ലോക്ക് ഡൗണ്‍ മറയില്‍ തൊഴിലാളികളെ പെരുവഴിയിലാക്കാന്‍ കംപനികള്‍
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ മറയാക്കി തൊഴിലാളികളെ പെരുവഴിയിലാക്കാന്‍ സ്വകാര്യ കംപനികള്‍. ലോക്ക് ഡൗണിന്റെ പേരില്‍ കംപനി നഷ്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് പല കംപനികളും തൊഴിലാളികളെ പിരിച്ചുവിടാന്‍ തുടങ്ങുന്നത്. ആനുകൂല്യങ്ങള്‍ നല്‍കാതെ നിര്‍ബന്ധിച്ച് രാജിക്കത്ത് എഴുതി വാങ്ങിയും ചില കംപനികള്‍ തൊഴിലാളികളെ കൗശലപൂര്‍വം ഒഴിവാക്കുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി തൊഴിലാളികളെ പിരിച്ചുവിടാനുള്ള സ്വകാര്യ കംപനികളുടെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലെ ടെക്‌സ്‌പോര്‍ട് എക്‌സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കംപനിയാണ് തൊഴിലാളികളില്‍ നിന്ന് രാജിക്കത്ത് എഴുതി വാങ്ങുന്നതായി പരാതി ഉയര്‍ന്നത്. കംപനി അധികൃതര്‍ തൊഴിലാളികളെ നിര്‍ബന്ധിച്ച് രാജി വയ്പ്പിക്കുന്നതായാണ് പരാതി. പരിമിതമായ കൂലിക്കു ജോലി എടുക്കുന്ന സ്ത്രീ തൊഴിലാളികളെയാണ് കംപനി മാനേജ്‌മെന്റ് ഭീഷണപ്പെടുത്തി രാജിക്കത്ത് എഴുതി വാങ്ങുന്നത്.
കംപനിയില്‍ വരുന്നവരെ പത്തു മിനിറ്റിനുള്ളില്‍ രാജികത്തു എഴുതി നല്‍കിയില്ലെങ്കില്‍ ആനുകൂല്യങ്ങള്‍ ഒന്നും നല്‍കില്ലെന്നും ഈ മാസം പതിനഞ്ചിനു ശേഷം കംപനി പൂര്‍ണമായും പൂട്ടുകയാണെന്നും ഭീഷണിപ്പെടുത്തിയാണ് രാജികത്ത് എഴുതി വാങ്ങുന്നത്.
ഫാക്ടറി പൂട്ടിപ്പോകുമ്പോള്‍ ലോക്ക് ഔട്ട് നിയമം അനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്കു നല്‍കാതിരിക്കുന്നതിനു വേണ്ടിയാണ് നിര്‍ബന്ധിച്ച് രാജിക്കത്ത് എഴുതി വാങ്ങുന്നത്. തൊഴില്‍ നിയമത്തില്‍ അജ്ഞരായ തൊഴിലാളികള്‍ ഭീഷണിക്കു വഴങ്ങുന്നതായാണ് വിവരം. ഫാക്ടറിക്കുള്ളിലുള്ള മെഷിനുകള്‍ എല്ലാം ഹൈദരാബാദിലേക്ക് അയക്കുന്നതിനായി പായ്ക്കുചെയ്തു വച്ചിരിക്കുകയാണ്. ബാക്കി ഉണ്ടായിരുന്ന തുണി കഴിഞ്ഞ ആഴ്ചയില്‍ തന്നെ ബംഗളൂരുവിലേക്ക് അയച്ചു. ബംഗളൂരു ആസ്ഥാനമായ കംപനിയുടെ ഒരു യൂനിറ്റാണ് പത്തു വര്‍ഷത്തിലധികമായി തിരുവനന്തപുരത്ത് കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നത്. ഇരുനൂറിലധികം അതിഥി തൊഴിലാളികള്‍ ഉള്‍പ്പടെ 1200 ഓളം തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഇത്. കിന്‍ഫ്ര ഹോസ്റ്റലില്‍ താമസിക്കുന്ന സ്ത്രീ തൊഴിലാളികളെയും നിര്‍ബന്ധിച്ച് തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
കംപനിയുടെ തലപ്പത്തുള്ള തര്‍ക്കമാണ് തിരുവനന്തപുരത്തെ യൂനിറ്റ് ഹൈദരാബാദിനടുത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."