അഴുക്കുവെള്ളവും പ്ലാസ്റ്റിക് മാലിന്യവും; മഞ്ചേരി നഗരം വീര്‍പ്പുമുട്ടുന്നു
മഞ്ചേരി: അഴുക്ക് വെള്ളവും പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞ് മഞ്ചേരി നഗരം വീര്‍പ്പുമുട്ടുന്നു. നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഇതാണ് അവസ്ഥ. മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തിന്റെ പ്രധാന പ്രവേശന കവാടത്തിനു സമീപം വ്യാപാര സ്ഥാപനങ്ങളില്‍നിന്നും മറ്റുംതള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ രോഗികള്‍ക്ക് കൂടി ഭീഷണിയാകും വിധം വര്‍ധിച്ചിരിക്കുകയാണ്. മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭാ ഭരണ സമിതിയും പ്രതിപക്ഷവും വിവിധ പദ്ധതികളുമായി മുന്നോട്ടുപോകുമ്പോഴാണ് നഗരമധ്യത്തിലെ ഈ ശുചിത്വമില്ലായ്മ.
മഴ ശക്തമായതോടെ ഓടകളിലെ അവശിഷ്ടങ്ങള്‍ മുഴുവനും വെള്ളം നിറഞ്ഞ് പൊതുനിരത്തിലൂടെ പരന്നൊഴുകുന്നതാണ് അഴുകിയ ജലം നിറയാന്‍ കാരണമായത്. സീതിഹാജി ബസ്സ്റ്റാന്‍ഡ്, പഴയ ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ വലിയ കുഴികള്‍ രൂപപ്പെട്ടും മലിന ജലം കെട്ടിനില്‍ക്കുന്നുണ്ട്. ആയിരകണക്കിനു യാത്രക്കാരെത്തുന്ന മഞ്ചേരി നഗരത്തില്‍ ഇതുമൂലം പകര്‍ച്ചവ്യാധി ഭീഷണിയിലാണ്.
ബസ്സ്റ്റാന്‍ഡിനകത്തെ ഹോട്ടലുകളിലേയും ബേക്കറി കടകളിലേയും ഭക്ഷണാവശിഷ്ടങ്ങള്‍ നിറഞ്ഞ മലിന ജലം രാത്രി ഒന്‍പത് കഴിയുന്നതോടെ പൊതുസ്ഥലങ്ങളില്‍ തന്നെ ഒഴിച്ചുകളയുകയാണ്.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുനരുല്പാദനം വഴി ഉപയോഗയോഗ്യമാക്കിയുള്ള മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭ തുടക്കമിട്ടിരുന്നു. ഇതിനു വേണ്ടിയുള്ള യന്ത്രസാമഗ്രികള്‍ കഴിഞ്ഞ ഏതാനും ദിവസം മുന്‍പ് മഞ്ചേരിയില്‍ എത്തിച്ചെങ്കിലും ഇതു സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം കാരണം ശാസ്ത്രീയമായി മാലിന്യ സംസ്കരണം നടത്താന്‍ ഇനിയും സമയമെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."