍ 2,507, പോര്‍ച്ചുഗലില്‍ 1,089, സ്വീഡനില്‍ 2,941, അയര്‍ലാന്‍ഡില്‍ 1,339 എന്നിങ്ങനെയാണ് മരണസംഖ്യ. ഇന്ത്യയെക്കൂടാതെ ഈ രാജ്യങ്ങളിലാണ് മരണസംഖ്യ ആയിരം പിന്നിട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."