യന്ത്രത്തകരാര്‍ മൂലം എയര്‍ ഇന്ത്യയുടെ റിയാദ് - കൊച്ചി വിമാനം വൈകി
ജിദ്ദ: യന്ത്രത്തകരാര്‍ മൂലം റിയാദില്‍ നിന്നുള്ള എയര്‍ ഇന്ത്യ കൊച്ചി വിമാനം മൂന്നു മണിക്കൂര്‍ വൈകി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.50ന് പുറപ്പെടേണ്ടിയിരുന്ന എ.ഐ 924 വിമാനമാണ് വൈകീട്ട് 7.30ന് പറന്നത്. വിമാനത്തില്‍ പോവാന്‍ ഉച്ചയ്ക്ക് മുമ്പ് തന്നെ റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തില്‍ എത്തിയ 142 യാത്രക്കാര്‍ക്കും ഉച്ചഭക്ഷണമടക്കമുള്ള എല്ലാ സൗകര്യങ്ങളും എയര്‍ ഇന്ത്യ റിയാദ് അധികൃതര്‍ ഒരുക്കി. നേരിട്ട് കൊച്ചിയിലേക്കുള്ള വിമാനത്തില്‍ പോവാന്‍ നിരവധി കുടുംബങ്ങളും യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്നു.
ബോര്‍ഡിങ് പാസ് കിട്ടിയ ശേഷമാണ് വിമാനം വൈകുമെന്ന വിവരം യാത്രക്കാര്‍ അറിഞ്ഞത്. യന്ത്രതകരാറാണ് വൈകാന്‍ കാരണമെന്ന് എയര്‍ ഇന്ത്യ റിയാദ് എയര്‍പോര്‍ട്ട് ഡ്യൂട്ടി മാനേജര്‍ സിറാജുദ്ദീന്‍ പരപ്പനങ്ങാടി പറഞ്ഞു. മുംബൈയില്‍ നിന്ന് വരുന്ന വിമാനമാണ് കൊച്ചിയിലേക്ക് പോവേണ്ടത്. കൃത്യസമയത്ത് തന്നെ മുംബൈയില്‍ നിന്ന് വിമാനം പുറപ്പെട്ടിരുന്നു. എന്നാല്‍ 25 മിനുട്ടിന് ശേഷം എന്‍ജിന്‍ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ തിരിച്ചിറക്കുകയായിരുന്നു.
തകരാര്‍ പരിഹരിച്ച് വൈകീട്ട് 6.30 ഓടെ റിയാദിലെത്തിയ വിമാനം പിന്നീട് 7.30 ഓടെ ആണ് റിയാദില്‍ നിന്ന് പുറപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."